file photo

സന്നിധാനത്ത് പൊലീസുകാർക്ക് ഡ്രസ് കോഡ് നിർബന്ധം

പത്തനംതിട്ട: സന്നിധാനത്ത് പൊലീസുകാര്‍ക്ക് ഡ്രസ് കോഡ് നിര്‍ബന്ധമാക്കി. 18ാം പടിക്ക് താഴെ ജോലിചെയ്യുന്നവര്‍ക്കാണ് കാക്കി യൂണിഫോം, തൊപ്പി, ബെൽറ്റ്​, ഷൂസ്​, ഷീൽഡ്, ലാത്തി എന്നിവ നിര്‍ബന്ധമാക്കിയത്.

അതേസമയം, ശബരിമലയിലയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. പരമ്പരാഗത കാനന പാതയായ അഴുതയിലൂടെ വരുന്ന അയ്യപ്പഭക്തര്‍ക്ക് പൊലീസ് പ്രവേശന പാസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പേരു വിവരങ്ങള്‍ രേഖപ്പെടുത്തി മാത്രമേ ഈ വഴിയിലൂടെ പ്രവേശനം അനുവദിക്കുകയുള്ളൂ. ആദ്യമായാണ് ഇവിടെ ഇത്തരം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഭക്തരുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് നടപടിയെന്ന്​ പൊലീസ് അറിയിച്ചു.

ആകെ 15,259 പൊലീസ് ഉദ്യോഗസ്ഥരെയാണ് തീർഥാടനകാലത്ത് ശബരിമലയിലും പരിസരത്തുമായി നിയോഗിച്ചിട്ടുള്ളത്. ഡിഐജിയും അഡീഷണൽ ഡിജിപിയും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ കൂടാതെയാണിത്. നാലു ഘട്ടങ്ങളുള്ള ഈ സീസണിൽ എസ‌്‌പി‌, എഎ‌സ‌്പി തലത്തിൽ ആകെ 55 ഉദ്യോഗസ്ഥർ സുരക്ഷാചുമതലകൾക്കായി ഉണ്ടാകും. ഡിവൈഎ‌സ‌്‌പി തലത്തിൽ 113 പേരും ഇൻസ്‌പെക്ടർ തലത്തിൽ 359 പേരും എസ്ഐ തലത്തിൽ 1,450 പേരുമാണ് ഇക്കാലയളവിൽ ഡ്യൂട്ടിയിൽ ഉണ്ടാകുക. 12,562 സീനിയർ സിവിൽ പൊലീസ് ഓഫീസർ, സിവിൽ പൊലീസ് ഓഫീസർ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ വനിത സിഐ, എസ്ഐ തലത്തിലുളള 60 പേരും 860 വനിതാ സീനിയർ സിവിൽ ‌പൊലീസ് ഓഫീസർ/ സിവിൽ പൊലീസ് ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്.

ശബരിമല മേഖലയിൽ നിരോധനാജ്ഞ നിലവിൽ വന്നിരിക്കുകയാണ്. നവംബര്‍ 15ന് അര്‍ധരാത്രി മുതല്‍ 22ന് അര്‍ധരാത്രിവരെയാണ്​ ഇലവുങ്കല്‍ മുതല്‍ സന്നിധാനംവരെയുള്ള എല്ലാ പ്രദേശങ്ങളിലും നിരോധനാജ്ഞ ഏർപ്പെടുത്തി ജില്ല മജിസ്‌ട്രേറ്റും ജില്ല കലക്ടറുമായ പി.ബി. നൂഹ് ഉത്തരവായത്​. ഇൗ മേഖലയിലെ മുഴുവന്‍ റോഡുകളിലും ഉപറോഡുകളിലും അന്യായമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്​. ഇലവുങ്കല്‍ മുതല്‍ സന്നിധാനംവരെ പ്രാര്‍ഥനയജ്ഞങ്ങള്‍, മാര്‍ച്ച്, മറ്റ് നിയമവിരുദ്ധ ഒത്തുകൂടലുകള്‍ എന്നിവയും അനുവദിക്കില്ല.

Tags:    
News Summary - Sabarimala police Dress Code-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.