പത്തനംതിട്ട: ശബരിമലയിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള ഹൈകോടതി വിധി നടപ്പാക്കൽ ദുഷ്കരമാകും. ഇരുമുടിക്കെട്ട് അഴിച്ച് പരിശോധിക്കുന്നത് ആചാര വിരുദ്ധമാണെന്നതാണ് പ്രധാന പ്രതിസന്ധി. ഒരേസമയം, ആയിരക്കണക്കിന് തീർഥാടകർ ഒഴുകിയെത്തുന്ന സ്ഥലത്ത് വഴിപാട് നിക്ഷേപ കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് പാക്കറ്റുകൾ ഇടുന്നത് തടയുക പ്രായോഗികമാവില്ല. ഇരുമുടിക്കെട്ടിൽ നിറക്കുന്ന പനിനീര്, കർപ്പൂരം, മഞ്ഞൾപ്പൊടി, അവൽ, മലർ എന്നിവ ചെറിയ പ്ലാസ്റ്റിക് കവറുകളിൽ പാക്ക് ചെയ്താണ് വരുന്നത്. ഇവ പേപ്പർ കവറുകളിൽ നിറച്ചാൽ മേന്മ നഷ്ടപ്പെടുകയും നശിക്കുകയും ചെയ്യും. കർപ്പൂരം പേപ്പർ കവറിലാക്കിയാൽ അലിഞ്ഞുേപാകും. പനിനീര് ചില്ല് കുപ്പികളിലാക്കിയാൽ സന്നിധാനം കുപ്പികൾകൊണ്ട് നിറയും.
കുപ്പികൾ ഉടഞ്ഞ് ചിതറി തീർഥാടകർക് വഴിനടക്കാനാകാത്ത സ്ഥിതിക്കും വഴിതെളിക്കും. ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന തീർഥാടകർ ഇരുമുടിക്കെട്ടുകളുമായി ദിവസങ്ങൾ യാത്ര ചെയ്തു വരുന്നവരാണ്. പേപ്പർ കവറുകളിൽ നിറച്ച അവൽ, മലർ, മഞ്ഞൾപ്പൊടി എന്നിവ ഇത്രയും ദിവസം ഇരുമുടിക്കെട്ടിൽ കേടുപറ്റാതെ ഇരിക്കുക അസാധ്യവുമാകും. പ്ലസ്റ്റിക് നിരോധനം വന്നതോടെ ശബരിമലയിൽ കുപ്പിവെള്ള വിൽപന നിലച്ചിരുന്നു. അപ്പോഴും പ്ലാസ്റ്റിക് കുപ്പികളിൽ വരുന്ന ഇതര പാനീയങ്ങളുടെ വിൽപന ചിലയിടങ്ങളിൽ നടന്നുവരുന്നുണ്ട്. ശബരിമലയിൽ പ്ലാസ്റ്റിക് നിരോധിച്ച് 2015 ഡിസംബർ ഒമ്പതിന് ഹൈകോടതി ഉത്തരവിട്ടിരുന്നുവെങ്കിലും അത് ഫലപ്രദമായി നടപ്പാക്കിയിരുന്നില്ല.
രണ്ടുമാസം മുമ്പ് ദേവസ്വം ബോർഡിെൻറ എല്ലാ ക്ഷേത്രങ്ങളിലും പ്ലാസ്റ്റിക് നിരോധിച്ച് ബോർഡ് ഉത്തരവിറക്കിയിരുന്നു. പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുക ബോധവത്കരണത്തിലൂടെേയ സാധ്യമാകൂ എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് കമീഷണർ എൻ. വാസു ‘മാധ്യമ’ത്തോട് പറഞ്ഞു. അതിനായി ദക്ഷിണേന്ത്യൻ ഭാഷകളിലെ പത്രങ്ങളിലെല്ലാം പരസ്യം നൽകും. ശബരിമല തീർഥാടനത്തിനു മുന്നോടിയായി ദക്ഷിണേന്ത്യൻ ദേവസ്വം മന്ത്രിമാരുടെ യോഗം ചേരുന്നുണ്ട്. കാനന ക്ഷേത്രമായ ശബരിമലയിൽ പ്ലാസ്റ്റിക് മാലിന്യം വന്യജീവികൾക്കും വനമേഖലയിലെ ജൈവവ്യവസ്ഥക്കും കാര്യമായ ദോഷങ്ങൾ വരുത്തുന്നതിനാലാണ് പ്ലാസ്റ്റിക് നിരോധം വേണമെന്ന ആവശ്യമുയർന്നത്. ഒരു തീർഥാടനകാലത്ത് നൂറുകണക്കിന് കിലോ പ്ലാസ്റ്റിക് ഉൽപന്നങ്ങളാണ് വനമേഖലയിൽ തള്ളപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.