ശബരിമല നട 13 ന് വൈകീട്ട് തുറക്കും

പത്തനംതിട്ട: മീനമാസ പൂജകൾക്കും പൈങ്കുനി ഉത്രം മഹോൽസവത്തിനുമായി ശബരിമല ക്ഷേത്ര നട മാർച്ച് 13 ന്  വൈകീട്ട് അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്രമേൽശാന്തി പി.എൻ. മഹേഷ് നമ്പുതിരി ക്ഷേത്രശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും.

ശേഷം ഗണപതി, നാഗർ എന്നീ ഉപദേവതാ ക്ഷേത്ര നടകളും മേൽശാന്തി തുറന്ന് വിളക്കുകൾ തെളിക്കും. പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ മേൽശാന്തി അഗ്നി പകരുന്നതോടെ അയ്യപ്പ ഭക്തർ ശരണം വിളികളുമായി പതിനെട്ടു പടികൾ കയറി അയ്യപ്പ സ്വാമി ദർശനമാരംഭിക്കും. നട തുറന്ന ശേഷം അയ്യപ്പഭക്തർക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് വിഭൂതി പ്രസാദം വിതരണം ചെയ്യും.

മാളികപ്പുറം മേൽശാന്തി പി.ജി.മുരളി നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നട തുറന്ന് ദീപങ്ങൾ തെളിക്കും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെ ഇരു ക്ഷേത്രങ്ങളിലും ഉണ്ടാവില്ല. മീനം ഒന്നായ 14 ന് പുലർച്ചെ അഞ്ചിന് തിരുനട തുറക്കും. തുടർന്ന് നിർമാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും. 5.30 ന് ഗണപതി ഹോമം. രാവിലെ 5.30 മുതൽ ഏഴ് വരെയും ഒമ്പത് മുതൽ 11 വരെയും നെയ്യഭിഷേകം നടക്കും.

രാവിലെ 7.30 ന് ഉഷപൂജ തുടർന്ന് ഉദയാസ്തമയ പൂജ . 12.30 ന് ഉച്ചപൂജ കഴിഞ്ഞ് ഒന്നിന് നട അടക്കും. ശബരിമല ക്ഷേത്രത്തിലെ ഈ വർഷത്തെ പൈങ്കുനി ഉത്രം ഉൽസവത്തിന് 16 ന് രാവിലെ കൊടിയേറും. രാവിലെ 8.30 നും ഒമ്പതിനും മധ്യേയുള്ള മുഹൂർത്തത്തിലാണ് കൊടിയേറ്റ്. ഉൽസവ ദിവസങ്ങളിൽ ഉൽസവബലിയും ഉൽസവബലിദർശനവും ആനപ്പുറത്ത് എഴുന്നെള്ളിപ്പും ഉണ്ടാകും. 24 ന് രാത്രി ആണ് പള്ളിവേട്ട. ശരം കുത്തിയിലാണ് പള്ളിവേട്ട നടക്കുക.

25 ന് രാവിലെ ഒമ്പതിന് ആറാട്ട് പുറപ്പാട്. ഉച്ചക്ക് 11.30 മണിയോടെ പമ്പയിൽ തിരു ആറാട്ട് നടക്കും. അന്ന് രാത്രി കൊടിയിറക്കി മറ്റ് പൂജകൾ പൂർത്തിയാക്കി ശ്രീകോവിൽ നട അടക്കും. ഉൽസവത്തോടനുബന്ധിച്ച് ശബരിമല സന്നിധാനത്തെ സ്റ്റേജിൽ വിവിധ കലാപരിപാടികളും അരങ്ങേറും.

Tags:    
News Summary - Sabarimala Nata will be opened on 13th in the evening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.