തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചയിൽ നടന്നത് കൊടുംചതി. ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ബോർഡിനെ ചതിച്ച് അന്യായ ലാഭമുണ്ടാക്കാൻ ശ്രമിച്ചെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തൽ. സ്വർണപ്പാളി ചെമ്പ് പാളിയാക്കാൻ കൂട്ടുനിന്നത് ദേവസ്വം ഉദ്യോഗസ്ഥരും. സ്വർണക്കവർച്ചയിൽ ദുരൂഹത വ്യക്തമാക്കുന്ന വിവരങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് ഹൈകോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലുള്ളത്. ദേവസ്വം ബോര്‍ഡിലെ ഉന്നതരിലേക്ക് സംശയം നീളുന്നതാണ് ഈ റിപ്പോര്‍ട്ട്. സംഭവത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് വിജിലൻസ് സംഘത്തിന്റെ ശിപാർശ.
ദ്വാരപാലക ശിൽപ പാളികൾ ഉണ്ണികൃഷ്ണൻ പോറ്റി പുറത്തുകൊണ്ടുപോയത് ട്രാവൻകൂർ ദേവസ്വം മാനുവലിന് എതിരായാണ്. രണ്ടുകിലോ സ്വർണം തട്ടിയെടുക്കാനാണ് ഉണ്ണികൃഷ്ണൻ പോറ്റി ലക്ഷ്യമിട്ടത്. 2019ലെ ബോർഡ് അധികാരികളുടെ പ്രേരണയോ സമ്മർദമോ നിർദേശമോ ഉണ്ടോയെന്ന് സംശയമുണ്ട്. സംഭവത്തിൽ വീഴ്ചയുണ്ടായെന്നും ബോർഡിനെതിരെ തുടർനടപടി വേണമെന്നും വിജിലൻസ് എസ്.പി സുനിൽകുമാർ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ മുരാരി ബാബു അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെയും രൂക്ഷ വിമർശനമുണ്ട്.ശബരിമല ശ്രീകോവിലിന് സമീപമുള്ള ദ്വാരപാലക ശിൽപങ്ങളിലും തെക്കു-വടക്ക് മൂലകളിലും ഘടിപ്പിച്ച സ്വർണം പൊതിഞ്ഞ ചെമ്പ് തകിടുകൾ കൈവശപ്പെടുത്തി ലാഭം ഉണ്ടാക്കാനാണ് ഉണ്ണികൃഷ്ണൻ പോറ്റി ശ്രമിച്ചത്.
ഇവയുടെ ആകെ തൂക്കം 2064.19 ഗ്രാം (ഏകദേശം 258 പവൻ) ആയിരുന്നു. 2019 ജൂലൈ 19, 20 തീയതികളിൽ അർധരാത്രിയിലാണ് ദേവസ്വം അധികൃതർ ഈ തകിടുകൾ ഇളക്കിയെടുത്ത് ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപിച്ചത്. ശബരിമലയിൽനിന്ന് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷനിലേക്ക് കൊണ്ടുപോകുന്നുവെന്ന് പറഞ്ഞ തകിടുകൾ ഉണ്ണികൃഷ്ണൻ പോറ്റി ബംഗളൂരൂ, ഹൈദരാബാദ് എന്നിവിടങ്ങളിലെത്തിച്ചു. ശേഷം ആഗസ്റ്റ് 29നാണ് ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചത്. ചെന്നൈയിൽ വെച്ച് 394.900 ഗ്രാം സ്വർണം മാത്രമാണ് പൂശിയത്. ബാക്കി സ്വർണം കൈവശപ്പെടുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഏറെ മൂല്യമുള്ള പരിപാവനമായ ദ്വാരപാലക ശിൽപങ്ങളും തകിടുകളും ചെന്നൈ, ബംഗളൂരൂ, കേരളം എന്നിവിടങ്ങളിലെ പല വീടുകളിലും ക്ഷേത്രങ്ങളിലും സുരക്ഷയില്ലാതെ കൊണ്ടുചെന്ന് പൂജ നടത്തി ലാഭമുണ്ടാക്കി. ഉണ്ണികൃഷ്ണൻ പോറ്റി ബംഗളൂരു സ്വദേശിയായ വലിയ ഭക്തനാണെന്ന് 2019 മുതലുള്ള ദേവസ്വം ബോർഡ് രേഖകളിൽ ഉണ്ടെങ്കിലും ഇദ്ദേഹം ഇടനിലക്കാരനായാണ് പ്രവർത്തിച്ചത്. ഉദ്യോഗസ്ഥരും ഉണ്ണികൃഷ്ണൻ പോറ്റിയും മാത്രം അറിഞ്ഞ് ശബരിമലയിലെ സ്വർണം കടത്താനാവില്ല.
ഇതോടെ 2019ൽ എ. പത്മകുമാർ പ്രസിഡന്റായ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയും പ്രതിക്കൂട്ടിലാകും. ദ്വാരപാലക ശിൽപത്തിന്റെ പാളി ഇത്തവണ ചെന്നൈയിലേക്ക് കൊണ്ടുപോയപ്പോൾ ഹൈകോടതിയിൽനിന്ന് അനുമതി വാങ്ങാത്തതിലും സ്പെഷൽ കമീഷണറെ അറിയിക്കാത്തതിലും നിലവിലെ ഭരണസമിതിക്കും വീഴ്ച സംഭവിച്ചു. എന്നാൽ, ആ ഉത്തരവിനെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് അറിവില്ലാത്തതിനാലാണ് അങ്ങനെ സംഭവിച്ചതെന്നാണ് റിപ്പോർട്ടിലുള്ളത്.
ഇത്തവണ ശിൽപങ്ങൾ ഒറ്റക്ക് ചെന്നൈയിലേക്ക് കൊണ്ടുപോകാനുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ ശ്രമം പരാജയപ്പെടുത്തിയത് തിരുവാഭരണ കമീഷണറുടെ ഇടപെടലാണ്. പോറ്റിയുടെ കൈവശം കൊടുത്തുവിടാൻ കമീഷണർ റെജിലാൽ സമ്മതിച്ചില്ല. ഉണ്ണികൃഷ്ണൻ പോറ്റി ജീവനക്കാർ കൂടെ വന്നാൽ ചെലവ് വഹിക്കില്ലെന്ന് അറിയിച്ചപ്പോൾ ദേവസ്വം ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നേരിട്ട് എത്തിക്കുകയായിരുന്നു.
തിരുവനന്തപുരം: ദ്വാരപാലക ശിൽപത്തിലുള്ളത് ചെമ്പല്ല സ്വർണപ്പാളിയെന്ന് രേഖപ്പെടുത്തി വിയോജനക്കുറിപ്പ് എഴുതിയ തന്ത്രി കണ്ഠര് രാജീവരെയും ഉദ്യോഗസ്ഥർ കബളിപ്പിച്ചതായി കണ്ടെത്തൽ. സ്വർണപ്പാളിയാണ് ഉള്ളതെന്നും ചെമ്പല്ലെന്നും വ്യക്തമാക്കി 19.07.2019ലെ മഹസറിൽ തന്ത്രി വിയോജനക്കുറിപ്പ് രേഖപ്പെടുത്തി ഒപ്പിട്ടിരുന്നു. അടുത്ത ദിവസത്തെ അനുമതി പത്രത്തിൽ തന്ത്രിയുടെ പേര് മാത്രമേയുള്ളൂ, ഒപ്പ് ഉണ്ടായിരുന്നില്ല. ഇത് ദേവസ്വം ഉദ്യോഗസ്ഥർ ബോധപൂർവം ചെയ്തതാണെന്നാണ് വിജിലൻസ് കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.