തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവില്ലെന്ന് സി.പി.എം നേതൃത്വം വിലയിരുത്തുമ്പോഴും പാർട്ടിയിലെ വലിയൊരു വിഭാഗം ആശങ്കയിൽ തന്നെ. കേസിൽ റിമാൻഡിലുള്ള പത്തനംതിട്ട ജില്ല കമ്മിറ്റി അംഗവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റുമായ എ. പത്മകുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച്, സ്വർണക്കൊള്ളയിലെ പാർട്ടി നിലപാട് ‘ക്രിസ്റ്റൽ ക്ലിയറാക്കാത്തതിലെ’ അതൃപ്തിയാണ് ഇക്കൂട്ടർ പങ്കുവെക്കുന്നത്. അറസ്റ്റിലായ മറ്റുള്ളവരാരും നിലവിൽ പാർട്ടിയുടെ ഒരുഘടകത്തിലുമില്ല.
വലിയൊരു ജനവിഭാഗത്തിന്‍റെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തിൽ, അറസ്റ്റിലായ നേതാവിനെ സംരക്ഷിക്കുന്ന നിലപാട് മധ്യകേരളത്തിലെ പല തദ്ദേശ സ്ഥാപനങ്ങളുടെയും ഭരണം നഷ്ടപ്പെടുത്തും. സംസ്ഥാന തലത്തിൽ യു.ഡി.എഫ് മുന്നേറ്റം പ്രതീക്ഷിക്കുന്നത് ശബരിമല ഉൾക്കൊള്ളുന്ന, ശബരിമല സമര കാലത്ത് പതിനായിരങ്ങൾ തെരുവിലിറങ്ങിയ മധ്യകേരളമാണെന്നും ഇക്കൂട്ടർ ഓർമിപ്പിക്കുന്നു. പാർട്ടി ഭരിക്കുമ്പോഴുള്ള പൊലീസ് അറസ്റ്റിനെ ‘അന്യായ’മായി കാണാനാവില്ലെന്നിരിക്കെ, കോടതി ശിക്ഷ വിധിക്കുംവരെ പത്മകുമാറിനെ തള്ളിപ്പറയില്ലെന്ന നേതൃത്വത്തിന്‍റെ നിലപാട് അണികളടക്കം ചോദ്യം ചെയ്യുന്നുണ്ട്.
ആരോപണ പശ്ചാത്തലത്തിൽ സസ്പെൻഡ് ചെയ്താൽ പോലും കോടതി കുറ്റവിമുക്തനാക്കിയാൽ അദ്ദേഹത്തെ തിരിച്ചെടുക്കാവുന്നതേയുള്ളൂ. അതിനാൽ തെരഞ്ഞെടുപ്പ് മുൻനിർത്തി നടപടി വേണമെന്നാണ് ഇവരുടെ വാദം.
അതേസമയം, പത്മകുമാറിനെ പുറത്താക്കിയാൽ സ്വർണക്കൊള്ളയുടെ രാഷ്ട്രീയ ഉത്തരവാദിത്തം പാർട്ടി ഏറ്റെടുക്കുന്ന നില കൈവരുമെന്നാണ് നേതൃത്വത്തിന്‍റെ പക്ഷം. കൊല്ലം സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കാത്തതോടെ പരസ്യ വിമർശനമുന്നയിച്ചതിനാൽ ജില്ല സെക്രട്ടേറിയറ്റിൽനിന്ന് ജില്ല കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ട പത്മകുമാർ നേതൃത്വവുമായി നല്ല സ്വരത്തിലല്ല. സർക്കാറിനെയും പാർട്ടിയെയും വെട്ടിലാക്കുന്ന മൊഴി അദ്ദേഹം അന്വേഷണ സംഘത്തിന് നൽകുമോ എന്ന ആശങ്കയും പാർട്ടിക്കുണ്ട്.
കവർച്ചക്കപ്പുറം വിശ്വാസി സമൂഹത്തിന്‍റെ രോഷം ആളിക്കത്തിക്കുന്ന പ്രശ്നമാണിത്, മുൻ ദേവസ്വം മന്ത്രിയും സംസ്ഥാന കമ്മിറ്റി അംഗവുമായ കടകംപള്ളി സുരേന്ദ്രൻ ആരോപണ നിഴലിലാണ്, തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുകയാണ്, ഹൈകോടതി മേൽനോട്ടത്തിലാണ് അന്വേഷണം എന്നതെല്ലാം പാർട്ടി ഗൗരവത്തിലാണ് കാണുന്നത്.
കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടാവാം പാർട്ടി നടപടി എന്നതാണ് നിലപാടെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവർത്തിച്ച് വ്യക്തമാക്കിയത്. അതിനിടെ ശബരിമലയിലെ സ്വർണം കക്കുക മാത്രമല്ല കള്ളനെ സംരക്ഷിക്കുകയാണ് സി.പി.എം എന്ന നിലയിലേക്ക് യു.ഡി.എഫും ബി.ജെ.പിയും സ്വർണക്കൊള്ളയിലെ പ്രചാരണത്തിന് മൂർച്ച കൂട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.