തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമീഷണറുമായ എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യംചെയ്യും. ശ്രീകോവിലിന്റെ കട്ടിളപ്പാളിയിലെ സ്വര്‍ണം മോഷ്ടിച്ച കേസിൽ മൂന്നാം പ്രതിയായ വാസുവിന് ഉടൻ ഹാജാരാവാനാവശ്യപ്പെട്ട് നോട്ടിസ് നല്കി. കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദമായ ചോദ്യം ചെയ്യലിനാണ് നോട്ടിസ് നൽകിയത്.
നേരത്തെ ഈ കേസിൽ ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു. അറസ്റ്റും ഉണ്ടായേക്കുമെന്നാണ് സൂചന. വാസു ദേവസ്വം കമീഷണറായിരുന്ന സമയത്ത് സ്വർണം ചെമ്പായി രേഖപ്പെടുത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതിനകം സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് സുധീഷ് കുമാർ, മുൻ തിരുവാഭരണം കമീഷണർ കെ.എസ്. ബൈജു എന്നിവരാണ് അറസ്റ്റിലായത്.
കേസിലെ പ്രതികളുടെ മുൻകാല പ്രവർത്തനങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിദേശയാത്രകളുടെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്. അതിനിടെ പേരൂർക്കട വ്യാജ മോഷണക്കേസിൽ വീട്ടുജോലിക്കാരിയായ ദലിത് യുവതി ബിന്ദുവിനെ കുടുക്കാൻ ലോക്കൽ പൊലീസ് ശ്രമിച്ചതിനെ തുടർന്ന് ആരോപണം നേരിട്ട എസ്.എച്ച്.ഒ ശിവകുമാറിനെ ആക്ഷേപത്തെ തുടർന്ന് അന്വേഷണ സംഘത്തിൽ നിന്ന് മാറ്റിയതായും വിവരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.