കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്തിനെന്ന് ഹൈകോടതി. ഹൈകോടതി മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘവും വിജിലൻസുമാണ് കേസ് അന്വേഷിക്കുന്നത്. എന്നാൽ, രാജ്യാന്തര ബന്ധങ്ങളടക്കം സംശയിക്കുന്നതിനാൽ സി.ബി.ഐ അന്വേഷിക്കണമെന്ന് ഹരജിക്കാരായ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, വിശ്വഹിന്ദു പരിഷത്ത്, തന്ത്രി സമാജം തുടങ്ങിയവർ ആവശ്യപ്പെട്ടപ്പോഴായിരുന്നു കേന്ദ്ര ഏജൻസിയുമായി ബന്ധപ്പെട്ട് ദേവസ്വം ബെഞ്ച് ചോദ്യമുന്നയിച്ചത്.
നിലവിലെ സാഹചര്യത്തിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം കാര്യക്ഷമമാകില്ലെന്നാണ് ഹരജികളിലെ ആരോപണം. ശബരിമലയിലെ സ്വർണം വിവിധ സംസ്ഥാനങ്ങളിൽ എത്തിച്ചിട്ടുണ്ടെന്നും അവിടങ്ങളിലെ ആളുകൾക്കും തട്ടിപ്പിൽ പങ്കുള്ളതിനാൽ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം മതിയാവില്ലെന്നുമാണ് ഹരജിയിലെ വാദം. എന്നാൽ, കേന്ദ്ര ഏജൻസിയിൽ മാത്രം ഹരജിക്കാർക്ക് വിശ്വാസം തോന്നാൻ കാരണമെന്തെന്ന് കോടതി ആരാഞ്ഞു.
സി.ബി.ഐ മികച്ച അന്വേഷണം നടത്തിയ ഇത്തരം കേസുകളിൽ ചിലത് ചൂണ്ടിക്കാട്ടാനാവുമോ എന്നും സി.ബി.ഐയെ മഹത്തരമായി കാണുന്നുണ്ടെങ്കിൽ തിരിച്ചും ചിന്തിച്ചുകൂടെയെന്നും ജസ്റ്റിസ് എ. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ചോദിച്ചു. തുടർന്ന് ഹരജി വീണ്ടും ഒന്നിച്ച് പരിഗണിക്കാനായി മാർച്ച് 13ലേക്ക് മാറ്റി. മറുപടി സത്യവാങ്മൂലം നൽകാൻ എതിർകക്ഷികൾക്കും അതുവരെ സമയം നൽകി. അതേസമയം കേസിൽ കക്ഷിചേരാനായി മാധ്യമ പ്രവർത്തകൻ എം.ആർ. അജയൻ സമർപ്പിച്ച ഹരജി പരിഗണനാർഹമല്ലെന്ന് വിലയിരുത്തി കോടതി തള്ളി. അഭിഭാഷകൻ ഹാജരാകാതിരുന്നതിന്റെ പേരിൽ ഹരജിക്കാരന് കോടതി നേരത്തേ പിഴ ചുമത്തിയിരുന്നു.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താനുള്ള നീക്കവുമായി വീണ്ടും എസ്.ഐ.ടി. ശബരിമലയിൽ പരിശോധന തുടരുന്നതിനിടെ മറ്റിടങ്ങളിലേക്കും സ്വർണം പോയ വഴി തേടിയുള്ള നീക്കത്തിലാണ് സംഘം. അന്വേഷണം പുരോഗമിച്ചിട്ടും നഷ്ടപ്പെട്ട സ്വർണം എത്രയെന്നും ഈ സ്വർണം എന്തിന് ഉപയോഗിച്ചെന്നും നടന്ന സാമ്പത്തിക ഇടപാടുകൾ എന്തൊക്കെയെന്നും കൃത്യമായി കണ്ടെത്താൻ എസ്.ഐ.ടിക്ക് കഴിഞ്ഞിട്ടില്ല. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുൾപ്പെടെ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.