തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അടുത്ത 25 വർഷത്തെ വികസന ദിശ നിർണയിക്കുന്നതിനായുള്ള നഗര നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് തയാറാക്കിയ കരട് നയത്തിനാണ് അംഗീകാരമായത്. രാജ്യത്ത് ആദ്യമായി നഗരനയം തയാറാക്കുന്ന ആദ്യസംസ്ഥാനമായി കേരളം മാറിയെന്ന് തദ്ദേശവകുപ്പ് അവകാശപ്പെടുന്നു.
ശാസ്ത്രീയ ആസൂത്രണവും സദ്ഭരണവും ഉറപ്പുവരുത്തി ക്ലൈമറ്റ് -സ്മാർട്ട് നഗരങ്ങളുടെയും പട്ടണങ്ങളുടെയും തുടർശൃംഖലയാണ് 2050ലെ കേരളത്തെ സംബന്ധിച്ച് നഗരനയം വിഭാവനം ചെയ്യുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്നതും നഗരവൽക്കരണം സൃഷ്ടിക്കുന്ന സൗകര്യങ്ങൾ എല്ലാവർക്കും പ്രാപ്യമാവുകയും ചെയ്യുന്ന മാതൃകയാണ് സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നതെന്നും നയം സൂചിപ്പിക്കുന്നു. ഉയർന്ന നിലവാരമുള്ള നഗര സൗകര്യങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം സാമൂഹികവും സ്ഥലപരവുമായ അസമത്വങ്ങൾ കുറക്കുന്നതും സാമൂഹിക പിന്തുണാ സംവിധാനങ്ങൾ ഉറപ്പ് വരുത്തുന്നതുമാണ് പുതിയ നഗരനയം.
2023-24ലെ സംസ്ഥാന ബജറ്റിലാണ് നഗരനയം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 2023 ഡിസംബറിൽ വിദഗ്ധരെ ഉൾക്കൊള്ളിച്ച് കേരള നഗര നയ കമീഷൻ രൂപവത്കരിക്കുകയും 2025 മാർച്ചിൽ നവകേരള നഗര നയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ട് ചർച്ച ചെയ്യാൻ സെപ്റ്റംബറിൽ കൊച്ചിയിൽ ആഗോള സമ്മേളനം നടത്തിയിരുന്നു. പുതുതായി വന്ന നിർദേശങ്ങൾ കൂടി ഉൾകൊള്ളിച്ചു കൊണ്ടാണ് നയം തയാറാക്കിയത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഗ്രഫീന്‍ ആവാസ വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന കേരള ഗ്രഫീന്‍ നയത്തിന് മന്ത്രിസഭ അംഗീകാരം നല്കി. വിവിധ വ്യവസായ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ശേഷിയുള്ള ഗ്രഫീൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനായി ബൃഹത്തായ പദ്ധതികളാണ് നയത്തിലൂടെ സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഗ്രഫീനിന്റെയും അനുബന്ധ വസ്തുക്കളുടെയും ഗവേഷണം, പ്രയോഗം എന്നിവ പ്രോത്സാഹിപ്പിക്കുക, വികസനത്തിനും വ്യവസായത്തിനും പിന്തുണ ഉറപ്പാക്കുക എന്നതാണ് കേരള ഗ്രഫീൻ നയം ലക്ഷ്യമിടുന്നത്. ഭാവിയിലെ അത്ഭുത പദാർഥമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വസ്തുവാണ് ഗ്രഫീൻ. സ്റ്റീലിനെക്കാൾ 200 മടങ്ങ് ശക്തിയും ചെമ്പിനേക്കാൾ മികച്ച വൈദ്യുത ചാലകശേഷിയുമുള്ള ഗ്രഫീന്‍ വജ്രത്തേക്കാൾ കൂടുതൽ കടുപ്പവും താപചാലകശേഷിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.