പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈകോടതി നിയോഗിച്ച ജസ്റ്റിസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം ആറന്മുളയിലെ സ്ട്രോങ് റൂമില്‍ പരിശോധന ആരംഭിച്ചു. ശനിയാഴ്ച രാവിലെ 10നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രധാന സ്ട്രോങ് റൂമിൽ പരിശോധനക്ക് തുടക്കമായത്. ശബരിമലയിൽ ഭക്തർ സമർപ്പിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ ആറന്മുളയിലെ പ്രധാന സ്ട്രോങ് റൂമിലാണ് സൂക്ഷിക്കുന്നത്. ലഭിക്കുന്ന സ്വർണം അടക്കമുള്ളവ മഹസർ എഴുതി ഏഴ് ദിവസത്തിനുള്ളിൽ വൻ സുരക്ഷയുള്ള ആറന്മുളയിലേക്ക് മാറ്റണമെന്നാണ് ചട്ടം. ഇങ്ങനെ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കളുടെ കണക്കെടുപ്പാണ് ജസ്റ്റിസ് കെ.ടി. ശങ്കരനും സംഘവും നടത്തുന്നത്.
തിരുവാഭരണം കമീഷണര്‍ ആര്. റെജിലാല്‍, ദേവസ്വം വിജിലന്‍സ് എസ്.പി ഡി. സുനില്‍കുമാര്‍, ലോക്കല്‍ ഫണ്ട് ഡെപ്യൂട്ടി ഡയറക്ടര്‍ രമ എന്നിവര്‍ക്കൊപ്പമാണ് സ്വർണം, വെള്ളി, ചെമ്പ് ഉരുപ്പടികളും പൂജാപാത്രങ്ങളും സൂക്ഷിക്കുന്ന ആറന്മുളയിലേക്ക് കെ.ടി. ശങ്കരൻ എത്തിയത്. സ്ട്രോങ് റൂമിലെ രജിസ്റ്ററും മഹസറും പരിശോധിച്ച് സ്റ്റോക്കുമായി ഒത്തുനോക്കി പട്ടിക തയാറാക്കുകയാണ് ചെയ്യുന്നത്. സ്വർണം, വെള്ളി എന്നിങ്ങനെ പ്രത്യേകം പട്ടികയാണ് തയാറാക്കുന്നത്. സ്മിത്ത് പരിശോധിച്ച് മൂല്യവും തൂക്കവും രേഖപ്പെടുത്തും. ജസ്റ്റിസിന്റെ സംഘത്തിൽ സ്വർണപ്പണിക്കാരനുമുണ്ട്. സ്ട്രോങ് റൂമിൽനിന്ന് ഒാരോന്നും പുറത്തെടുത്താണ് പരിശോധന. ഇതിനായി സ്ട്രോങ് റൂമിനോട് ചേർന്ന് പ്രത്യേക മറ സ്ഥാപിച്ചു. പരിശോധനസമയത്ത് ആർക്കും പ്രവേശനമുണ്ടായിരുന്നില്ല.
നേരത്തേ മൂന്നുദിവസം ശബരിമലയിലെ സ്ട്രോങ് റൂമിൽ പരിശോധന നടത്തിയിരുന്നു. അവശേഷിച്ചിരുന്നവയുടെ കണക്കെടുപ്പ് വെള്ളിയാഴ്ച പൂർത്തിയാക്കിയശേഷമാണ് അമിക്കസ് ക്യൂറി ആറന്മുളയിലേക്ക് എത്തിയത്.
ശബരിമലയിലെ പരിശോധനയില്‍ രജിസ്റ്ററിലും മഹസറിലും സ്റ്റോക്കിലും വൈരുധ്യം കണ്ടെത്തിയിരുന്നു. ആറന്മുളയിലെ പരിശോധന പൂര്‍ത്തിയാക്കിയശേഷം ജസ്റ്റിസ് കെ.ടി. ശങ്കരന് ഹൈകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.