മാധ്യമങ്ങൾക്ക് മുൻപിൽ വിതുമ്പി പി.കെ. ശ്രീമതി: ‘നിങ്ങൾക്കെല്ലാം അമ്മമാരി​ല്ലേ, എന്തൊക്കെയാണ് ഈ പറയുന്നത്!?’

തിരുവനന്തപുരം: തനിക്കെതിരെ ചില ദൃശ്യമാധ്യമങ്ങളും യൂട്യൂബ് ചാനലുകളും തുടർച്ചയായി അടിസ്ഥാനരഹിതവും അസംബന്ധവുമായ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതി. തുടർച്ചയായ വ്യക്തിഹത്യയിലും വ്യാജപ്രചാരണങ്ങളിലും മനംനൊന്ത് തിരുവനന്തപുരത്ത് മാധ്യമങ്ങൾക്ക് മുൻപിൽ അവർ വിതുമ്പി. ദുരനുഭവങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് മുതിർന്ന പാർട്ടി നേതാവ് വികാരാധീനയായത്.

വ്യാജ വാർത്തകൾ ഉന്നയിച്ച് സമൂഹത്തിൽ അപമാനിക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങൾക്കും യൂട്യൂബ് ചാനലുകൾക്കുമെതിരെ ശക്തമായ നിയമനടപടിയും മാനനഷ്ടക്കേസും ഫയൽ ചെയ്യുമെന്ന് അവർ വ്യക്തമാക്കി. തെളിവുകൾ ശേഖരിച്ച് വക്കീലിന് കൈമാറിക്കഴിഞ്ഞതായി പി.കെ. ശ്രീമതി അറിയിച്ചു.

കഴിഞ്ഞ മൂന്നാല് ദിവസമായി ജനം ടിവി, കർമ, ഭാരത് ലൈവ് എന്നീ യൂട്യൂബ് ചാനലുകൾ, കണ്ണൂരിലെ ‘സുദിനം’ എന്ന സായാഹ്ന പത്രം തുടങ്ങിയവയിലൂടെയാണ് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഇല്ലാത്ത ഒരു വ്യക്തിയുടെ പേരിലാണ് നിലവിൽ വ്യാജ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പി.ആർ. കൃഷ്ണൻ എന്നൊരു എം.എൽ.എ ഉണ്ടെന്നും, ആ വ്യക്തിയുടെ ഭാര്യയായി അഭിനയിച്ച് താൻ നിയമസഭയിൽ നിന്നുള്ള ഫാമിലി പെൻഷൻ കൈപ്പറ്റുന്നു എന്നുമാണ് പുതിയ പ്രചാരണം. ഇങ്ങനെയൊരു എം.എൽ.എ ഉണ്ടോ എന്ന് താൻ അന്വേഷിച്ചെങ്കിലും പാലക്കാടോ തൃശൂരോ ഇത്തരമൊരു വ്യക്തിയില്ലെന്നാണ് അറിഞ്ഞത്.

അടിസ്ഥാനരഹിതവും വൾഗറുമായ രീതിയിലാണ് മാധ്യമപ്രവർത്തകർ വാർത്ത അവതരിപ്പിക്കുന്നത്. 50 വർഷമായി പൊതുരംഗത്തുള്ള തന്നോട് ഒരു വാക്കുപോലും ചോദിക്കാതെയാണ് ഇത്തരം വ്യാജവാർത്തകൾ ചമച്ചുവിടുന്നത്.

ഇതിനുമുമ്പും പല ഘട്ടങ്ങളിലും രാഷ്ട്രീയ ശത്രുക്കൾ തനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിട്ടിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മുൻപ് ആരോപണം ഉന്നയിച്ചപ്പോൾ നൽകിയ കേസിനെ തുടർന്ന് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ പരസ്യമായി മാപ്പുപറഞ്ഞിരുന്നു.

കോവിഡ് കാലത്ത് തന്റെ മകൻ ഓക്സിജൻ പ്ലാന്റിലെ ഓക്സിജൻ കരിഞ്ചന്തയിൽ വിൽക്കാൻ പൂഴ്ത്തിവെച്ചു എന്നാരോപിച്ച് എറണാകുളം പ്രസ് ക്ലബ്ബിൽ അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി. തോമസ് വാർത്താസമ്മേളനം നടത്തിയിരുന്നു. ഇതിനെതിരെ കേസ് കൊടുത്തെങ്കിലും, പിന്നീട് അദ്ദേഹം ഗുരുതര രോഗബാധിതനായപ്പോൾ കേസ് നടപടികളുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

തനിക്കോ കുടുംബത്തിനോ ഒരു ഓക്സിജൻ പ്ലാന്റുമില്ലാതിരുന്നിട്ടും അത്തരം ആരോപണങ്ങൾ ഉന്നയിച്ചു. ലോകമെമ്പാടുമുള്ള മലയാളികൾ കാണുന്ന രീതിയിലാണ് ഈ ചാനലുകൾ ദുഷ്പ്രചാരണം നടത്തുന്നത്. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ഒരു മാധ്യമപ്രവർത്തകൻ പോലും ഇതിന്റെ വസ്തുത അന്വേഷിച്ച് തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും, വിഷമം സഹിക്കവയ്യാതെയാണ് വാർത്താസമ്മേളനത്തിൽ സത്യവസ്ഥ തുറന്നുപറയുന്നതെന്നും വിതുമ്പലോടെ പി.കെ. ശ്രീമതി കൂട്ടിച്ചേർത്തു.

Tags:    
News Summary - PK Sreemathi Breaks Down Over Fake News, To File Defamation Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.