എ.ഐ നിർമിത ചിത്രം

കാട്ടാനശല്യം തടയൽ; വേലികളിൽ തേനീച്ചക്കൂട് പരീക്ഷിക്കും

തിരുവനന്തപുരം: കാട്ടാന ശല്യമുള്ള പ്രദേശങ്ങളിൽ വേലികളിൽ തേനീച്ചക്കൂടുകളും പരീക്ഷിക്കുമെന്ന് വനംമന്ത്രി ഷിബു ബേബിജോൺ. മനുഷ്യ-വന്യജീവി സംഘർഷ സ്വഭാവം അടിസ്ഥാനമാക്കി വനാതിർത്തി പ്രദേശങ്ങളെ 12 ലാൻഡ്സ്കേപ്പുകളായി തിരിച്ച് തീവ്ര അപകട സാധ്യത പ്രദേശങ്ങൾ, ഉയർന്ന അപകട സാധ്യത പ്രദേശങ്ങൾ, മധ്യതല അപകട സാധ്യത പ്രദേശങ്ങൾ എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഇവയിൽ ഹോട്ട് സ്പോട്ടുകൾ പ്രത്യേകം അടയാളപ്പെടുത്തി എ.ഐ ഉപയോഗിച്ചുള്ള ശബ്ദ-വെളിച്ച പ്രതിരോധ സംവിധാനം, തൂക്കുവെലി, വലിയ മതിലുകൾ എന്നിങ്ങനെ ത്രീ ടയർ പ്രതിരോധ മാർഗം സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.വനാതിർത്തി പങ്കിടുന്ന തദ്ദേശസ്ഥാപന പ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏറ്റുമുട്ടലല്ല സഹജീവനമാണ് മനുഷ്യ-വന്യജീവി സംഘർഷത്തിന് പരിഹാരം. മനുഷ്യ-വന്യജീവി സംഘർഷത്തിൽ ജീവനും ജീവനോപാധിയും നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം 50 ശതമാനം വർധിപ്പിക്കും. വന്യജീവി ഭീഷണി ലഘൂകരിക്കാൻ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംയുക്ത കർമപദ്ധതി ആസൂത്രണം ചെയ്യും. വനാതിർത്തി പ്രദേശത്തെ കർഷകരുടെ ഭൂമിയുമായി ബന്ധപ്പെട്ട എൻ.ഒ.സി നൽകുന്നതിലെ കാലതാമസം ഒഴിവാക്കും. മറ്റ് നിയമക്കുരുക്കുകളില്ലെങ്കിൽ മൂന്നു മാസത്തിനകം ഉദ്യോഗസ്ഥൻ എൻ.ഒ.സി നൽകിയിരിക്കണമെന്നും മനഃപൂർവം കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ മന്ത്രി കെ.എം. ഷാജി അധ്യക്ഷത വഹിച്ചു.

മനുഷ്യ-വന്യജീവി സംഘർഷം; പ്രഖ്യാപനങ്ങൾ

* മനുഷ്യ-വന്യജീവി സംഘർഷങ്ങളിൽ ജീവനും ജീവനോപാധിയും നഷ്ടപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരം സമയബന്ധിതമായി വിതരണം ചെയ്യാൻ ആഗസ്റ്റിൽ അദാലത്തുകൾ സംഘടിപ്പിക്കും.

* വനാതിർത്തി പ്രദേശവാസികൾക്ക് ഇൻഷുറൻസ് പദ്ധതി ആവിഷ്‌കരിക്കും.

* വനവുമായി ബന്ധപ്പെട്ട നിസ്സാര കുറ്റകൃത്യങ്ങളുടെ പേരിലുള്ള കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ അദാലത്ത് നടത്തും.

* വനാതിർത്തികളിലെ പഞ്ചായത്തുകളിൽ കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് ഓണററി വൈൽഡ് ലൈഫ് വാർഡൻ സ്റ്റാറ്റസ് നൽകി.

* നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ അംഗീകൃത ഷൂട്ടർമാർ വെടിവെക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റുമാർക്ക് അനുമതി നൽകാം.

* ഷൂട്ടർമാരുടെ എണ്ണം കുറവാണെങ്കിൽ റൈഫിൾ ക്ലബുകളുടെ സേവനം ഉപയോഗപ്പെടുത്താം.

* വന്യമൃഗങ്ങൾ ഇറങ്ങുന്ന പ്രദേശങ്ങളിൽ വനംവകുപ്പ് ഘട്ടംഘട്ടമായി സോളാർ വേലി​ പൂർത്തിയാക്കും.

* അധികമായി 25 റാപ്പിഡ് റെസ്പോൺസ് ടീമുകൾ രൂപവത്കരിക്കും.

* വനാതിർത്തി പ്രദേശങ്ങളിൽ പഞ്ചായത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിന് അഞ്ചുപേരുടെ സംഘം എന്ന കണക്കിൽ 100 റെസ്ക്യൂ സംഘങ്ങൾ രൂപവത്കരിക്കാൻ 500 പേരെ നിയമിക്കും.

Tags:    
News Summary - To prevent wild elephant menace: Bee hives on fences to be tested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.