തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാറിന്റെ അവസാനകാലത്ത് പുനഃസംഘടിപ്പിച്ച സംസ്ഥാന വഖഫ് ബോർഡിലേക്ക് നാമനിർദേശം ചെയ്ത പല അംഗങ്ങളും നിയമപ്രകാരം അയോഗ്യരാണെന്ന് ഹൈകോടതിയെ അറിയിക്കാൻ മന്ത്രിസഭാ യോഗത്തിൽ ധാരണ.
വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിവാദമാണ് ബുധനാഴ്ചയിലെ മന്ത്രിസഭാ യോഗത്തിൽ പ്രധാന ചർച്ചയായത്. അംഗങ്ങളുടെ അയോഗ്യത കോടതി അറിയിച്ച് എൽ.ഡി.എഫ് നോമിനികൾ മാത്രം ഉൾപ്പെടുന്ന ബോർഡ് ഒന്നടങ്കം പുനഃസംഘടിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വഖഫ് ബോർഡ് പുനഃസംഘടനക്കെതിരെ ഹൈകോടതിയിൽ നാല് ഹരജികൾ വന്ന പശ്ചാത്തലത്തിലാണ് സർക്കാർ നീക്കം. അല്ലാത്ത പക്ഷം പുതിയ സർക്കാറിന്റെ അവസാനകാലം വരെ ഇതേ ബോർഡിനെ നിലനിർത്തേണ്ടിവരും. പ്രതിപക്ഷ എതിർപ്പ് തള്ളി കേന്ദ്രസർക്കാർ ഭേദഗതി ചെയ്ത വഖഫ് നിയമപ്രകാരം 2026 ഫെബ്രുവരി നാലിനാണ് സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് പിണറായി സർക്കാർ വിജഞാപനമിറക്കിയത്. നേരത്തെ പി.എസ്.സി ചെയർമാനായിരുന്ന അഡ്വ.എം.കെ സക്കീർ അധ്യക്ഷനായാണ് പുനഃസംഘടന നടത്തിയത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സക്കീർ രാജിവെച്ചതോടെ കെ.എസ് ഹംസയെ ചെയർമാനാക്കി. പുനഃസംഘടിപ്പിച്ച ബോർഡിൽ മുത്തവല്ലി പ്രതിനിധിയായ ആൾ ആ സമയം മുത്തവല്ലി അല്ലായിരുന്നുവെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. ഇസ്ലാമിക പണ്ഡിതനെ നിയമിക്കണമെന്ന വ്യവസ്ഥയിൽ നാമനിർദേശം ചെയ്തത് അഭിഭാഷകനെയാണ്. വഖഫ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ജോയന്റ് സെക്രട്ടറിയെ എക്സ് ഒഫീഷ്യോ അംഗമാക്കുന്നതിന് പകരം നിയമവകുപ്പിലെ അഡീഷനൽ സെക്രട്ടറിയെയാണ് നാമനിർദേശം ചെയ്തത്. ഇതെല്ലാം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് സർക്കാർ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.