ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രം പുതിയ സര്‍ക്കാരിന് കീഴിലാകും

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന് വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സര്‍ക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂര്‍ത്തിയാകില്ല. മോഷ്ടിക്കപ്പെട്ട സ്വര്‍ണത്തിന്റെ അളവ് ഉൾപ്പടെയുള്ള നിർണ്ണായക വിവരങ്ങൾ കണ്ടെത്താനുള്ള ഫൊറന്‍സിക് പരിശോധനാഫലം വൈകുന്നതാണ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) തിരിച്ചടിയാകുന്നത്.

ജംഷഡ്പൂര്‍ ലാബില്‍ നിന്നുള്ള ഫലം ഏപ്രില്‍ അവസാനത്തോടെ ലഭിക്കുമെന്നും അത് കിട്ടിയാലുടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നുമായിരുന്നു എസ്.ഐ.ടി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പരിശോധനാഫലം എന്ന് ലഭിക്കുമെന്ന് ഇപ്പോള്‍ കൃത്യമായി പറയാനാവില്ലെന്നാണ് ലാബ് അധികൃതര്‍ അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്. ഇതോടെ കുറ്റപത്ര സമര്‍പ്പണം അനിശ്ചിതത്വത്തിലായി.

പരിശോധനാഫലം ലഭിച്ചാലും നടപടിക്രമങ്ങള്‍ ഇനിയുമേറെ ബാക്കിയുണ്ട്. ഫൊറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യപ്രതികളെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനുശേഷം ലഭിക്കുന്ന മൊഴിയുടെ കൂടി അടിസ്ഥാനത്തില്‍ സര്‍ക്കാരില്‍ നിന്ന് പ്രോസിക്യൂഷന്‍ അനുമതി തേടണം. ഇത് ലഭിച്ചാല്‍ മാത്രമേ ഹൈക്കോടതിയുടെ അനുമതിയോടെ കുറ്റപത്രം സമര്‍പ്പിക്കാനാകൂ.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമേ സ്വര്‍ണക്കൊള്ളയുടെ കുറ്റപത്രം തയ്യാറാകൂ എന്ന് ഉറപ്പായതോടെ കേസില്‍ രാഷ്ട്രീയ നീക്കങ്ങളും സജീവമായി. ഇതുവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ പുതിയ സര്‍ക്കാരിന് അവസരം ലഭിക്കുമെന്നതാണ് പ്രധാന വശം. അതിനാല്‍, സംസ്ഥാനത്ത് അടുത്ത ഭരണം ആരുടേതാകും എന്നത് സ്വര്‍ണക്കൊള്ള കേസിലെ അന്തിമ കുറ്റപത്രത്തിന്റെ സ്വഭാവം തീരുമാനിക്കുന്നതില്‍ നിർണ്ണായകമാകും.

Tags:    
News Summary - Sabarimala Gold Theft Case: Chargesheet to be Filed Under New Government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.