നവകേരള സർവേ: കെ.എസ്.യുവിന്‍റെ ഹരജിയിൽ സി.പി.എം സെക്രട്ടറിയെ കക്ഷിയാക്കും

കൊച്ചി: പൊതുഖജനാവിലെ ഫണ്ട് ഉപയോഗിച്ച് സർക്കാർ നടത്തുന്ന നവകേരള സർവേ തടയണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നൽകിയ ഹരജിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കക്ഷിയാക്കും. ഇതിന് അപേക്ഷ നൽകാൻ ഹരജിക്കാർ സമയം തേടിയതിനെ തുടർന്ന് ഹൈകോടതി വിഷയം ഒരാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

20 കോടി രൂപ ചെലവിട്ട് പാർട്ടി കേഡറുകളെയടക്കം നിയോഗിച്ച് നടത്തിവരുന്ന സർവേ നിയമ വിരുദ്ധമാണെന്നും നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നുമാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ ഫയൽ ചെയ്ത ഹരജിയിലെ ആരോപണം. സമാനമായ മറ്റു ഹരജികളുമുണ്ട്.

സി.പി.എം സംസ്ഥാന സെക്രട്ടറി കഴിഞ്ഞ സെപ്റ്റംബർ 23ന് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് സർവേ നടത്താൻ മന്ത്രിസഭ തീരുമാനിച്ചതെന്ന് ഹരജിക്കാർ വാദിച്ചു. എന്നാൽ, കത്തിന്‍റെ ആധികാരികത പരിശോധിക്കേണ്ടതുണ്ടെന്ന് സർക്കാറിനായി ഹാജരായ അഡ്വക്കേറ്റ് ജനറൽ ചൂണ്ടിക്കാട്ടി. തുടർന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയെ കക്ഷി ചേർക്കാൻ അപേക്ഷ നൽകാൻ കോടതി നിർദേശിച്ചത്.

സർവേക്കുള്ള വളന്റിയർമാരിൽ എത്ര ശതമാനം ഇടതുപക്ഷക്കാരുണ്ടെന്നും പാർട്ടി താൽപര്യത്തിൽ ആർക്കെങ്കിലും അവസരം നിഷേധിച്ചിട്ടുണ്ടോയെന്നും ഡിവിഷൻ ബെഞ്ച് ഹരജിക്കാരോട് ആരാഞ്ഞു. എന്നാൽ, ഇത്തരം വിവരങ്ങളില്ലെന്നായിരുന്നു മറുപടി. പൊതുതാൽപര്യ ഹരജി നൽകുന്നവർ ഇതെല്ലാം പഠിച്ച് അവതരിപ്പിക്കേണ്ടതാണെന്ന് ബെഞ്ച് പരാമർശിച്ചു.

ക്ഷേമപദ്ധതികൾ നടപ്പാക്കാനും കുറവുകൾ കണ്ടെത്താനും ഇത്തരം സർവേകൾ സർക്കാർ നടത്തുന്നത് സ്വാഭാവികമല്ലേയെന്നും ചോദിച്ചു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിനും നിയമസഭ തെരഞ്ഞെടുപ്പിനും ഇടയിലുള്ള ഇത്തരം സർവേ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും പൊതുഫണ്ട് ഉപയോഗിക്കുന്നതിനെയാണ് എതിർക്കുന്നതെന്നും ഹരജിക്കാർ വാദിച്ചു.  

Tags:    
News Summary - Nava Kerala Survey: CPM Secretary to be made a party in KSU's petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.