മന്ത്രി കെ.എൻ.ബാലഗോപാൽ, മുഹമ്മദലി കിനാലൂർ
കോഴിക്കോട്: മതം നോക്കിയുള്ള വിവേചനം രാജ്യത്തെങ്ങും നിലനിൽക്കെ ബജറ്റ് പ്രസംഗത്തിൽ മന്ത്രി കെ.എൻ ബാലഗോപാൽ നടത്തിയ പരാമർശത്തെ വിമർശിച്ച് കാന്തപുരം വിഭാഗം എസ്.വൈ.എസ് മുൻ നേതാവ് മുഹമ്മദലി കിനാലൂർ.
മതമാണ് മതമാണ് മതമാണ് പ്രശ്‌നം എന്നതല്ല, മതമല്ല മതമല്ല മതമല്ല പ്രശ്‌നം, എരിയുന്ന വയറിന്റെ തീയാണ് പ്രശ്‌നമെന്നതാണ് സർക്കാരിനെ നയിക്കുന്നതെന്നാണ് കെ.എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിനിടെ പറഞ്ഞത്.
മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജിയുടെ 'മതമാണ് മതമാണ് മതമാണ് പ്രശ്‌നം' എന്ന വിവാദ പ്രസംഗത്തിന് മറുപടിയായാണ് മന്ത്രി ബാലഗോപാലിന്റെ പരാമർശം.
എന്നാൽ, മതം നോക്കി രാജ്യത്ത് നടന്ന അതിക്രമങ്ങളെ ഫേസ്ബുക്ക് പോസ്റ്റിൽ അക്കമിട്ട് നിരത്തിയാണ് സുന്നി യുവനേതാവ് മന്ത്രിയുടെ വാക്കുകളെ പൊളിക്കുന്നത്.
"മതം നോക്കിയാണ് റിയാസ് മൗലവിയെ കൊന്നത്. ഇസ്‌ലാം മതം സ്വീകരിച്ചതിനാണ് കൊടിഞ്ഞി ഫൈസലിനെ കൊന്നത്. ഫഹദ് എന്ന കുട്ടിയെ കൊന്നതും മതം നോക്കിയാണ്. മതം നോക്കിയാണ് ലവ് ജിഹാദ് ആരോപണമുയർത്തിയത്.
മതം നോക്കിയാണ് വെള്ളാപ്പള്ളി നടേശൻ മുസ്‌ലിം സമുദായത്തെ പുലഭ്യം പറയുന്നത്. മതം നോക്കിയാണ് ബാബരി പള്ളി പൊളിച്ചത്.
മതം നോക്കിയാണ് ഗുജറാത്തിൽ വംശഹത്യ നടപ്പാക്കിയത്. മതം നോക്കിയാണ് എൻ ആർ സി യിൽ നിന്ന് മുസ്‌ലിംകളുടെ പേര് വെട്ടിയത്. മതം നോക്കിയാണ് ഹിമന്ത ബിശ്വ ശർമ നിങ്ങൾ മുസ്‌ലിംകളെ ദ്രോഹിക്കൂ എന്ന് ഹിന്ദുത്വ ഗുണ്ടകളോട് ആഹ്വാനം ചെയ്യുന്നത്.
മതം നോക്കിയാണ് സി എ എ നടപ്പാക്കിയത്. മതം നോക്കിയാണ് മുത്തലാഖ് നിയമം കൊണ്ടുവന്നത്. മതം നോക്കിയാണ് വഖഫ് ഭേദഗതി നിയമം കൊണ്ടുവന്നത്. മതം നോക്കിയാണ് ജുനൈദിനെ കൊന്നത്. മുഹമ്മദ് അഖ്‌ലാഖിനെ കൊന്നതും മതം നോക്കിത്തന്നെയാണ്.
മതം നോക്കിയാണ് വേങ്ങരയിലെ ഒരു യുവാവിനെ മംഗലാപുരത്ത് വെച്ച് അക്രമികൾ കൊന്നുകളഞ്ഞത്. മതം നോക്കിയാണ് അവർ രാജ്യദ്രോഹി ചാപ്പ കുത്തുന്നത്. മതം നോക്കിയാണ് ചിലരെ ജയിലിൽ തളച്ചിടുന്നത്.
മതം നോക്കിയാണ് ശശികല മുതൽ കെ.ആർ ഇന്ദിര വരെയുള്ളവർ മുസ്‌ലിംകളെ അധിക്ഷേപിക്കുന്നത്. മതമല്ല മതമല്ല പ്രശ്നം എന്ന് ബാലഗോപാൽ മന്ത്രിക്ക് രാഗത്തിലും താളത്തിലും പാടാവുന്നതേയുള്ളൂ. പക്ഷേ ഇവിടെ മതം പ്രശ്‌നം തന്നെയാണ് സാർ.
മതം നോക്കിയുള്ള വിവേചനം രാജ്യത്തുണ്ട് എന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ പോലും ചൂണ്ടിക്കാണിച്ചിട്ടുണ്ട് . വിവേചനം നേരിടുന്ന സമുദായങ്ങളിൽ മുൻപന്തിയിൽ മുസ്‌ലിംകൾ ആണ്.
സസ്യശ്യാമള സുന്ദര കേരളത്തിൽപ്പോലും മുസ്‌ലിം വെറുപ്പ് പടർത്തുന്നവരുണ്ട് . അത്തരക്കാർ ആദരിക്കപ്പെടുന്നുണ്ട്. അവർ ആദരിക്കപ്പെടുമ്പോൾ അഭിന്ദനം കൊണ്ട് മൂടുന്നവരുണ്ട്.
ഇവിടെ മതമല്ല മതമല്ല പ്രശ്നം എന്ന് വെള്ളാപ്പള്ളിയുടെ മുഖത്തു നോക്കി പറയാമോ?. മുസ്‌ലിംകളെ പേടിച്ച് ജീവിക്കുകയാണ് ക്രിസ്ത്യാനികൾ പോലും എന്നുള്ള പ്രസ്താവന തിരുത്താൻ ആവശ്യപ്പെടുമോ?"
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.