കൽപറ്റ: മുണ്ടക്കൈ ഉരുൾ ദുരന്തബാധിതരുടെ ആകെ ബാങ്ക് വായ്പ 35.30 കോടിയുടേത്. എന്നാൽ സർക്കാർ ഏറ്റെടുത്തത് 18.75 കോടിയുടേത് മാത്രം. കടം ഏറ്റെടുക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ചത് ദുരന്തബാധിതർക്ക് ഏറെ ആശ്വാസകരമാണ്. അപ്പോഴും ദുരന്തത്തിൽ എല്ലാം തകർന്നിട്ടും സർക്കാർ കണക്കിൽപെടാത്തവരുടെ 16.55 കോടിയുടെ കടം ബാക്കിനിൽക്കുകയാണ്.
ദുരന്തം ബാധിച്ച മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലുള്ളവരുടെ ദേശസാൽകൃതബാങ്കുകളിലെ ആകെ കടബാധ്യത 35.30 കോടിയുടേതാണ്. ഈ പ്രദേശങ്ങളിൽ 12 ബാങ്കുകൾ ചേർന്ന് നൽകിയ 3,220 വായ്പകളിലായാണിത്. 555 ഗുണഭോക്താക്കളുടെ 1620 വായ്പകളിലായുള്ള 18.75 കോടി രൂപയാണ് സർക്കാർ ഏറ്റെടുക്കുകയെന്നാണ് റവന്യൂ മന്ത്രി കെ. രാജൻ കഴിഞ്ഞ ദിവസം അറിയിച്ചത്.
എന്നാൽ, സർക്കാറിന്റെ പട്ടികയിൽപെടാത്ത പടവെട്ടിക്കുന്ന്, അട്ടമല, പാടികളിൽ താമസിച്ചിരുന്നവർ തുടങ്ങിയവരുടെ ബാങ്ക് വായ്പകളാണ് സർക്കാർ നടപടികൾക്ക് ശേഷവും ബാക്കിയാവുക. ഉപജീവനമാർഗമടക്കം എല്ലാം നഷ്ടമായ ഇവർക്ക് ബാങ്ക് വായ്പ തിരിച്ചടവ് അസാധ്യമാണ്.
നിലവിൽ പലിശയും പിഴപ്പലിശയുമടക്കം വൻ വർധനവ് വായ്പ തിരിച്ചടവ് തുകയിൽ ഉണ്ടായിട്ടുണ്ട്. ജില്ല ഭരണകൂടമടക്കം മുമ്പ് നൽകിയ കണക്കനുസരിച്ചുള്ള 35 കോടിക്ക് മുകളിലുള്ള ദുരന്തബാധിതരുടെ വായ്പകൾ പൂർണമായും ബാങ്കുകൾ എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയോട് നേരത്തേ ആവശ്യപ്പെടുകയും ചെയ്തതാണ്.
ഭൂരിപക്ഷം വായ്പകളും അനുവദിച്ച ദേശസാത്കൃത ബാങ്കുകൾ അനുകൂല നടപടിയെടുത്തിരുന്നില്ല. കേരള ബാങ്ക് മാത്രമാണ് 3.85 കോടിയുടെ വായ്പ എഴുതിത്തള്ളിയത്. സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് 1.5 കോടി രൂപയുടെ വായ്പ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും യാഥാർഥ്യമായിട്ടില്ല. 35 കോടിക്ക് മുകളിലാണ് ആകെ കടബാധ്യതയെന്നും സർക്കാർ ഏറ്റെടുത്ത വായ്പകളുടെ വിവരങ്ങൾ സംബന്ധിച്ച് വിശദവിവരങ്ങൾ കിട്ടുന്നില്ലെന്നും ദുരന്തബാധിതരുടെ കൂട്ടായ്മ ഭാരവാഹികൾ ‘മാധ്യമ’ത്തോട് പറഞ്ഞു. കലക്ടറേറ്റിലടക്കം അന്വേഷിച്ചപ്പോഴും ഇക്കാര്യത്തിൽ വ്യക്തത ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.