പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ മുൻ തിരുവാഭരണം കമീഷണർ കെ.എസ്. ബൈജു റിമാൻഡിൽ. റാന്നി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ബൈജുവിനെ ഈ മാസം 21 വരെയാണ് റിമാൻഡ് ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റി നവീകരിച്ച് തിരികെ എത്തിച്ച കട്ടിളപ്പാളികൾ പരിശോധിച്ച് ഉറപ്പാക്കുന്നതിൽ ബൈജു വീഴ്ച വരുത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പരിശോധനയിൽ കൊല്ലപ്പണിക്കാരന്റെ സാന്നിധ്യം ദേവസ്വം ഉറപ്പാക്കിയില്ല. തിരുവാഭരണം കമീഷണറുടെ ഓഫിസിന്റെ പ്രവർത്തനം അടിമുടി ദുരൂഹമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ എല്ലാ ആസ്തികളുടെയും ചുമതലക്കാരൻ തിരുവാഭരണം കമീഷണറാണ്. ബൈജു ഈ പദവിയിലിരിക്കെയാണ് ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപാളികളും ശ്രീകോവിലിന്റെ കട്ടിളപ്പാളിയും രേഖകളിൽ ചെമ്പാക്കി മാറ്റി ഉണ്ണിക്കൃഷ്ണൻപോറ്റി കടത്തിയത്.
ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളിൽ ബൈജു ഒപ്പുവെച്ചിരുന്നില്ല. ഇവ കൊണ്ടുപോകുമ്പോഴും സ്ഥലത്തെത്തിയിരുന്നില്ല. ഇത് മന:പൂർവമാണെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം. ഉണ്ണികൃഷ്ൺ പോറ്റിയെ സഹായിക്കാനാണ് ഈ അസാന്നിധ്യമെന്നും സംഘം കോടതിയെ അറിയിച്ചു.
റിമാൻഡിലായിരുന്ന മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിനെയും മുൻ എക്സിക്യൂട്ടീവ് സുധീഷ് കുമാറിനെയും വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി. മുരാരി ബാബുവിനെ തിങ്കളാഴ്ച വരെയും സുധീഷ് കുമാറിനെ ബുധനാഴ്ച വരെയും അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണസംഘം കഴിഞ്ഞദിവസം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് മൂവരെയും കോടതിയിൽ ഹാജരാക്കിയത്. അടച്ചിട്ട കോടതിയിലായിരുന്നു വാദം.
ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം അടുത്ത ദിവസം ഇവരെ സന്നിധാനത്ത് എത്തിച്ച് തെളിവെടുക്കും. അതിനിടെ കട്ടിള കടത്തിയ കേസിലെ മൂന്നാംപ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ.വാസുവിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.