തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് ക്രൈംബ്രാഞ്ച്. ആകെ 10 പ്രതികളാണ് കേസിലുള്ളത്. കവർച്ച, വ്യാജരേഖ ചമക്കൽ, വിശ്വാസ വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ദേവസ്വം ബോർഡിലെ മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായ മുരാരി ബാബു ഉൾപ്പടെ ഉന്നത ഉദ്യോഗസ്ഥരും ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തുക്കളും പ്രതിപ്പട്ടികയിൽ ഉണ്ട്.
കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. ക്രൈംബ്രാഞ്ച് മേധാവി കൂടിയായ എച്ച്. വെങ്കിടേഷാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെയും മേധാവി. സംസ്ഥാന അടിസ്ഥാനത്തിൽ അന്വേഷണ അധികാരമുള്ളതുകൊണ്ടാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്. കസ്റ്റഡിയിൽ എടുക്കൽ അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. എസ്.ഐ.ടി സംഘം പത്തനംതിട്ട കേന്ദ്രീകരിച്ച് ക്യാമ്പ് ചെയ്‌ത് നാളെ മുതൽ അന്വേഷണം ആരംഭിക്കും.
സ്മാർട്ട് ക്രിയേഷൻസ് ഉൾപ്പടെ കേസിൽ പ്രതികളായതിനാൽ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം നീളും. ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ അതേ രീതിയിൽ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന്‍റെ മേൽനോട്ടത്തിൽ പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടർ എസ്. ശശിധരന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക.
2019ൽ ദ്വാരപാലക ശിൽപങ്ങളും ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പടിയിലെ പാളികളും അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയ ഉണ്ണികൃഷ്ണൻ പോറ്റി 474.9 ഗ്രാം സ്വർണം അപഹരിച്ചുവെന്നാണ് ദേവസ്വം വിജിലൻസിൻ്റെ കണ്ടെത്തൽ. ഈ സ്വർണം എന്ത് ചെയ്തുവെന്ന് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. ഏതെല്ലാം ഉദ്യോഗസ്ഥരാണ് പോറ്റിക്ക് സഹായം ചെയ്തുകൊടുത്തത് എന്ന കാര്യവും അന്വേഷിക്കും. ആറാഴ്‌ചയ്ക്കകം അന്വേഷണം പൂർത്തിയാക്കാനാണ് ഹൈക്കോടതി നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.