കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ബി. മുരാരി ബാബു എന്നിവരുടെ ജാമ്യ ഹരജികൾ ഹൈകോടതി വിധി പറയാൻ മാറ്റി.
ശ്രീകോവിലിലെ കട്ടിളപ്പാളികൾ ചെമ്പ് പാളികളെന്ന പേരിൽ സ്വർണം പൂശാനായി കൈമാറിയെന്ന കേസിൽ മൂന്നാം പ്രതിയാണ് എൻ. വാസു. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ കൈമാറിയ കേസിൽ രണ്ടാം പ്രതിയും ശ്രീകോവിലിന്റെ കട്ടിളപ്പാളികൾ കൈമാറിയതിൽ ആറാം പ്രതിയുമാണ് മുരാരി ബാബു. രണ്ട് ജാമ്യ ഹരജികളാണ് ബാബു നൽകിയത്. മൂന്ന് ഹരജികളിലും വാദം പൂർത്തിയാക്കിയ ജസ്റ്റിസ് എ. ബദറുദ്ദീൻ വിധി പറയാൻ മാറ്റുകയായിരുന്നു. കട്ടിളപ്പാളികൾ സ്വർണം പൊതിഞ്ഞതിന് രേഖകളില്ലെന്ന വാദമാണ് എൻ. വാസുവിന്റെ അഭിഭാഷകൻ ഉന്നയിച്ചത്.
എന്നാൽ, 1998 ൽ കട്ടിളപ്പാളികൾ സ്വർണം പൊതിഞ്ഞതിൽ പങ്കാളികളായവരുടെ മൊഴികളടക്കം കോടതിയിൽ ഹാജരാക്കിയ സർക്കാർ ഈ വാദത്തെ എതിർത്തു. ഇക്കാര്യത്തിൽ വാമൊഴികൾ മാത്രമാണോ ഉള്ളതെന്നും കട്ടിളപ്പാളികൾ സ്വർണം പൊതിഞ്ഞിരുന്നതിന് രേഖയുണ്ടോ എന്നതാണ് പ്രാധന ചോദ്യമെന്നും കോടതി നിരീക്ഷിച്ചു. തുടർന്ന് എഫ്.ഐ.ആർ പരിശോധിച്ച കോടതി, കട്ടിളപ്പാളിയെന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ശിവരൂപമടക്കം അനുബന്ധ കൊത്തുപണികളുടെ വിവരങ്ങൾ ഇതിലില്ലെന്നും ചൂണ്ടിക്കാട്ടി. ഇവ കൂട്ടിച്ചേർക്കാൻ അനുബന്ധ റിപ്പോർട്ട് നൽകിയിട്ടുണ്ടോ എന്നും ആരാഞ്ഞു.
ശബരിമല ക്ഷേത്ര ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി അപഹരണക്കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജുഡീഷ്യൽ റിമാൻഡ് കാലാവധി രണ്ട് ആഴ്ചത്തേക്ക് നീട്ടി. ഈ കേസിലെ ജാമ്യഹരജി 22ന് പരിഗണിക്കും. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് കോടതി ആവശ്യപെട്ടിട്ടുണ്ട്. കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിൽ വ്യാഴാഴ്ചയാണ് റിമാൻഡ് കാലാവധി അവസാനിക്കുന്നത്.
ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി അപഹരിച്ച കേസിൽ എസ്.ഐ.ടി കസ്റ്റഡിയിൽ വിട്ട ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിങ്കളാഴ്ചയാണ് ഇവരെ കസ്റ്റഡിയിൽ വിട്ടത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി.
അതേസമയം, ശബരിമല ക്ഷേത്രത്തിലെ സ്വർണാപഹരണവുമായി ബന്ധപ്പെട്ട കേസിലെ വിവരങ്ങളുടെ സർട്ടിഫൈഡ് പകർപ്പ് കൈമാറണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച അപേക്ഷ ബുധനാഴ്ച പരിഗണിക്കും. എതിർവാദം അറിയിക്കാൻ എസ്.ഐ.ടി കൂടുതൽ സാവകാശം തേടിയ പശ്ചാത്തലത്തിലാണ് അപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്.
സർക്കാറും എസ്.ഐ.ടിയും ഇ.ഡി അന്വേഷണത്തെ അനുകൂലിക്കുന്നില്ലെന്നാണ് സൂചന. തങ്ങളുടെ അന്വേഷണം പൂർത്തിയാക്കിയിട്ട് മതി മറ്റൊരു അന്വേഷണം എന്നതാണ് എസ്.ഐ.ടി നിലപാട്. ഇ.ഡി അന്വേഷിച്ചാൽ മറ്റ് ഉന്നതരെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് സർക്കാർ ഭയപ്പെടുന്നുണ്ട്. എഫ്.ഐ.ആറുകൾ, റിമാൻഡ് റിപ്പോർട്ടുകൾ, അറസ്റ്റിലായവരുടെയും മറ്റുള്ളരുടെയും മൊഴികൾ, പിടിച്ചെടുത്ത രേഖകൾ തുടങ്ങിയവയുടെ പകർപ്പാണ് ഇ.ഡി ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.