എ. പത്മകുമാർ

എ. പത്മകുമാർ റിമാൻഡിൽ, തിരുവനന്തപുരം പ്രത്യേക ജയിലിലേക്ക് മാറ്റി

കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

കനത്ത സുരക്ഷയിൽ രാത്രി എട്ടരയോടെ കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി. മോഹിതിന്റെ തേവള്ളിയിലെ വസതിയിൽ പ്രത്യേക അന്വേഷണസംഘം പത്മകുമാറിനെ എത്തിക്കുകയായിരുന്നു. നടപടി പൂർത്തിയാക്കി തിരുവനന്തപുരം പ്രത്യേക ജയിലിലേക്ക് മാറ്റി. ശബരിമല ശ്രീകോവിലിലെ വാതിൽ കട്ടിളപ്പടിയിലെ സ്വർണക്കവർച്ചയിലാണ് എട്ടാം പ്രതിയായിരുന്ന സി.പി.എം പത്തംതിട്ട ജില്ല കമ്മിറ്റി അംഗവും മുൻ കോന്നി എം.എൽ.എയുമായ പത്മകുമാറിന്‍റെ അറസ്റ്റ് പ്രത്യേക അന്വേഷണസംഘം (എസ്.എ.ടി) രേഖപ്പെടുത്തിയത്. എസ്.എ.ടി നൽകിയ നോട്ടീസിന്‍റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച പുലർച്ച ആറൻമുളയിലെ വീട്ടിൽനിന്ന് തിരുവനന്തപുരത്തെത്തിയ പത്മകുമാറിനെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എസ്.പി ശശിധരന്‍റെ നേതൃത്വത്തിൽ അഞ്ചുമണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. തുടർന്ന് പൊലീസ് അകമ്പടിയിൽ ദേഹപരിശോധനക്കായി ജനറൽ ആശുപത്രിയിലെത്തിച്ച പത്മകുമാർ എല്ലാം അയ്യപ്പൻ തീരുമാനിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

കട്ടിളപ്പടിയിലെ സ്വർണക്കൊള്ളയിൽ അറസ്റ്റിലാകുന്ന ആറാമത്തെയാളാണ് എ. പത്മകുമാർ. ശബരിമലയിൽ നിന്നും 2019ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ കട്ടിളപ്പടിയിലെ സ്വർണം പൊതിഞ്ഞ ചെമ്പുപാളികൾ സ്വർണം പൂശാനെന്ന പേരിൽ അനധികൃതമായി പുറത്തേക്ക് കൊണ്ടുപോയത് അന്നത്തെ ദേവസ്വം ഭരണസമിതിയുടെ ഒത്താശയോടുകൂടിയായിരുന്നുവെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ.

എന്നാൽ, അന്നത്തെ ദേവസ്വം കമീഷണറായിരുന്ന എൻ. വാസുവും ദേവസ്വം സെക്രട്ടറിടയക്കമുള്ള ഉദ്യോഗസ്ഥരും ദേവസ്വം ബോർഡിന് കൈമാറിയ രേഖപ്രകാരമാണ് സ്വർണപാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്ന് പത്‌മകുമാർ അന്വേഷണസംഘത്തോട് പറഞ്ഞു. എന്നാൽ പത്മകുമാറിന്‍റെ ഈ വാദങ്ങളെല്ലാം എസ്.എ.ടി തള്ളികളയുകയായിരുന്നു.

ശ്രീകോവിലിന്‍റെ കട്ടിളപ്പടികളിലും അതിനോട് ചേർന്ന പ്രഭാമണ്ഡലത്തിലും 1998ൽ വിജയ് മല്യയുടെ സ്പോൺസർഷിപ്പിൽ സ്വർണം പൊതിഞ്ഞിട്ടുണ്ടെന്ന് പ്രസിഡന്‍റായ പത്മകുമാറിനും അന്നത്തെ ഭരണസമിതി അംഗങ്ങളായ കെ.പി. ശങ്കർദാസിനും എൻ. വിജയകുമാറിനും അറിവുണ്ടായിരുന്നു.

കെ.പി ശങ്കർദാസിന്‍റെയും എൻ. വിജയകുമാറിന്‍റെയും അറസ്റ്റ് അന്വേഷണസംഘം രേഖപ്പെടുത്തും. ഇരുവരോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.

Tags:    
News Summary - Sabarimala gold robbery: A. Padmakumar remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.