തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി ചെമ്പാക്കിയ ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ‘ചെമ്പട’യിലേക്ക് അന്വേഷണം നീളുമ്പോൾ തെളിയേണ്ടത് വിജയ് മല്യ (യു.ബി ഗ്രൂപ്പ്) നൽകിയ തനിത്തങ്കത്തിന് എന്ത് സംഭവിച്ചുവെന്ന്.
ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ ആദ്യം പരാമർശിക്കുന്നതും ഇതുതന്നെ. 1998ൽ 24 കാരറ്റ് സ്വർണം ഉപയോഗിച്ചാണ് വിജയ് മല്യ ശബരിമല ശ്രീകോവിൽ മേൽക്കൂരയും മൂന്ന് താഴികക്കുടങ്ങളും ദ്വാരപാലക ശിൽപങ്ങളും വാതിൽപടിയും വാതിലും സ്വർണം പൊതിഞ്ഞത്. അതിനായി യു.ബി ഗ്രൂപ്പ് ചെന്നൈയിലെ ജെ. നാഗരാജനെയാണ് ചുമതലപ്പെടുത്തിയത്. അദ്ദേഹം സമർപ്പിച്ച ക്വട്ടേഷനിൽ 31.252 കിലോ സ്വർണമാണ് ആവശ്യപ്പെട്ടത്. ദേവസ്വം ബോർഡിന്റെയും കോടതിയുടെയും അനുമതിയോടെ മൂന്ന് ഘട്ടമായി 24 കാരറ്റ് മാറ്റുള്ള 30.329 കിലോ തങ്കം സന്നിധാനത്ത് എത്തിച്ചു. നാഗരാജന്റെ നേതൃത്വത്തിൽ ചെന്നൈയിൽനിന്നുള്ള അമ്പതോളം തൊഴിലാളികൾ സന്നിധാനത്ത് താമസിച്ചാണ് പണികൾ ചെയ്തത്.
1998ലെ രേഖകൾ പ്രകാരം, ദ്വാരപാലക ശിൽപങ്ങളിൽ 1564.190 ഗ്രാം സ്വർണം (ഏകദേശം 195 പവൻ) ഉണ്ടായിരുന്നു. വശങ്ങളിലും ശ്രീകോവിലിന് ചുറ്റുമുള്ള തൂണുകളിലുമായി 4302 ഗ്രാം സ്വർണവും പൊതിഞ്ഞു. 2019 ജൂലൈ 19ലെ മഹസർ പ്രകാരം ദ്വാരപാലക ശിൽപങ്ങളിലെ പാളികളും ജൂലൈ 20ലെ മഹസർ പ്രകാരം ശ്രീകോവിലിന്റെ തെക്ക്-വടക്ക് മൂലകളിൽ ഘടിപ്പിച്ച നാല് ലോഹ പാളികളും ഉൾപ്പെടെ 2064.19 ഗ്രാം (258 പവൻ) സ്വർണമാണ് ‘വീണ്ടും സ്വർണം പൂശാൻ’ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത്. കൂടാതെ വാതിൽ, കട്ടളപ്പടി എന്നിവ ‘സ്വർണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞതിനാൽ’ എന്ന് രേഖപ്പെടുത്തി സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപിച്ചു.
ഇതിനായി രേഖകളിൽ ചെമ്പെന്ന് രേഖപ്പെടുത്തി അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ മുരാരി ബാബുവും എക്സിക്യൂട്ടീവ് ഓഫിസർ ഡി. സുധീഷ്കുമാറും ചേർന്ന് ദേവസ്വം കമീഷണർക്ക് ശിപാർശ കത്ത് നൽകി. 1998ൽ യു.ബി ഗ്രൂപ്പ് ശ്രീകോവിലും ചുറ്റും സ്വർണം പൊതിഞ്ഞ വിവരം ഇവർക്ക് അറിയാമെന്നിരിക്കെ അത് മറച്ചുവെച്ചാണ് ‘വെറും ചെമ്പ് തകിടുകൾ’ എന്ന് രേഖപ്പെടുത്തി തട്ടിപ്പിന് കൂട്ടുനിന്നത്. ഇവരുടെ മൊഴികൾ തൃപ്തികരമല്ലെന്നാണ് വിജിലൻസ് രേഖപ്പെടുത്തിയത്.
ഇരുവരെയും കൂടാതെ അന്നത്തെ ദേവസ്വം ഉദ്യോഗസ്ഥരായ എസ്. ജയശ്രീ, എസ്. ശ്രീകുമാർ, കെ. സുനിൽകുമാർ, കെ.എസ്. ബൈജു, ആർ.ജി. രാധാകൃഷ്ണൻ തുടങ്ങിയവർക്കും വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയിട്ടുണ്ട്.വിജയ് മല്യ സ്വർണം പൊതിഞ്ഞ 2064.19 ഗ്രാം പാളി 2019ൽ സ്മാർട്ട് ക്രിയേഷൻസിൽ എത്തിക്കുമ്പോൾ 394.900 ഗ്രാമായി ചുരുങ്ങി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയ സ്വർണപ്പാളികൾ സ്മാർട്ട് ക്രിയേഷൻസിൽ എത്താൻ 39 ദിവസമെടുത്തു. ഇതിലൂടെ യഥാർഥ സ്വർണപ്പാളിയല്ല സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചതെന്ന സംശയം ദൃഢമാവുകയാണ്. അങ്ങനെയെങ്കിൽ യഥാർഥ സ്വർണം ആരെടുത്തു? എന്ത് ചെയ്തു തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം പുറത്തുവരേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.