വി.ഡി. സതീശൻ
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണം കൊള്ളയടിച്ചതിന് പിന്നില്‍ രാഷ്ട്രീയ നേതൃത്വത്തിലുള്ളവരുടെ പങ്കും ഗൂഢാലോചനയും ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് എഫ്.ഐ.ആറെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒന്നാം പ്രതിയായ ഇതേ ഉണ്ണികൃഷ്ണന്‍ പോറ്റിയെയാണ് 2025ല്‍ വീണ്ടും വിളിച്ചു വരുത്തി സ്വര്‍ണപാളി കൊടുത്തുവിട്ടത്. ശബരിമലയിലെ ദ്വാരപാല ശിൽപങ്ങൾ മോഷ്ടിച്ച് വിറ്റെന്ന് തെളിയുകയും സര്‍ക്കാറും സി.പി.എം നേതാക്കളും സംശനിഴലിലാകുകയും ചെയ്ത സാഹചര്യത്തില്‍ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ സര്‍ക്കാറിനും ദേവസ്വം വകുപ്പിനും കഴിയില്ല. ദേവസ്വം മന്ത്രി അടിയന്തരമായി രാജിവെക്കണം. വീണ്ടും തട്ടിപ്പ് നടത്താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഗൂഢാലോചന നടത്തിയ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവില്‍ കട്ടിളപ്പടിയിലെ സ്വര്‍ണപാളികള്‍ കടത്തിയ കേസിലാണ് സി.പി.എം നേതാവും 2019ല്‍ ദേവസ്വം പ്രസിഡന്റുമായ എ. പത്മകുമാറിനെയും ബോര്‍ഡ് അംഗങ്ങളെയും പ്രതി ചേര്‍ത്തിരിക്കുന്നത്. ദ്വാരപാലക ശില്‍പങ്ങൾ കോടീശ്വരന് വിറ്റ കേസിലും ഇവര്‍ സ്വാഭാവികമായും പ്രതികളാകേണ്ടവരാണ്. എന്തുകൊണ്ടാണ് ആ കേസില്‍ നിന്നും ഇവരെ ഒഴിവാക്കിയതെന്ന് വ്യക്തമല്ല.
സ്വര്‍ണക്കൊള്ളയിൽ 2019 ലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും പ്രതികളായ സാഹചര്യത്തില്‍ അന്നത്തെ ദേവസ്വം മന്ത്രിയുടെ പങ്കിനെ കുറിച്ചും അന്വേഷിക്കണം. സ്വര്‍ണക്കൊള്ള നടത്തിയെന്ന് ദേവസ്വം ബോര്‍ഡ് കണ്ടെത്തിയ ഉണ്ണികൃഷ്ണന്‍ പോറ്റിയെ 2025ല്‍ വീണ്ടും വിളിച്ചു വരുത്തി സ്വര്‍ണപാളി കൊടുത്തു വിട്ടതിലും ദുരൂഹതയുണ്ട്. ഇതേക്കുറിച്ച് അന്വേഷിച്ച് ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം.
2019ലെ ദേവസ്വം ബോര്‍ഡിനെ പ്രതിയാക്കിയതു പോലെ നിവവിലെ ബോര്‍ഡിനെയും പ്രതികളാക്കി കേസെടുക്കണം. സര്‍ക്കാറല്ല, കൊള്ളക്കാരാണ് കേരളം ഭരിക്കുന്നതെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശബരിമലയിലെ സ്വര്‍ണക്കൊള്ളയെന്നും സതീശൻ അഭിപ്രായപ്പെട്ടു.
ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ഒന്നാം പ്രതിയാക്കി 10 പേർക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. കവർച്ച, വ്യാജരേഖ ചമക്കൽ, വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ മുരാരി ബാബു ഉൾപ്പടെ ഉന്നത ഉദ്യോഗസ്ഥരും ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തുക്കളും പ്രതിപ്പട്ടികയിൽ ഉണ്ട്. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. ക്രൈംബ്രാഞ്ച് മേധാവി കൂടിയായ എച്ച്. വെങ്കിടേഷാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെയും മേധാവി. സംസ്ഥാന അടിസ്ഥാനത്തിൽ അന്വേഷണ അധികാരമുള്ളതുകൊണ്ടാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്.
കസ്റ്റഡിയിൽ എടുക്കൽ അടക്കമുള്ള നടപടികളിലേക്ക് സംഘം കടക്കുമെന്നാണ് സൂചന. പത്തനംതിട്ട കേന്ദ്രീകരിച്ച് ക്യാമ്പ് ചെയ്‌ത് അന്വേഷണം ആരംഭിക്കും. ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ അതേ രീതിയിൽ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന്‍റെ മേൽനോട്ടത്തിൽ പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടർ എസ്. ശശിധരന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. 2019ൽ ദ്വാരപാലക ശിൽപങ്ങളും ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പടിയിലെ പാളികളും അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയ ഉണ്ണികൃഷ്ണൻ പോറ്റി 474.9 ഗ്രാം സ്വർണം അപഹരിച്ചുവെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തൽ. ഈ സ്വർണം എന്ത് ചെയ്തുവെന്ന് അന്വേഷണ സംഘം പരിശോധിക്കും. പോറ്റിക്ക് സഹായം ചെയ്തുകൊടുത്തവരെപറ്റി അന്വേഷിക്കും. ആറാഴ്‌ചയ്ക്കകം അന്വേഷണം പൂർത്തിയാക്കാനാണ് ഹൈകോടതി നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.