ന്യൂഡൽഹി: ഇൻഡിഗോ സർവിസ് താളംതെറ്റിയതോടെ വിമാന യാത്രാനിരക്ക് കുതിച്ചുയർന്നു. വെള്ളിയാഴ്ച ഡൽഹിയിൽനിന്ന് കോഴിക്കോട്ടേക്കുള്ള വിമാനനിരക്ക് 59,800 രൂപ വരെ എത്തി. ശനിയാഴ്ചയിലെ നിരക്ക് 42,000 രൂപ കടന്നു. ഡൽഹിയിൽനിന്ന് കൊച്ചിയിലേക്ക് ശനിയാഴ്ചയിലെ നിരക്ക് 40,000 രൂപയാണ്. ഡൽഹി-ചെന്നൈ നിരക്ക് 62,000 കടന്നു. ബാംഗ്ലൂർ-ഡൽഹി വിമാനയാത്രക്ക് 70,000 രൂപ വരെ എത്തി. വെള്ളിയാഴ്ച അടിയന്തരമായി യാത്ര ചെയ്യേണ്ടിവന്ന പലരും ലക്ഷം രൂപ വരെ ടിക്കറ്റ് നിരക്ക് നൽകിയെന്ന് നിരവധിപേർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
കൊണ്ടോട്ടി: ഇന്‍ഡിഗോ വിമാനങ്ങളുടെ സർവിസ് മുടക്കം കരിപ്പൂർ വിമാനത്താവളത്തെയും ബാധിച്ചു. വെള്ളിയാഴ്ച എട്ടു സർവിസുകളാണ് മുടങ്ങിയത്. ഇത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി. വിമാനത്താവളത്തില്‍ എത്തിയശേഷമാണ് പലരും സർവിസ് റദ്ദാക്കിയതറിഞ്ഞത്. വെള്ളിയാഴ്ച പുലര്‍ച്ചെ കരിപ്പൂരിലെത്തേണ്ട ദമ്മാം, അബൂദബി, ദുബൈ അന്താരാഷ്ട്ര സര്‍വിസുകളും ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, ഡല്‍ഹി, മുംബൈ സര്‍വിസുകളുമാണ് റദ്ദാക്കിയത്. കരിപ്പൂരില്‍നിന്ന് പുറപ്പെടേണ്ട ദമ്മാം, അബൂദബി, ദുബൈ, ജിദ്ദ സര്‍വിസുകള്‍ അനിശ്ചിതമായി വൈകി. ഡല്‍ഹിയില്‍നിന്നും തിരിച്ചുമുള്ള സര്‍വിസുകളും ബംഗളൂരുവിലേക്കുള്ള രണ്ടു സര്‍വിസുകളും റദ്ദാക്കി. വിമാനങ്ങള്‍ റദ്ദാക്കുകയും സര്‍വിസ് വൈകുകയും ചെയ്തതോടെ മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കുടുങ്ങുകയായിരുന്നു യാത്രക്കാര്‍. അധികൃതര്‍ കൃത്യമായ മറുപടി നല്‍കുന്നില്ലെന്ന് അവർ ആരോപിച്ചു.
ക്രമീകരണങ്ങളിൽ വന്ന പാളിച്ചകൾ മൂലം വെള്ളിയാഴ്ച മാത്രം ഇൻഡിഗോയുടെ 1300 ലേറെ ഫ്ലൈറ്റുകളാണ് റദ്ദാക്കേണ്ടിവന്നത്. സർവിസ് നടത്തിയ വിമാനങ്ങൾ മണിക്കൂറുകൾ വൈകി. പ്രതിസന്ധി മുതലാക്കി മറ്റു വിമാനക്കമ്പനികൾ യാത്രാനിരക്ക് കുത്തനെ ഉയർത്തി. ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം കനത്തതോടെ സുരക്ഷ ചുമതലയുള്ള സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി ജോലിക്ക് ഹാജരാകാൻ ആവശ്യപ്പട്ടു. പ്രതിദിനം 2,200 ലധികം വിമാന സർവിസുകളാണ് ഇൻഡിഗോക്കുള്ളത്. സർവിസ് നടത്തുന്നതിലുണ്ടായ പ്രതിസന്ധിയിൽ ഇൻഡിഗോ അധികൃതർ ഖേദം പ്രകടിപ്പിച്ചു. റീഫണ്ട് ഉൾപ്പെടെയുള്ള നടപടികൾ ഉറപ്പുനൽകി.
ഡി.ജി.സി.എ നടപ്പാക്കിയ എഫ്.ഡി.ടി.എൽ ചട്ടം അനുസരിച്ച് പൈലറ്റുമാരുടെ പ്രതിവാര വിശ്രമ സമയം 36 മണിക്കൂർ ആയിരുന്നത് 48 മണിക്കൂറായി വർധിപ്പിക്കുകയും രാത്രി ലാൻഡിങ് ആറെണ്ണമായിരുന്നത് രണ്ടായി കുറക്കുകയും ചെയ്തു. ഇതിനുവേണ്ടി ആവശ്യമായ പൈലറ്റുമാരെ എടുക്കാതെ വന്നതാണ് പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്.
സർവിസുകൾ പൂർണമായി സാധാരണ നിലയിലെത്താൻ ഡിസംബർ 15 വരെ സമയം എടുത്തേക്കും. ശനിയാഴ്ച ആയിരത്തോളം വിമാനങ്ങൾ റദ്ദാക്കേണ്ടി വരുമെന്നും ഇൻഡിഗോ സി.ഇ.ഒ പീറ്റർ എൽബേർസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.