ശബരിമല: ആരൊക്കെ ജയിലിലായെന്ന് ഞങ്ങൾ നോക്കിയിട്ടില്ല, സ്വർണം നമുക്ക് പൂർണമായും തിരിച്ചുകിട്ടണം -എം.വി. ഗോവിന്ദൻ

കണ്ണൂർ: ശബരിമല സ്വർണക്കൊള്ള സംബന്ധിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം വളരെ ഫലപ്രദമായ രീതിയിൽ നടക്കുന്നുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അന്വേഷണത്തിന് ഞങ്ങൾ പൂർണമായ പിന്തുണ നൽകുന്നു. ആ പിന്തുണ അന്നും ഇന്നും ഒരേപോലെ തുടരുകയാണ്. ആരൊക്കെ ചോദ്യം ചെയ്യപ്പെട്ടു, ആരൊക്കെ ജയിലിലായി എന്നത് ഞങ്ങൾ നോക്കിയിട്ടില്ല. ആരായാലും അവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണം. സ്വർണ്ണം നമുക്ക് പൂർണ്ണമായും തിരിച്ചുകിട്ടണം. അവരെ രക്ഷിക്കുന്ന നിലപാടിലേക്ക് ഞങ്ങൾ പോകില്ല. എന്നാൽ, അവസരവാദപരമായ നിലപാടാണ് യുഡിഎഫ് തുടരുന്നത് -അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി​യെ സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി കാണാൻ പോയത് സംബന്ധിച്ച ചോദ്യങ്ങൾക്ക് കോൺഗ്രസ് ഉത്തരം പറയേണ്ടതുണ്ടെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ‘മുമ്പ് കരുണാകരന് പോലും യഥേഷ്ടം കാണാൻ സാധിക്കാതിരുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയെയാണ് യു.ഡി.എഫ് കൺവീനറും ആന്റോ ആന്റണി എം.പിയും കാണാൻ പോയതും ഫോട്ടോ പങ്കിട്ടതും. ബെല്ലാരിയിലെ സ്വർണ വ്യാപാരിയും അതിന്റൊപ്പം തന്നെ ഉണ്ട്. അതോടൊപ്പമാണ് ഇന്നത്തെ കേരളത്തിലെ യുഡിഎഫിന്റെ കൺവീനറെ ആ ഫോട്ടോയിൽ നമ്മൾ കാണുന്നത്. ആന്റോ ആന്റണി എംപിയും ഉണ്ട്. ആരാണ് ഇവർക്ക് അപ്പോയിന്മെന്റ് വാങ്ങി കൊടുത്തത് എന്ന് മുഖ്യമന്ത്രി തന്നെ ചോദിച്ചു. എങ്ങനെയാണ്, ആരാണ് ഈ അപ്പോയിന്മെന്റ് സംഘടിപ്പിച്ചു കൊടുത്തത്? അത് പറയുന്നില്ല. എംപി ആണോ, അതോ വേറെ ഏതെങ്കിലും പാർട്ടി നേതാക്കന്മാരെ ഉപയോഗിച്ചുകൊണ്ടാണോ ഈ കൊള്ളയുടെ പ്രധാനപ്പെട്ട വ്യക്തിയുമായി ബന്ധം ശക്തിപ്പെടുത്തി വന്നത് എന്നതിന് ഉത്തരം പറയേണ്ടതുണ്ട്. അടൂർ പ്രകാശിനെ ചോദ്യം ചെയ്യുമെന്നാണ് മാധ്യമങ്ങളിലൂടെ ഇന്ന് കാണാൻ കഴിഞ്ഞത്. ഇന്നലെവരെ സിപിഎമ്മിന് എതിരായിട്ടുള്ള അന്വേഷണത്തിലേക്കാണ് നീങ്ങുന്നത് എന്ന് പ്രചരിപ്പിച്ച് ആഹ്ലാദഭരിതരായിരുന്ന വി.ഡി. സതീശനും കെ.സി. വേണുഗോപാലും ഉൾപ്പെടെയുള്ള കോൺഗ്രസ്, യുഡിഎഫ് നേതാക്കന്മാർ ഈ വാർത്ത പുറത്തുവരുന്ന നിമിഷത്തോടുകൂടി മാറുകയാണ്. എത്ര അവസരവാദപരമായ നിലപാടാണ് അവർ സ്വീകരിക്കുന്നത് എന്ന് നോക്കൂ?.

അന്വേഷണം കോൺഗ്രസ് നേതാക്കന്മാരായ അടൂർ പ്രകാശ് ഉൾപ്പെടെയുള്ളവരുടെ നേരെ നീങ്ങുന്നു എന്ന് വരുമ്പോൾ അവർ എസ്ഐടിയെ തന്നെ കുറ്റപ്പെടുത്തുന്ന നിലപാടിലേക്ക് അവർ എത്തുന്നു. സംഭവം അവരിലേക്ക് മെല്ലെ മെല്ലെ വരുന്നു എന്ന് കാണുമ്പോൾ അതിനെ പ്രതിരോധിക്കാനും സ്വർണ്ണക്കടത്ത് അന്വേഷിക്കുന്നതിൽ നിന്ന് അവരെ തടയാനുമുള്ള ബോധപൂർവ്വമായ ഇടപെടലാണ്. ഈ ഇടപെടലിനെ കേരളം അംഗീകരിക്കില്ല.

അന്വേഷണം വളരെ ഫലപ്രദമായ രീതിയിൽ നടക്കുന്നു, ഞങ്ങൾ അതിന് പൂർണ്ണമായ പിന്തുണ നൽകുന്നു. ആ പിന്തുണ അന്നും ഇന്നും ഒരേപോലെ തുടരുകയാണ്. ആരൊക്കെ ചോദ്യം ചെയ്യപ്പെട്ടു, ആരൊക്കെ ജയിലിലായി എന്നത് ഞങ്ങൾ നോക്കിയിട്ടില്ല. ആരായാലും അവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണം, സ്വർണ്ണം നമുക്ക് പൂർണ്ണമായിട്ടും തിരിച്ചുകിട്ടണം. അവരെ രക്ഷിക്കുന്ന നിലപാടിലേക്ക് ഞങ്ങൾ പോകില്ല. ഇതാണ് ഞങ്ങളുടെ നിലപാട്. എന്നാൽ അവസരവാദപരമായ നിലപാടാണ് യുഡിഎഫ് തുടരുന്നത് -എം.വി. ഗോവിന്ദൻ വ്യക്തമാക്കി.  

Tags:    
News Summary - sabarimala gold missing case: mv govindan against congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-01 04:28 GMT