ശബരിമല: ഇത്തവണത്തെ മണ്ഡല-മകരവിളക്ക് സീസണ്‍ അവസാനിച്ചാലുടന്‍ അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങളും പ്രവൃത്തികളും ആരംഭിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരുക്കങ്ങളെല്ലാം അടുത്ത ഉത്സവകാലത്തിന് ഒരുമാസം മുമ്പ് പൂര്‍ത്തിയാക്കുകയും വേണം. ശബരിമല മണ്ഡല-മകരവിളക്ക് മുന്നൊരുക്കം വിലയിരുത്തുന്നതിന് സന്നിധാനത്ത് നടന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
തീര്‍ഥാടകര്‍ക്കാവശ്യമായ കുടിവെള്ളം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. വാട്ടര്‍ അതോറിറ്റി ഏഴ് ആര്‍.ഒ പ്ളാന്‍റുകള്‍ സ്ഥാപിച്ച് 132 വിതരണകേന്ദ്രങ്ങളിലൂടെ കുടിവെള്ളം നല്‍കും. ദേവസ്വം ബോര്‍ഡ് കുടിവെള്ള വിതരണത്തിനായി 4.70 കോടി രൂപയുടെ പദ്ധതിക്കായി കരാര്‍ നല്‍കിയിട്ടുണ്ട്്. ഈ പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും. പമ്പ മുതല്‍ സന്നിധാനം വരെ വഴിയോര കുടിവെള്ള കിയോസ്കുകള്‍ ഉണ്ടാകും. ചുക്കുവെള്ള വിതരണത്തിന് ദേവസ്വം ബോര്‍ഡ് പ്രത്യേക കൗണ്ടറുകള്‍ ഒരുക്കും. ഇവിടെ വിതരണം ചെയ്യുന്നത് ശുദ്ധജലമാണെന്ന് ഉറപ്പുവരുത്താന്‍ ഭക്ഷ്യസുരക്ഷ വകുപ്പിനെ ചുമതലപ്പെടുത്തും.
ളാഹ മുതല്‍ പമ്പവരെയുളള പാതക്കരികിലായി അപകടമാംവിധം നില്‍ക്കുന്ന മരങ്ങള്‍ മുറിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ചര്‍ച്ചചെയ്ത് ഉടന്‍ നടപടിയെടുക്കും. പമ്പയിലേക്കുള്ള റോഡുകളുടെയും അനുബന്ധ റോഡുകളുടെയും അറ്റകുറ്റപ്പണി മണ്ഡക്കാലത്തിനുമുമ്പ് പൂര്‍ത്തിയാക്കാനുള്ള ശ്രമം നടന്നുവരുന്നതായും മന്ത്രി പറഞ്ഞു. സന്നിധാനത്തെ സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റിന്‍െറ പോരായ്മ ഉടന്‍ പരിഹരിക്കും.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറയും ദേവസ്വം ബോര്‍ഡിന്‍െറയും ഉദ്യോഗസ്ഥര്‍ എസ്.ടി.പിയുടെ കരാറുകാരുമായി സംസാരിച്ച് പ്രശ്നം വേഗത്തില്‍ പരിഹരിക്കണം. മണ്ഡലകാലം ആരംഭിക്കുന്നതു മുതല്‍ വെടി വഴിപാട് നടത്താനാവശ്യമായ നടപടി ജില്ലാ ഭരണകൂടം സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഇതിനായി എ.ഡി.എം അനു എസ്.നായരെ ചുമതലപ്പെടുത്തി. സന്നിധാനത്തേക്കുള്ള ക്യൂ കോംപ്ളക്സുകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുമെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥ അവലോകന യോഗത്തിനുശേഷം എസ്.ടി.പിയുടെ കരാറുകാരനുമായും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥനുമായും മന്ത്രി ചര്‍ച്ച നടത്തി. തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി ജലീല്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ അജയ് തറയില്‍, കെ.രാഘവന്‍, ദേവസ്വം സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ദേവസ്വം കമീഷണര്‍ സി.പി.രാമരാജ പ്രേമപ്രസാദ്, ദേവസ്വം സെക്രട്ടറി വി.എസ്.ജയകുമാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
അവലോകന യോഗത്തില്‍ മന്ത്രി കെ.ടി. ജലീല്‍ ദേവസ്വം പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ അജയ് തറയില്‍, കെ. രാഘവന്‍, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.