േകാട്ടയം: അങ്കമാലി-എരുമേലി ശബരി റെയിൽപാതയുടെ നിർമാണച്ചെലവ് 2815 കോടിയായി ഉയർന്നു. 1998ൽ പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയപ്പോൾ 540 കോടിയായിരുന്നു ചെലവ് കണക്കാക്കിയിരുന്നത്. എന്നാൽ, നിർമാണം അനന്തമായി വൈകിയതോടെ ഇത് കുത്തനെ ഉയരുകയായിരുന്നു. കഴിഞ്ഞദിവസം ദക്ഷിണ റെയിൽവേ അധികൃതർ റെയിൽവേ ബോർഡിന് സമർപ്പിച്ച എസ്റ്റിമേറ്റിലാണ് തുക 2815 കോടിയായി പുതുക്കി നിശ്ചയിച്ചത്. 2012ലും എസ്റ്റിമേറ്റ് പുതുക്കിയിരുന്നു. അന്ന് ചെലവ് 1680 കോടി രൂപയായിരുന്നു.
അതേസമയം, പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചെങ്കിലും പദ്ധതി ഇനിയും വൈകുമെന്നാണ് സൂചന. നിർമാണച്ചെലവ് വഹിക്കുന്നതിനെച്ചൊല്ലി റെയിൽവേയും സംസ്ഥാനവും തമ്മിൽ ഉടലെടുത്ത പുതിയ തർക്കമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. നേരേത്ത ശബരി അടക്കമുള്ള റെയിൽവേ പദ്ധതികൾ സംയുക്തമായി നടപ്പാക്കാൻ സംസ്ഥാനവും റെയിൽവേയും തമ്മിൽ ധാരണയാവുകയും പ്രത്യേക കമ്പനി രൂപവത്കരിക്കുകയും ചെയ്തിരുന്നു.
ഇതിനുപിന്നാലെ സംസ്ഥാന സർക്കാർ ചെലവിെൻറ പകുതി നൽകാമെന്ന് തീരുമാനിക്കുകയും ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിലൂടെ നിർമാണച്ചെലവിനെ ചൊല്ലി വർഷങ്ങളായി നിലനിന്ന തർക്കത്തിന് പരിഹാരമായത് മലയോരവാസികളിൽ വീണ്ടും പ്രതീക്ഷ ജനിപ്പിച്ചു. ഇതിനിടെ പ്രധാനമന്ത്രി സംസ്ഥാന ചീഫ് സെക്രട്ടറിയുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ പദ്ധതിയുടെ മുഴുവൻ തുകയും കേന്ദ്ര സർക്കാർ വഹിക്കുന്നത് പരിഗണിക്കാമെന്നറിയിച്ചതോടെ സംസ്ഥാന സർക്കാർ പകുതിവിഹിതം നൽകുന്നതിൽനിന്ന് പിന്മാറി. എന്നാൽ, പകുതി വഹിക്കണമെന്ന നിലപാടിൽ തന്നെയാണ് റെയിൽവേ മന്ത്രാലയം.
പ്രധാനമന്ത്രിയുടെ നിലപാട് സംസ്ഥാനം കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽകൊണ്ടുവന്നെങ്കിലും ഇതുസംബന്ധിച്ച് രേഖാമൂലം അറിയിപ്പ് ലഭിച്ചില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. പദ്ധതിയുടെ ചെലവ് കേന്ദ്രം പൂർണമായും വഹിക്കാമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് പാലിക്കണമെന്നാവശ്യപ്പെട്ട് കേരളം സമ്മർദം തുടർന്നെങ്കിലും റെയിൽവേ വഴങ്ങിയിട്ടില്ല. ഇടുക്കി എം.പി േജായ്സ് ജോർജും റെയിൽവേ ബോർഡിനെ സമീപിച്ചിരുന്നു.
എന്നാൽ, അവർ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ഇൗ വിഷയത്തിൽ തർക്കം തുടരുന്നതിനാൽ പുതുക്കിയ എസ്റ്റിമേറ്റ് റെയിൽവേ ബോർഡിന് സമർപ്പിക്കാനും ഇവർ തയാറായിരുന്നില്ല. കേരളം സമ്മർദം ശക്തമാക്കിയതോടെയാണ് പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിക്കാൻ തയാറായത്. എന്നാൽ, ചെലവ് വഹിക്കുന്ന കാര്യത്തിൽ തീരുമാനമാകാതെ ബോർഡ് ഇതിന് അംഗീകാരം നൽകാൻ തയാറാകില്ലെന്നാണ് സൂചന. പുതിയ സാഹചര്യത്തിൽ പ്രധാനമന്ത്രിയെ വിഷയത്തിൽ ഇടെപടുത്താനാണ് സർക്കാർ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.