പട്ടാമ്പിയിൽ പുലിയെ കണ്ടെന്ന് അഭ്യൂഹം; പരിശോധന നടത്തി വനംവകുപ്പ്

പട്ടാമ്പി : കൈപ്പുറത്ത് പുലിയെ കണ്ടതായി അഭ്യൂഹം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലെത്തി പരിശോധന നടത്തി പുലിയുടെ സാന്നിധ്യം ക​ണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം പുലിയെ കണ്ടെന്ന വാർത്ത സാമൂഹ്യ മാധ്യമങ്ങളിലൂടെ പരന്നതോടെ നാട്ടുകാർ ഭീതിയിലായിരുന്നു . ആളുകൾ രാവിലെ ഏറെ വൈകിയാണ് പുറത്തിറങ്ങിയത്. രാവിലെ നടക്കേണ്ട കൈപ്പുറം മദ്രസ പരീക്ഷ ഒന്നര മണിക്കൂർ വൈകിയാണ് തുടങ്ങിയത്. പുലിയെ കണ്ടെന്നും ജനം ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു പള്ളികളിൽ മൈക്കിൽ നിർദേശവും നൽകിയിരുന്നു.

ഞായറാഴ്ച രാവിലെ വനം വകുപ്പ് പട്ടാമ്പി സെക്ഷൻ ഓഫീസർ പി. സജയകുമാറിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ കണ്ടെന്ന് സംശയിക്കുന്ന പ്രദേശങ്ങൾ സന്ദർശിച്ചു. ഫോറസ്റ്റ് ബീറ്റ് ഓഫീസർ എസ്. വിനോദ് കുമാർ, എ.ടി അയ്യൂബ്, റെസ്ക്യൂ വാച്ചർമാരായ എം. രേവതി, പി. പി. രാജേഷ്, കെ. പി .സുധീഷ് എന്നിവരടങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥസംഘം രണ്ടരമണിക്കൂറോളം പുലിയെ കണ്ടെന്ന് സംശയിക്കുന്ന പ്രദേശത്ത് പരിശോധന നടത്തി. അസാധാരണ ശബ്ദം കേട്ട വീട്ടുകാരോടും നാട്ടുകാരോടും വിവരങ്ങൾ ആരാഞ്ഞു. പുലിയുടെ സാന്നിധ്യം വ്യക്തമാക്കുന്ന ഒരു അടയാളവും കണ്ടെത്താനായില്ല.

നിരവധി കാലടിപ്പാടുകൾ പരിശോധിച്ചെങ്കിലും അതെല്ലാം നായകളുടെതാകാമെന്നും കാട്ടുപൂച്ചയുടെ വളർച്ചയുടെ അവസാനഘട്ടത്തിൽ ചെറിയ പുലിയെപ്പോലെ തോന്നുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. പുലിയുടെ സാന്നിധ്യമുള്ളതായി വല്ല സാഹചര്യ തെളിവുകളും ലഭ്യമായാൽ ക്യാമറയും കൂടും സ്ഥാപിക്കാമെന്നും പറഞ്ഞു.

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ .കെ. എ അസീസ്, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ .എ .റഷീദ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമിറ്റി അധ്യക്ഷരായ ബുഷറ ഇഖ്ബാൽ, എ.കെ.മുഹമ്മദ്‌കുട്ടി , പഞ്ചായത്ത് മെമ്പർ വി. ടി .എ കരീം എന്നിവരുമായി വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തി. ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Tags:    
News Summary - Rumors of a leopard being seen in Pattambi; Forest Department conducts inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.