റബ്ബർ മരം മുറി: സീനിയറേജ്‌ ഒഴിവാക്കിയ ഉത്തരവ് സർക്കാർ പുനഃപരിശോധിച്ചില്ല; കോടികളുടെ നഷ്ടം പ്രതിപക്ഷവും ഉന്നയിച്ചില്ല

കൊച്ചി: സർക്കാർ പാട്ടം നൽകിയ തോട്ടങ്ങളിലെ ഉടമകളെ സഹായിക്കാൻ റബ്ബർ മരങ്ങൾ മുറിക്കുമ്പോൾ അടക്കേണ്ട സീനിയറേജ്‌ ഒഴിവാക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന നിയമോപദേശത്തിന് പുല്ലുവില. മുഖ്യമന്ത്രിയുടെ ഓഫിസിലേക്കെത്തിയ ഫയൽ അതേപടി മടങ്ങി. തീരുമാമെടുക്കേണ്ടവർ അത് കണ്ടതായിപ്പോലും ഭാവിച്ചില്ല. മുട്ടില്‍ മരംമുറി ഉത്തരവിനെ എതിർക്കുന്ന പ്രതിപക്ഷം സംസ്ഥാനത്തിന് കോടികൾ നഷ്ടമായതിനെ സംബന്ധിച്ച് നിശബ്ദത പാലിച്ചു.

സീനിയറേജ്‌ പൂർണമായി ഒഴിവാക്കി വനം മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണുവിന്‍റെ ഉത്തരവ് 2018 ജൂൺ 27നാണ് പുറത്ത് വന്നത്. റബ്ബർ മരങ്ങൾ മുറിച്ച് മാറ്റുമ്പോൾ സീനിയറേജ്‌ ഇനത്തിൽ സർക്കാറിന് ക്യൂബിക് മീറ്ററിന് 2,500 രൂപയും വിറകിന് 900 രൂപയും ആയിരുന്നു വനംവകുപ്പിന് അടക്കേണ്ട നികുതി. അത് പൂർണായി ഒഴിവാക്കിയതിലൂടെ കോടിക്കണക്കിന് രൂപയാണ് സർക്കാറിന് നഷ്ടപ്പെട്ടത്.

തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ്. കൃഷ്ണൻ നായർ കമ്മിറ്റിയുടെ റിപ്പോർട്ട് നടപ്പിലാക്കുന്നതിന് നിയോഗിച്ച ചീഫ് സെക്രട്ടറി തലവനായുള്ള ഉന്നതതല കമ്മിറ്റി ക്യൂബിക് മീറ്ററിന് 2,500 രൂപ എന്നത് 1000 രൂപയായി കുറക്കണെന്നാണ് ശിപാർശയാണ് നൽകിയത്. എന്നാൽ, 2018 ഫെബ്രുവരി 28ന് മുഖ്യമന്ത്രിയുട അധ്യക്ഷതയിൽ നടന്ന തൊഴിൽ മന്ത്രിയുടെയും ചീഫ് സെക്രട്ടറിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും തൊഴിയലാളി യൂണിയൻ നേതാക്കളുടെയും യോഗത്തിലാണ് സീനിയറേജ് പൂർണായി ഒഴിവാക്കാൻ തീരുമാനിച്ചു.


എന്നാൽ, ഉത്തരവ് സംബന്ധിച്ച് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നിയമോപദേശം തേടി. പാട്ടം നൽകിയ ഭൂയിൽനിന്ന റബ്ബർ മരങ്ങൾ മുറിക്കുമ്പോൾ പാട്ട ഉടകൾ അടക്കുന്ന സീനിയറേജ് പൂർണായി ഒഴിവാക്കുന്നത് നിയമവിരുധമാണെന്ന് നിയമ സെക്രട്ടറി ഫയിൽ കുറിച്ചു. എന്നാൽ, സർക്കാർ ഉത്തരവ് പിൻവലിച്ചില്ല. കേരളത്തിലെ തോട്ടങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആയതിനാൽ അവയെ സഹായിക്കുവാന്‍ തോട്ടങ്ങളുടെ നികുതി എടുത്തു കളഞ്ഞതിനെ യു.ഡി.എഫ് നേതൃത്വവും പിന്തുണച്ചു.

സീനിയറേജ് ഒഴിവാക്കിയതിന്‍റെ മറവില്‍ വിവിധ ജില്ലകളിലെ തോട്ടങ്ങലിൽ മരം മുറി നടത്തി. കൊല്ലം തെൻമലയില്‍ വനഭൂമിയില്‍നിന്ന് ഹാരിസണ്‍ അനധികൃതമായി മരം മുറിച്ചിട്ടും വനം വകുപ്പ് കണ്ണടച്ചു. മരം വെട്ടുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളെല്ലാം ഹാരിസണ്‍സ് കാറ്റില്‍പ്പറത്തി. ഹാരിസൺസ് ഭൂമി തിരിച്ച് പിടിക്കാൻ ഓരോ ജില്ലകളിലുമുള്ള സിവിള്‍ കോടതികളില്‍ സര്‍ക്കാര്‍ കേസ് ഫയല്‍ ചെയ്യാനിരിക്കെയാണ് തിരക്കിട്ട് മരം മുറിച്ച് കടത്തിയത്. സീനിയറേജ് ഒഴിവാക്കിയതിനെതിരെയുള്ള ഹരജികളില്‍ കേസ് നടക്കുന്നതിനിടെയായിരുന്നു മരംമുറി.

നിയമ പ്രകാരം വനം വകുപ്പിന് മരം മുറിച്ച് കടത്തിയതിന് കേസ് എടുക്കാമായിരുന്നു. പക്ഷെ ഒന്നും ചെയ്തില്ല. ഉത്തരവിലൂടെ മരം മുറിക്കുമ്പോള്‍ സര്‍ക്കാറിലേക്ക് അടക്കേണ്ട സീനിയറേജ് തുക മാത്രമേ ഒഴിവാക്കിയിരുന്നുള്ളു. മുറിക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളെല്ലാം നിലവിലുണ്ടായിരുന്നു. വനം വകുപ്പിന് മരം മുറിക്കണം എന്ന അപേക്ഷ നല്‍കണം. സ്ഥലം പരിശോധിക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ മറ്റ് മരങ്ങളൊന്നും മുറിക്കില്ലെന്ന് ഉറപ്പ് വരുത്തണം. പാരിസ്ഥിതിക ദുര്‍ബല മേഖലയില്‍ നിന്നല്ല മരം വെട്ടുന്നതെന്നും ഉറപ്പ് വരുത്തണം.

എത്ര മരങ്ങള്‍ മുറിച്ച് മാറ്റുന്നുവെന്ന കണക്കും ഡി.എഫ്.ഒ ശേഖരിക്കണം. പക്ഷേ ഹാരിസൺസിന്‍റെ കാര്യത്തിൽ അത്തരത്തിലുള്ള നടപടിക്രമങ്ങളും വനംവകുപ്പ് പാലിച്ചിരുന്നില്ല. ഒടുവിൽ റവന്യൂ വകുപ്പ് മുറിച്ച മരത്തിന്‍റെ കണക്ക് ആവശ്യപ്പെട്ടപ്പോൾ ചിലയിടങ്ങളിൽ മുറിച്ച മരത്തിന്‍റെ കുറ്റിനോക്കി കണക്കെടുക്കാനും ശ്രമിച്ചു. സീനിയറേജ്‌ ഒഴിവാക്കിയ ഉത്തരവിലൂടെ ഹാരിസൺസ്, എ.വി.ടി പോലുള്ള തോട്ടം മുതലാളിമാർക്ക് കോടികളുടെ ലാഭമുണ്ടായി.

സ്വാതന്ത്ര്യത്തിനുമുമ്പ് സര്‍ക്കാര്‍ ഭൂമി പാട്ടത്തിനു കൊടുത്ത തോട്ടങ്ങള്‍ തിരിച്ചു പിടിക്കുന്നതിന് നിയമനിർമാണം നടത്തണമെന്ന എം.ജി. രാജമാണിക്കം കമ്മിറ്റി റിപ്പോർട്ട് മോശപ്പുറത്ത് ഇരുക്കുമ്പോഴാണ് സീനിയറേജ് ഇളവ് അനുവദിച്ചത്. മുട്ടിൽ മരംമുറി പോലെ ഈ ഉത്തരവിന് പിന്നലും ഉന്നതലത്തിൽ രാഷ്ട്രീയ - ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആക്ഷേപം ഉയർന്നിരുന്നു.

Tags:    
News Summary - Rubber Tree cutting: Seniorage‌ Exemption not reviewed keala Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.