തിരുവനന്തപുരം: സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയിലെ(എസ്.സി.ആർ.ബി) അഴിമതി സംബന്ധിച്ച വിവരാവകാശ അപേക്ഷകൾ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി പിൻവലിപ്പിച്ചു. ഇതു സംബന്ധിച്ച സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫിസറുടെ(എസ്.സി.ആർ.ബി) റിപ്പോർട്ട് എസ്.പിക്ക് കൈമാറിയതിന് ഇൻഫർമേഷൻ ഓഫിസറെ ചട്ടങ്ങൾ മറികടന്ന് എസ്.സി.ആർ.ബി മേധാവി ടോമിൻ ജെ. തച്ചങ്കരി സ്ഥലം മാറ്റി. എസ്.സി.ആർ.ബി ഡിവൈ.എസ്.പി എസ്. അനിൽകുമാറിനെയാണ് ഡി.ജി.പി പോലും അറിയാതെ നീക്കിയത്. സ്ഥാപനത്തിലെ മാനേജർ കെ. സുരേഷിന് പകരം ചുമതല നൽകി. കൂടാതെ റിപ്പോർട്ടിൽ ആരോപണവിധേയനായ ജൂനിയർ സൂപ്രണ്ട് എൻ. സനൽകുമാറിന് അസി. പബ്ലിക് ഇൻഫർമേഷൻ ഓഫിസറുടെ അധിക ചുമതല നൽകി. സ്ഥലംമാറ്റം പുതിയ വിവാദങ്ങൾക്ക് വഴി തെളിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 25നാണ് എൻ. സനൽകുമാറിെൻറ നടപടികൾക്കെതിരെ ഡിവൈ.എസ്.പി അനിൽകുമാർ സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോ എസ്.പി രാജുവിന് റിപ്പോർട്ട് നൽകിയത്. എസ്.സി.ആർ.ബിയിലെ ഉന്നതെൻറ ഒത്താശയോടെ ജൂനിയർ സൂപ്രണ്ട് ചട്ടവിരുദ്ധമായി നടത്തിയ വിദേശയാത്രകളെപ്പറ്റിയും വിഭാഗത്തിലെ സോഫ്റ്റ്വെയർ സംബന്ധമായ അഴിമതികളെകുറിച്ചുമുള്ള വിവരാവകാശ അപേക്ഷയാണ് ഭീഷണിപ്പെടുത്തി പിൻവലിപ്പിച്ചത്. കൂടുതൽ അപേക്ഷകൾ ഇത്തരത്തിൽ പിൻവലിപ്പിച്ചതായാണ് സൂചന.
എൻ. സനൽകുമാറും സിറ്റി ട്രാഫിക് സ്റ്റേഷനിലെ സി.പി.ഒയും ചേർന്ന്, വിവരാവകാശ അപേക്ഷ നൽകിയ റിട്ട. എസ്.ഐയെ ക്വാർട്ടേഴ്സിലെത്തി ഭീഷണിപ്പെടുത്തി നിർബന്ധപൂർവം പിൻവലിപ്പിച്ചതായി റിപ്പോർട്ടിലുണ്ട്. അപേക്ഷ പിൻവലിക്കാൻ റിട്ട. എസ്.ഐ നൽകിയ കത്തിലെ ഒപ്പ് വ്യാജമായിരുന്നു. ഇതിൽ ജൂനിയർ സൂപ്രണ്ടിെൻറ പങ്ക് അന്വേഷണത്തിൽ വ്യക്തമായതായി റിപ്പോർട്ടിലുണ്ട്. വിവരാവകാശനിയമം അട്ടിമറിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
പബ്ലിക് ഇൻഫർമേഷൻ ഓഫിസർ സ്ഥാനത്ത് നിന്ന് ഡിവൈ.എസ്.പി അനിൽകുമാറിനെ മാറ്റിയത് ചട്ടവിരുദ്ധമാണെന്ന് പൊലീസ്വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. 2016ൽ സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവുപ്രകാരമാണ് ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ എസ്.സി.ആർ.ബിയിൽ നിയമിച്ചത്. മാറ്റാനും ചുമതല കൈമാറാനും പൊലീസ് ആസ്ഥാനത്തുനിന്നാണ് ഉത്തരവ് ഇറങ്ങേണ്ടത്. അതേസമയം, ഉത്തരവ് ഓർമയില്ലെന്നും പരിശോധിച്ച് പ്രതികരിക്കാമെന്നും ടോമിൻ ജെ. തച്ചങ്കരി ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.