തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആർ.എസ്.എസ് പ്രവർത്തകൻ പ്രകാശിന്റെ ആത്മഹത്യയിൽ നാല് ആർ.എസ്.എസുകാർ അറസ്റ്റിൽ. കുണ്ടമൺകടവ് സ്വദേശികളായ കൃഷ്ണകുമാർ, ശ്രീകുമാർ, സതികുമാർ, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. പരസ്ത്രീബന്ധം ആരോപിച്ച് പ്രകാശിനെ പ്രതികൾ മർദിച്ചെന്നും ഇതിലുള്ള വിഷമംമൂലം തൂങ്ങിമരിക്കുകയായിരുന്നെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ആശ്രമം കത്തിച്ച കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ടും ഇവരെ കസ്റ്റഡിയിൽ വാങ്ങും.
ആശ്രമം കത്തിച്ചത് പ്രകാശും സുഹൃത്തുക്കളും ചേർന്നാണെന്ന് സഹോദരൻ പ്രശാന്ത് വെളിപ്പെടുത്തിയിരുന്നു. പിന്നീട് കോടതിയിൽ പ്രശാന്ത് മൊഴി മാറ്റി. ജനുവരി മൂന്നിനാണ് ആർ.എസ്.എസ് പ്രവർത്തകർ പ്രകാശിനെ മർദിച്ചത്. മർദനമേറ്റ് ഒന്നര മണിക്കൂറിനുള്ളിൽ പ്രകാശ് വീട്ടിൽ തൂങ്ങിമരിച്ചു. മർദനമേറ്റതിന്റെ മുറിപ്പാടുകളും ചതവും ഇയാളുടെ ദേഹത്തുണ്ടായിരുന്നതായി പ്രശാന്ത് വിളപ്പിൽശാല പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഇതുണ്ട്. ദുരൂഹമരണമായി കണക്കാക്കി അന്വേഷിച്ചിരുന്ന കേസ് പ്രശാന്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ചിന് കൈമാറി.
സ്ത്രീകളുൾപ്പെടെ പലരോടും തങ്ങളാണ് ആശ്രമം കത്തിച്ചതെന്ന് പ്രകാശ് പറഞ്ഞിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ഇക്കാര്യം പുറത്തായാൽ പ്രതികൂലമായി ബാധിക്കുമെന്ന് മനസ്സിലാക്കിയാണ് ആർ.എസ്.എസ് പ്രവർത്തകർ പ്രകാശിനെ ക്രൂരമായി മർദിച്ചതെന്നാണ് വിലയിരുത്തൽ. മർദിക്കുന്നത് നാട്ടുകാർ കണ്ടു. സ്ത്രീവിഷയവുമായി ബന്ധപ്പെട്ടാണ് മർദിച്ചതെന്ന് പറഞ്ഞുപരത്തി.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പ്രദേശവാസികളുടെ മൊഴിയെടുപ്പും നടത്തിയാണ് പ്രതികളിലേക്കെത്തിയത്. കാട്ടാക്കട ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 2018 ഒക്ടോബർ 27നാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിൽ തീപിടിത്തമുണ്ടായത്. രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും കെട്ടിടത്തിന് കേടുപാടുണ്ടാവുകയും ചെയ്തു. ആശ്രമത്തിനുമുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്ത് വെച്ചിരുന്നു. സംഭവം കഴിഞ്ഞ് വർഷങ്ങളായിട്ടും പ്രതികളെ പിടികൂടാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.