തൃശൂർ സ്കൂൾ ഗെയിംസ് അപകടം: പരാതിക്കാരില്ലെന്ന് പറഞ്ഞ് കേസെടുക്കാതെ പൊലീസ്; സംഘാടക സമിതി യോഗം ചേർന്നത് പേപ്പറിൽ മാത്രം
തൃശൂർ: തൃശൂരിലെ സംസ്ഥാന സ്കൂൾ ഗെയിംസിനിടെ ഉണ്ടായ അപകടത്തിൽ പരാതിക്കാർ ഇല്ലെന്ന ന്യായം ഉയർത്തി കേസെടുക്കാതെ പൊലീസ്. അതേസമയം വിഷയം സ്വയം ഏറ്റെടുത്ത് കേസെടുക്കുന്നതിൽ പൊലീസിന് നിയമപരമായ പരിധികളുണ്ട്. സംഭവം ഗുരുതര അപകടത്തിന്റെ പരിധിയിൽ വരാത്തതിനാൽ സ്വന്ത നിലയ്ക്ക് നടപടിയെടുക്കേണ്ടതില്ലെന്നാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
താത്കാലിക റൂഫിങ് തകർന്ന സംഭവത്തിൽ മാത്രമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നിലവിൽ അന്വേഷണം നടത്തുന്നത്. സംഘാടനത്തിലെ ഗുരുതര വീഴ്ചകൾ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല. സംഘാടകസമിതിയുടെ ഒറ്റ യോഗം പോലും വിളിച്ചുചേർക്കാതെയാണ് ഗെയിംസ് നടത്തിയത് എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. തൃശൂർ എം.എൽ.എ ചെയർമാനായ സമിതി വെറും കടലാസിലൊതുങ്ങുകയായിരുന്നു. അതേസമയം, ഔദ്യോഗിക തിരക്കുകൾ മൂലമാണ് യോഗം ചേരാൻ കഴിയാഞ്ഞതെന്നാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
സംഘാടക സമിതി ചെയർമാനായ എം.എൽ.എ രാജൻ ജെ. പല്ലനും ജനപ്രതിനിധിയായ മേയർക്കും മേളയുടെ ക്ഷണക്കത്ത് അയക്കുക മാത്രമാണ് ഉണ്ടായത്. കാര്യങ്ങൾ വൈകി അറിയിച്ചതിൽ തൃശൂർ എം.പി ഓഫീസിനും കടുത്ത അതൃപ്തിയുണ്ട്. അധ്യാപക സംഘടനാ പ്രതിനിധികളെ വിളിച്ചുവരുത്തി പേരിനൊരു കമ്മിറ്റി രൂപീകരിക്കുക മാത്രമാണ് ഉണ്ടായതെന്ന വിമർശനവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.