ആമകളില്ലാത്ത തീരത്ത് ‘ടെഡ്’ വിതരണം; സംസ്ഥാനത്തെ മത്സ്യബന്ധനം പ്രതിസന്ധിയിൽ

ബേപ്പൂർ: മീൻ വലകളിൽ പെടുന്ന ആമകളെ രക്ഷിക്കാനുള്ള ‘ടെഡ്’ (ടർട്ടിൽ എക്സ്‌ക്ലൂഡർ ഡിവൈസ്) ആമകളില്ലാത്ത തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോവുന്ന ബോട്ടുകളിലെ വലകളിൽ ഘടിപ്പിക്കുന്നത് സംസ്ഥാനത്തെ ആഴക്കടൽ മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക. ചർച്ചക്കുപോലും തയാറാകാതെ ഫിഷറീസ് വകുപ്പ് ടെഡ് ഘടിപ്പിക്കൽ അതിവേഗതയിൽ നടപ്പാക്കുന്നതിൽ ദുരൂഹതയുണ്ടെന്നും ആക്ഷേപമുണ്ട്. സംസ്ഥാനത്ത് ആദ്യഘട്ടം 1587 ടെഡുകളാണ് സൗജന്യമായി വിതരണം ചെയ്യുക. മീൻപിടിത്തത്തിനിടെ വലയിൽ കുടുങ്ങുന്ന കടലാമകളെ രക്ഷിക്കുന്നതിന് ട്രോൾബോട്ടുകൾക്കാണ് ടെഡ് നൽകുക. 24,000 രൂപയോളം വില വരുന്ന ടെഡ്, കേന്ദ്ര സബ്സിഡിയിൽ പൂർണമായും സൗജന്യമായാണ് വിതരണം ചെയ്യുന്നത്.

ലോഹക്കമ്പികളുള്ള പ്രത്യേക ഗ്രിഡും ആമകൾക്ക് രക്ഷപ്പെടാനുള്ള ദ്വാരവുമാണ് ഇതിന്റെ പ്രധാന ഭാഗം. ആഴക്കടൽ മത്സ്യബന്ധനത്തിനിടെ വലയിൽ കുടുങ്ങുന്ന ചെറുജീവികൾ രക്ഷപ്പെടുമ്പോൾ കടലാമകൾക്ക് രക്ഷപ്പെടാനാകില്ല. എന്നാൽ, ടെഡിലെ ഗ്രിഡിൽ തട്ടുന്ന ആമകൾക്കു പുറത്തിറങ്ങാനാകും. ഇതിനൊപ്പം വലയിൽപ്പെടുന്ന വലിയ മത്സ്യങ്ങളായ സ്രാവ്, തിരണ്ടി, അയക്കൂറ, ആവോലി, നെയ്മീൻ, ചൂര പോലുള്ള മീനുകളും വലയിൽനിന്ന് പുറത്തുചാടുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇത് മത്സ്യബന്ധനത്തെ പ്രതിസന്ധിയിലാക്കും.

ടെഡ് ഘടിപ്പിച്ച വലയിൽപ്പെടുന്ന മത്സ്യത്തിന്റെ എട്ടു ശതമാനം പുറത്തുപോകുമെന്ന് മുൻപഠനങ്ങൾ വ്യക്തമാക്കിയതാണ്. കടലാമകളിൽ 76.5 ശതമാനവും കുടുങ്ങുന്നത് ഗിൽനെറ്റ് വലകളിലാണെന്നും 17.8 ശതമാനം മാത്രമാണ് ട്രോൾ വലകളിൽ പെടുകയെന്നും സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആർ.ഐ) പഠനം പറയുന്നു. എന്നാൽ പഠനങ്ങൾ പിന്തുടരാതെ, അമേരിക്കയുടെ നിർദേശപ്രകാരം കേന്ദ്ര സർക്കാർ ടെഡ് ഘടിപ്പിക്കൽ നിർബന്ധമാക്കുകയാണെന്നാണ് ആക്ഷേപം.

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് ഫിഷറീസ് ടെക്നോളജി (സി.ഐ.എഫ്.ടി) ടെഡിന്റെ ഇന്ത്യൻ മാതൃക അവതരിപ്പിച്ചെങ്കിലും കേന്ദ്രം അമേരിക്കൻ മാതൃകയാണ് സ്വീകരിച്ചത്. കടലാമകൾ കൂടുതലുള്ളത് അറബിക്കടലിന്റെ കിഴക്കൻ തീരങ്ങളിലാണെന്നും പടിഞ്ഞാറൻ തീരങ്ങളിൽ സാന്നിദ്ധ്യം കുറവാണെന്നും ഗവേഷകർ പറയുന്നു.

കേരളം, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ പടിഞ്ഞാറൻ മേഖലകളിൽ കടലാമകൾ കുറവാണ്. ഒഡിഷ, ആന്ധ്ര, തമിഴ്നാട് തുടങ്ങിയ കിഴക്കൻ സംസ്ഥാനങ്ങളിലാണ് കടലാമകളുള്ളത്. ആഴക്കടൽ മീൻപിടിത്തത്തിനിടയിൽ ആമകൾ വലയിൽപെട്ടാൽ, വിശ്വാസത്തിന്റെ ഭാഗമെന്നോണം അവയെ രക്ഷപ്പെടുത്തി ജീവനോടെതന്നെ കടലിലേക്ക് വിടുന്നതിൽ കണിശതയുള്ളവരാണ് മത്സ്യത്തൊഴിലാളികൾ.

ചെമ്മീൻ പിടിക്കാൻ ട്രോൾബോട്ടുകളിൽ ഉപയോഗിക്കുന്ന വലകളിൽ, കടലാമകളെ രക്ഷിക്കുന്ന ടെഡ് ഘടിപ്പിക്കാത്തതിനാൽ ആമകൾക്ക് വംശനാശം സംഭവിക്കുന്നതിന്റെ പേരിൽ 2019 മുതൽ അമേരിക്കയിലേക്കുള്ള ഇന്ത്യൻ കടൽ ചെമ്മീനിന്റെ ഇറക്കുമതി നിരോധനം തുടരുകയാണ്. ഈ നിരോധനം മുതലെടുത്ത് മറ്റു വിദേശരാജ്യങ്ങൾ ഇന്ത്യൻ കടൽചെമ്മീൻ വിലകുറച്ച് വാങ്ങുന്നത് സമുദ്രോല്പന്ന വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

അമേരിക്ക കടൽ ചെമ്മീൻ ഇറക്കുമതി നിരോധിച്ചതിനെത്തുടർന്ന്, കേന്ദ്രസർക്കാറാണ് ടെഡ് ഉപയോഗിക്കാൻ തീരുമാനമെടുത്തത്. പരീക്ഷണം നടത്താതെ ടെഡ് ഉപയോഗിച്ച് മീൻപിടിക്കരുതെന്ന് വിവിധ മത്സ്യത്തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ സർക്കാർ മാറ്റിവെച്ച പദ്ധതിയാണ് തിടുക്കത്തിൽ ഇപ്പോൾ നടപ്പാക്കുന്നത്. കടലാമകളെ സംരക്ഷിക്കാൻ നിയമം വേണമെന്നതിൽ തർക്കമില്ല. എന്നാൽ പ്രാദേശിക സാഹചര്യങ്ങൾ ശാസ്ത്രീയമായി വിലയിരുത്തണമെന്നാണ് ഈ രംഗത്തുള്ളവർ ആവശ്യപ്പെടുന്നത്. സാധാരണ അരഡസനിലേറെ ചെമ്മീൻവലകളാണ് ട്രോൾ ബോട്ടുകളിൽ ഉപയോഗിക്കുന്നത്. മത്സ്യബന്ധന സമയത്ത് ഇവയിൽ ടെഡ് ഘടിപ്പിക്കുന്നത് പ്രായോഗികമല്ലെന്നും തൊഴിലാളികൾ പറയുന്നു.

Tags:    
News Summary - TED Device Distribution on Turtle-Free Coasts Puts Kerala’s Fishing Sector in Crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.