കൊച്ചി: റൗഡിപ്പട്ടിക പൊലീസ് സ്റ്റേഷനുകളിൽ പരസ്യമായി പ്രദർശിപ്പിക്കാനുള്ളതല്ലെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ അറിവിലേക്ക് വേണ്ടിയുള്ളതാണെന്നും ഹൈകോടതി. പട്ടിക പരസ്യമായി പ്രദർശിപ്പിക്കുമ്പോൾ വ്യക്തിയുടെ സ്വകാര്യത ലംഘിക്കപ്പെടുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ളിടത്ത് വെക്കാനുള്ളതാണ് ഇതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
ഫോർട്ട്കൊച്ചി പൊലീസ് സ്റ്റേഷനിൽ പ്രദർശിപ്പിച്ചിരിക്കുന്ന തന്റെ പേരും ചിത്രവും നീക്കണമെന്നാവശ്യപ്പെട്ട് മുൻ കുറ്റവാളി സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജിക്കാരന്റെ പേരും ഫോട്ടോയും രണ്ടാഴ്ചക്കകം സ്റ്റേഷനിലെ നോട്ടീസ് ബോർഡിൽനിന്ന് നീക്കാൻ കോടതി നിർദേശിച്ചു.
18 കേസുകളിൽ 16ലും കുറ്റവിമുക്തനാക്കിയെന്നും ഫോർട്ട്കൊച്ചി സ്റ്റേഷനിൽ തനിക്കെതിരെ ഒരു കുറ്റകൃത്യവും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പറഞ്ഞാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. എട്ടുവർഷമായി ഒരുകേസിലും പ്രതിയല്ലാത്ത താൻ മോശം കൂട്ടുകെട്ടുകൾ ഉപേക്ഷിച്ച് മാനസാന്തരത്തിന്റെ പാതയിലാണ്. ജോലിചെയ്ത് വൃദ്ധമാതാവിനെ പരിപാലിക്കുന്നുണ്ട്. വിവാഹത്തിനുള്ള തയാറെടുപ്പിലാണ്. ഈ സാഹചര്യത്തിൽ റൗഡി ലിസ്റ്റ് മാനഹാനിയുണ്ടാക്കുന്നതാണെന്നും ഹരജിക്കാരൻ ബോധിപ്പിച്ചു. എന്നാൽ, ഹരജിക്കാരൻ വധശ്രമമടക്കം കേസുകളിൽ പ്രതിയായിരുന്നുവെന്ന് സർക്കാർ വാദിച്ചു. ഫോർട്ട്കൊച്ചി സ്റ്റേഷൻ പരിധിയിലാണ് താമസമെന്നതിനാൽ നിരന്തര നിരീക്ഷണത്തിനാണ് പട്ടിക പ്രദർശിപ്പിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി.
എന്നാൽ, ശിക്ഷയേക്കാൾ പരിവർത്തനമാണ് ഇന്ത്യൻ നീതിന്യായ സംവിധാനത്തിന്റെ സവിശേഷതയെന്ന് കോടതി വ്യക്തമാക്കി. റൗഡി എന്നും റൗഡിയായി തുടരണമെന്നില്ല. കുറ്റവാളികളെ നേരായ മാർഗത്തിലേക്ക് നയിക്കാൻ സമൂഹത്തിനും കടമയുണ്ട്. റിപ്പർ ജയാനന്ദന് തന്റെ പുസ്തകപ്രകാശനത്തിൽ പങ്കെടുക്കാൻ ഹൈകോടതി പരോൾ അനുവദിച്ചത് മാനസാന്തരത്തിന്റെ പാതയിലാണെന്ന് ബോധ്യപ്പെട്ടതിനാലാണ്. രാമായണം രചിച്ച വാത്മീകി, സപ്തർഷികളുടെ ഉപദേശം സ്വീകരിക്കുന്നതുവരെ കൊള്ളസംഘാംഗമായിരുന്നുവെന്നാണ് ഐതിഹ്യം. വിഷയത്തിൽ കൊച്ചി പൊലീസ് ഡെപ്യൂട്ടി കമീഷണറുടെ റിപ്പോർട്ട് പരിശോധിച്ച കോടതി, റൗഡികളുടെ പേരും ഫോട്ടോയും പരസ്യമായി പ്രദർശിപ്പിക്കേണ്ടതല്ലെന്ന് ഇതിലും വ്യക്തമാക്കിയിട്ടുള്ളതായി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.