തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ പ്രഖ്യാപിച്ച പണിമുടക്കിൽനിന്ന് ഒരു വിഭാഗം നഴ്സുമാരെ താൽക്കാലികമായി പിന്തിരിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഒാഫിസ്. അതേസമയം, മുഖ്യമന്ത്രി വിചാരിച്ചാൽ ഒറ്റ ദിവസംകൊണ്ട് പ്രശ്നപരിഹാരം കാണാൻ കഴിയുമെന്നും അത് ഉണ്ടാകുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് മറ്റൊരു വിഭാഗവും നിലപാട് അറിയിച്ചു. ഇതോടെ 23 ദിവസത്തോളമായി നടന്നുവരുന്ന നഴ്സുമാരുടെ സമരം അനിശ്ചിതമായി നീളാനാണ് സാധ്യത.
തിങ്കളാഴ്ച മുതല്‍ നഴ്സുമാരുടെ സംഘടനകള്‍ സമ്പൂർണപണിമുടക്കിലേക്ക് കടക്കാൻ തീരുമാനിച്ചതോടെയാണ് സമവായമുണ്ടാക്കാന്‍ ശനിയാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടത്. ഹൈകോടതി വിഷയത്തിലിടപെടുകയും പണിമുടക്കിലേക്ക് കടന്നാൽ ‘എസ്മ’ പ്രയോഗിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. അതും മുഖ്യമന്ത്രിയുടെ ഒാഫിസ് ഗൗരവമായികണ്ടു. പണിമുടക്ക് പിന്‍വലിച്ചാല്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് സംഘടനാ നേതാക്കളെ അറിയിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് യുനൈറ്റഡ് നഴ്സസ് അസോസിയേഷന് (യു.എൻ.എ) തൃശൂരില്‍ യോഗം ചേര്‍ന്ന് പണിമുടക്ക് തല്ക്കാലം മാറ്റിയത്. ഹൈകോടതി നിശ്ചയിച്ച മധ്യസ്ഥരുടെ സമിതി പ്രശ്നം പരിഹരിക്കാന്‍ ബുധനാഴ്ച യോഗം ചേരുമെന്ന് അറിയിച്ച സാഹചര്യത്തിലാണ് അതുവരെ സമരം നീട്ടിവെക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി നടത്തുന്ന മധ്യസ്ഥചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നും യു.എന്‍.എ ഭാരവാഹികള്‍ അറിയിച്ചു. അതേസമയം, കണ്ണൂരും കാസര്‍കോടും അടക്കം ജില്ലകളില്‍ തങ്ങള്‍ നടത്തിവരുന്ന പണിമുടക്ക് തുടരുമെന്ന് ഇന്ത്യന്‍ നഴ്സസ് അസോസിയേഷന് (െഎ.എൻ.എ) അറിയിച്ചു. ബുധനാഴ്ച നടക്കുന്ന യോഗത്തിലെ തീരുമാനങ്ങള്‍ അറിഞ്ഞശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും ഐ.എന്‍.എ ഭാരവാഹികള്‍ പറഞ്ഞു.
തിങ്കഴാഴ്ച മുതല്‍ നഴ്സുമാര്‍ പണിമുടക്കുകയാണെങ്കില്‍ ആശുപത്രികള്‍ അടച്ചിടാന്‍ സ്വകാര്യ ആശുപത്രി മാനേജ്മെൻറുകളുടെ സംഘടനയും തീരുമാനിച്ചിരുന്നു. അടിസ്ഥാനശമ്പളം 20,000 രൂപയാക്കണമെന്നാണ് നഴ്സുമാരുടെ ആവശ്യം. എന്നാല്‍, 17,000 രൂപവരെ നല്‍കാമെന്ന നിലപാടിലാണ് മാനേജ്മെൻറുകൾ. ബുധനാഴ്ചയിെല യോഗത്തില്‍ വേതനം വര്‍ധിപ്പിക്കുന്നത് അടക്കമുള്ള വിഷയങ്ങളില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ കൂടുതല്‍ സങ്കീര്‍ണമായ സാഹചര്യമാകും ഉണ്ടാവുക. പ്രശ്ന പരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിനു പുറമേ, ഭരണ പരിഷ്കാര കമീഷന് ചെയര്മാന് വി.എസ്. അച്യുതാനന്ദനും രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.