സൈനിക ക്യാമ്പിൽ കവർച്ച, രണ്ടുകോടിയുടെ ആനക്കൊമ്പുകൾ കാണാനില്ല

തിരുവനന്തപുരം: അതീവസുരക്ഷാ മേഖലയായ പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് രണ്ടുകോടി രൂപ വിലമതിപ്പുള്ള ആനക്കൊമ്പുകൾ മോഷണം പോയി. ഓഫീസേഴ്സ് ക്ലബിൽ സൂക്ഷിച്ചിരുന്ന രണ്ട് ആനക്കൊമ്പുകളാണ് നഷ്ടപ്പെട്ടത്. 1929ൽ സൂക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാർ സൈന്യത്തിന് കൈമാറിയവയാണ് ഈ കൊമ്പുകൾ.

മാൻ കൊമ്പുകൾ ഉൾപ്പെടെയുള്ളവ ക്യാമ്പിലെ സ്‌ട്രോങ് റൂമിൽ സൂക്ഷിക്കാറുണ്ട്. ആനക്കൊമ്പുകൾ എവിടെയാണ് സൂക്ഷിച്ചിരുന്നതെന്ന കാര്യത്തിലെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ബുധനാഴ്ച രാത്രി ക്യാമ്പിൽ ഒരു പാർട്ടി സംഘടിപ്പിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥരാണ് ഈ പരിപാടിയിൽ പങ്കെടുത്തത്. ഇതിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനും ഡി.ജെ. പരിപാടികൾക്ക് ഉൾപ്പെടെ വെളിച്ചവും ശബ്ദവും ഒരുക്കുന്നതിനുമായി പുറത്തുനിന്നുള്ള 18 പേരും എത്തിയിരുന്നു. ഈ പാർട്ടിക്ക് ശേഷമാണ് ആനക്കൊമ്പ് കാണാതായതെന്നാണ് വിവരം.

മോഷണം പോയത് വ്യക്തമായ സാഹചര്യത്തിൽ സൈനിക ക്യാമ്പ് അധികൃതർ ഡി.ജി.പിക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് പൂജപ്പുര പൊലീസിന് പരാതി കൈമാറി. അതിന്‍റെ അടിസ്ഥാനത്തിൽ പൂജപ്പുര പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്. പുറത്തുനിന്ന് എത്തിയവരെ കേന്ദ്രീകരിച്ചാണ് പ്രാഥമികാന്വേഷണം പുരോഗമിക്കുന്നത്. മിലിട്ടറി ഇന്‍റലിജൻസും അന്വേഷണത്തിലാണ്.

സി.സി.ടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. സൈനിക കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പരിപാടിയുടെ ഒരുക്കങ്ങൾക്കായി പുറത്ത് നിന്നെത്തിയ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള സംഘത്തെ പൂജപ്പുര പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എന്നാൽ, ഇവർക്ക് മോഷണവുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ ലഭിക്കാത്തതിനാൽ വിട്ടയച്ചെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം.

ക്യാമ്പിനുള്ളിലേക്കും പുറത്തേക്കും കടക്കണമെങ്കിൽ കർശനമായ സുരക്ഷാപരിശോധനകൾക്ക് വിധേയമാകണം. അത് അതിജീവിച്ച് എങ്ങനെ കൊമ്പുകൾ കൊണ്ടുപോയെന്ന സംശയവും നിൽക്കുകയാണ്. ക്യാമ്പിനുള്ളിലെ ആരുടെയെങ്കിലും സഹായമില്ലാതെ ആനക്കൊമ്പ് കടത്താനാകില്ലെന്നും ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യവും പരിശോധിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

Tags:    
News Summary - Robbery at army camp, ivory worth Rs 2 crore missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.