റോഡ്, പാലം നിർമാണം: സുരക്ഷ മുൻകരുതലിന് പ്രോട്ടോകോൾ ഉണ്ടാക്കണം -ഹൈകോടതി

കൊച്ചി: റോഡ്, പാലം നിർമാണങ്ങളിൽ പിന്തുടരേണ്ട സുരക്ഷ മുൻകരുതൽ നടപടികൾ സംബന്ധിച്ച പ്രോട്ടോകോളിന് സംസ്ഥാനം രൂപംനൽകണമെന്ന് ഹൈകോടതി. റോഡുകളുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസിൽ, തൃപ്പൂണിത്തുറ മാർക്കറ്റ് റോഡിൽ നിർമാണം പുരോഗമിക്കുന്ന അന്ധകാരത്തോട് പാലത്തിലുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ നിരീക്ഷണം. പ്രോട്ടോകോൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് സർക്കാറും പൊതുമരാമത്ത് വകുപ്പും ഉറപ്പുവരുത്തണമെന്നും ഹൈകോടതി ഉത്തരവിട്ടു.

പൊതുനിർമാണ സ്ഥലങ്ങളിൽ വേണ്ടത്ര വെളിച്ചമോ മുന്നറിയിപ്പോ ഇല്ലെങ്കിൽ അപകടസാധ്യത കൂടുമെന്ന് തൃപ്പൂണിത്തുറ സംഭവം പരാമർശിച്ച് കോടതി പറഞ്ഞു. നിർമാണ സ്ഥലത്തു വെളിച്ചമില്ലെങ്കിൽ 40 കിലോ മീറ്ററിൽ കൂടുതൽ വേഗത്തിൽ വാഹനമോടിച്ചു പോകുന്നവർക്ക് തിരിച്ചറിയാനാവില്ല. ബാരിക്കേഡ് ഉണ്ടായിരുന്നെങ്കിൽ അപകടം ഒഴിവായേനേ എന്നുള്ള തോന്നലുണ്ട്. നിർമാണ സൈറ്റുകളിൽ അപകടങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതൽ ഉറപ്പാക്കിയാൽ എപ്പോഴും തിരക്കിൽ നെട്ടോട്ടമോടുന്ന ജനത്തിന്റെ ശ്രദ്ധയാകർഷിക്കാൻ കഴിയുമെന്ന് കോടതി വ്യക്തമാക്കി.

സംഭവത്തിൽ എൻജിനീയറെ സസ്പെൻഡ് ചെയ്തുവെന്നും എൻജിനീയർക്കും കരാറുകാരനുമെതിരെ കേസെടുത്തുവെന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചു. സംഭവമുണ്ടായ ശേഷം ആർക്കെങ്കിലും പതിവുപോലെ ഉത്തരവാദിത്തം നിർണയിച്ചു നൽകുന്നതിൽ കാര്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അപകട ശേഷം നടപടി എടുക്കുന്നതുകൊണ്ട് മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിനുണ്ടാകുന്ന നഷ്ടം നികത്താനാവില്ല. സാങ്കേതികവിദ്യ വികസിച്ചിട്ടും ഇത്തരം സംഭവങ്ങളുണ്ടാകുന്നത് നാണക്കേടാണ്. അടിസ്ഥാന ആവശ്യങ്ങൾ പോലും വിസ്മരിക്കുന്നത് സംവിധാനത്തിന്റെ ശാപമാണ്. ഇതുമൂലം സാധാരണ പൗരന്റെ ജീവനാണ് അപകടത്തിലാകുന്നത്.

നിർമാണത്തിന്‍റെ ചുമതലക്കാരായ എൻജിനീയർമാർക്കും ഉദ്യോഗസ്ഥർക്കും പ്രാഥമിക ഉത്തരവാദിത്തം നൽകുന്നതിനൊപ്പം പിഴ ചുമത്താനും നടപടിയുണ്ടായില്ലെങ്കിൽ ഇത്തരം അപകടങ്ങൾക്ക് അറുതിയുണ്ടാവില്ല. നിയമത്തെ ഭയവും ബഹുമാനവും ഉണ്ടായാലേ മതിയായ മുൻകരുതൽ എടുക്കൂ. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ എൻജിനീയർക്കും സൂപ്പർവൈസറി ഓഫിസർക്കും നിയമപരമായ പൂർണ ഉത്തരവാദിത്തം ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.

കൊച്ചി നഗരത്തിൽ കൊച്ചി കോർപറേഷനും പൊതുമരാമത്തും അറ്റകുറ്റപ്പണി ചെയ്യുന്നതും ചെയ്യാനുള്ളതുമായ റോഡുകളുടെ പട്ടികയും മുൻ ഉത്തരവുകളിൽ പരാമർശിച്ച റോഡുകളടക്കമുള്ളവയുടെ നിർമാണ സ്ഥിതി സംബന്ധിച്ച റിപ്പോർട്ടും സമർപ്പിക്കാൻ നിർദേശിച്ച കോടതി ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - Road and bridge construction: Protocol should be made for safety precautions - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.