മാങ്കുളത്ത് വിനോദസഞ്ചാരികളുടെ ജീവനെടുത്ത് വെളളച്ചാട്ടങ്ങളും പുഴകളും

അടിമാലി:കോവിഡ് പ്രതിസന്ധി നീങ്ങി വിനോദ സഞ്ചാര മേഖല ഉണര്‍ന്ന് വരുമ്പോള്‍ ദുരന്തങ്ങള്‍ തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു.ഒരാഴ്ചക്കിടെ മാങ്കുളം പഞ്ചായത്തില്‍ മാത്രം രണ്ട് വിനോദ സഞ്ചാരികളാണ് വെളളത്തില്‍ മുങ്ങിമരിച്ചത്. ഞായറാഴ്ച പെരുമ്പന്‍കുത്ത് പുഴയിലാണ് വിനോദ സഞ്ചാരിയായ യുവാവ് കാലടി കാഞ്ഞൂര്‍ സ്വദേശിയായ യുവാവ് വീണ് മരിച്ചത്.വെളളത്തിന് കൂടുതല്‍ ഒഴുക്കില്ലെങ്കിലും പാറയില്‍ തലയിടിച്ചാണ് മരിച്ചത്.

അഞ്ച് ദിവസം മുന്‍പ് ആനകുളം വെല്യപാറകുട്ടി കയത്തില്‍ തലയോലപ്പറമ്പ് ഡി.ബി.കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി ജിഷ്ണു ഷാജി കയത്തില്‍ വീണ് മുങ്ങി മരിച്ചിരുന്നു. വീഴ്ചയില്‍ തല പാറയില്‍ ഇടിച്ചാണ് അപകടം. ഒരുമാസം മുമ്പ് അടിമാലി പളളിവാസലില്‍ 600 അടി താഴ്ചയിലേക്ക് വീണ് കോതമംഗലം സ്വദേശിയായ വിനോദ സഞ്ചാരിയായ യുവാവ് മരിച്ചിരുന്നു. മേഖലയിലെ അപകട സാധ്യതയുളള പ്രദേങ്ങളെ സംബന്ധിച്ച് ധാരണയില്ലാതെയും നാട്ടുകാരുടെ മുന്നറിയിപ്പുകള്‍ അവഗണിക്കുന്നതുമാണ് ഇത്തരത്തില്‍ ദുരന്തങ്ങള്‍ തുടരാന്‍ കാരണം.

ഗ്രാമ പഞ്ചായത്തുകളും വനം,പൊലീസ് വകുപ്പുകളും കൈകോര്‍ത്ത് പദ്ധതികള്‍ തയ്യാറാക്കി സുരക്ഷിത സ്ഥലങ്ങളില്‍ മാത്രം പ്രവേശനം അനുവദിച്ചാല്‍ ഇത്തരത്തിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. കടുത്ത വേനല്‍ ആയതിനാല്‍ വനം ഉണങ്ങി വരണ്ട് നില്‍ക്കുന്ന സാഹചര്യവുമാണ്.വെളളം തേടി വന്യമൃഗങ്ങള്‍ പാലയനത്തിലാണ്.ഈ സമയങ്ങളില്‍ വന്യമൃഗങ്ങള്‍ ആക്രമണകാരികളുമാണ്. ഇത് മനസിലാക്കി വനപ്രദേശങ്ങളില്‍ കടന്നാല്‍ സുരക്ഷിതമാണ്. ഇതിന് പുറമെ കാട്ടുതീയുടെ പ്രശനവും ഉണ്ട്. കഴിഞ്ഞ ദിവസം അടിമാലി പെട്ടിമുടിയില്‍ വിനോദ യാത്ര സംഘം കാട്ടുതീയില്‍ അകപ്പെട്ടിരുന്നു.വനംവകുപ്പിന്റെ അവസരോിതമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി.സ്ത്രികള്‍ ഉള്‍പ്പെട്ട 40 അംഗ സംഘത്തെയാണ് അന്ന് വനപാലകര്‍ രക്ഷപെടുത്തിയത്.അവധി ദിവസങ്ങളില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഇപ്പോള്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.ഇതില്‍ ഏറിയപങ്കും വനവും വന്യജീവികളെയും വെളളച്ചാട്ടങ്ങള്‍ കാണുന്നതിനും മാങ്കുളത്തേക്കാണ് എത്തുന്നത്.

ആനകുളം ഓരില്‍ നിത്യവും കാട്ടാനകളുണ്ട് ഇതാണ് ഇങ്ങോട്ടെക്ക് സഞ്ചാരികളുടെ ഒഴുക്ക് വർധിക്കാന്‍ കാരണം.എന്നാല്‍ അപകടം ഒളിപ്പിച്ച് വെച്ച ധാരാളം സഞ്ചാര കേന്ദ്രങ്ങളാണ് മാങ്കുളത്ത് ഉളളത്. കൂട്ടമായി എത്തുന്ന സഞ്ചാരികളെ നിയന്ത്രിക്കാന്‍ അടിസ്ഥാനപരമായ യാതോരു സൗകര്യവും മാങ്കുളത്തില്ല. ഈ സാഹചര്യത്തില്‍ മാങ്കുളത്ത് ആദ്യമായി വേണ്ടത് പൊലീസ് സ്റ്റേഷനാണ്. മൂന്നാര്‍ സ്റ്റേഷന് കീഴിലാണ് മാങ്കുളം. ഇവിടെ എയ്ഡ്‌പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമല്ല.

പൊലീസ് ജീപ്പ് കട്ടപ്പുറത്താണ്. പഞ്ചായത്തിന്റെ ആംബുലന്‍സും തകരാറിലാണ്. ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലും മാങ്കുളത്ത് ഉണ്ടാകുന്നില്ല. ആദിവാസി കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി വിനോദ സഞ്ചാര മേഖലയില്‍ സുരക്ഷയോരുക്കുന്നതിന് പദ്ധതികള്‍ വന്നാല്‍ സുരക്ഷിത ടൂറിസത്തിന് വഴിവെക്കും. കുണ്ടളയില്‍ തിരുവനന്തപുരത്ത് നിന്ന് വന്ന വിദ്യാര്‍ത്ഥി വിനോദ യാത്ര സംഘത്തിലെ ഏഴ് പേര്‍ ഡാമില്‍ മുങ്ങി മരിച്ചതാണ് ഏറ്റവും വലിയ ദുരന്തം.പിന്നീട് ആറ്റുകാട് വെളളച്ചാട്ടത്തില്‍ നാല്‌പേര്‍ ഒഴിക്കില്‍പ്പെട്ട് കാണാതായതടക്കം കഴിഞ്ഞ 10 വര്‍ഷത്തിനിടെ 100 ന് മുകളില്‍ വിനോദ സഞ്ചാരികള്‍ ദുരന്തങ്ങളില്‍ മരിച്ചിട്ടുണ്ട്.

Tags:    
News Summary - Rivers and forests pose a threat to tourists in Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.