മലപ്പുറം: സമസ്തയിലെ വിഭാഗീയതക്ക് മുശാവറ ഇടപെട്ട് അറുതിയുണ്ടാക്കിയെന്ന പ്രതീതിയുണ്ടായെങ്കിലും സംഘടനയിൽ മുസ്ലിം ലീഗിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള ഉൾപ്പോര് അവസാനിക്കുന്നില്ല. ലീഗ് വിരുദ്ധ വിഭാഗം ആദർശസമ്മേളനമെന്ന പേരിൽ വിവിധതലങ്ങളിൽ നടത്തിയ പരിപാടികൾ സമസ്തക്കുള്ളിലെ വിഭാഗീയത പരസ്യമാക്കിയിരുന്നു. അതിന് മറുപടിയെന്നോണം സമസ്ത മഹല്ല് ഫെഡറേഷന്റെ (എസ്.എം.എഫ്) ആഭിമുഖ്യത്തിൽ നവോത്ഥാന സമ്മേളനങ്ങൾ ആരംഭിച്ചിരിക്കുകയാണിപ്പോൾ.
വെള്ളിയാഴ്ച മലപ്പുറത്ത് നടന്ന നവോത്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനവേദിയിൽ കേന്ദ്ര മുശാവറ അംഗം മുസ്തഫൽ ഫൈസി നടത്തിയ പ്രസംഗം പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. സമസ്തയിലെ ലീഗ് വിരുദ്ധർക്കെതിരെയുള്ള തുറന്നുപറച്ചിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. മുസ്ലിം സമൂഹത്തിനുവേണ്ടി നിലകൊള്ളുന്ന പാർട്ടി മുസ്ലിം ലീഗാണെന്ന് പറഞ്ഞ മുസ്തഫൽ ഫൈസി, ലീഗിനെ മാറ്റിനിർത്തിക്കൊണ്ടും വിമർശിച്ചുകൊണ്ടും സമസ്തക്ക് നിലനിൽപില്ലെന്നും പ്രഖ്യാപിച്ചു. വണ്ടിയിൽ വൈകിക്കയറിയവരല്ല ദിശ നിർണയിക്കേണ്ടതെന്ന് ഒളിയമ്പെയ്തു. സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ നവോത്ഥാന സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. വരും ദിവസങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽ നവോത്ഥാന സമ്മേളനങ്ങൾ നടക്കും.
നേരത്തേ എതിർവിഭാഗം നടത്തിയ ആദർശസമ്മേളനത്തിൽ പാണക്കാട് സാദിഖലി തങ്ങളുടെ ഖാദിപദവിയെ ചോദ്യംചെയ്ത് മുക്കം ഉമർ ഫൈസി നടത്തിയ വിവാദപ്രസംഗം സമസ്തക്കുള്ളിൽ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ലീഗ് ഇതിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചത് സമസ്തയെ സമ്മർദത്തിലാക്കി. മുശാവറ യോഗം അലങ്കോലമാവുകയും ജിഫ്രി തങ്ങൾ ഇറങ്ങിപ്പോവുകയും ചെയ്തത് വലിയ വാർത്തയായി. മുക്കം ഉമർ ഫൈസി മുശാവറ അംഗത്തിനെതിരെ ‘കള്ളന്മാർ’ പ്രയോഗം നടത്തിയതും ഈ വിഷയത്തിലായിരുന്നു. ഒടുവിൽ സമസ്ത മുശാവറയുടെ തീരുമാനമനുസരിച്ച് എതിർവിഭാഗത്തിലെ പ്രമുഖരായ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവും മുക്കം ഉമർ ഫൈസിയും പാണക്കാട് സാദിഖലി തങ്ങളെ സന്ദർശിച്ച് ക്ഷമാപണം നടത്തിിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.