തിരുവനന്തപുരം: നാല് ക്ഷേമനിധികളുടെ വരുമാന സ്രോതസ്സ് ഉയർത്തുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെട്ട ബില്ലുകൾ നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു. 2021ലെ കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി (ഭേദഗതി) ബിൽ, 2021ലെ കേരള കർഷകത്തൊഴിലാളി (ഭേദഗതി) ബിൽ, 2021 ലെ കേരള തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ, 2021 ലെ കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബിൽ എന്നിവയാണ് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടത്. ഭരണ-പ്രതിപക്ഷാംഗങ്ങളായ 17 പേർ ബില്ലുകളുടെ ചർച്ചയിൽ പെങ്കടുത്തു. കർഷകത്തൊഴിലാളി ക്ഷേമനിധിയിൽ തൊഴിലാളികളുടെ അംശാദായം പ്രതിമാസം അഞ്ചിൽനിന്ന് 20 രൂപയായി ഉയർത്തുന്നതാണ് ബില്ലിലെ പ്രധാന ഭേദഗതി. ഭൂഉടമകൾ 20 മുതൽ 40 ആർ വരെ വിസ്തൃതി ഭൂമിക്ക് ഓരോ ആറിന് 50 പൈസ നിരക്കിൽ അംശാദായം നൽകണം. 40 ആറിൽ കൂടുതൽ കൈവശമുള്ളവർ മുഴുവൻ ഭൂമിക്കും ഓരോ ആറിനും പ്രതിവർഷം ഒരു രൂപ അംശാദായം നൽകണം. തൊഴിലാളി വിഹിതത്തിെൻറ 25 ശതമാനം പരമാവധി അഞ്ച് രൂപവരെ സർക്കാർ ഗ്രാൻറ് നൽകും.
കശുവണ്ടി ഫാക്ടറി തൊഴിലാളികൾ തൊഴിലെടുക്കുന്ന ഓരോ ദിവസത്തിനും ഉടമയും തൊഴിലാളിയും ഒരു രൂപ വീതം ക്ഷേമനിധി അംശാദായം നൽകണമെന്നത് രണ്ടുരൂപ ആക്കി ഉയർത്തുന്നതാണ് കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബില്ലിലെ പ്രധാന ഭേദഗതി. തൊഴിലാളി വിഹിതത്തിെൻറ പകുതി തുക സർക്കാർ ഗ്രാൻറായി നൽകും.
തയ്യൽ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളും തൊഴിൽ ചെയ്യുന്നവരും പ്രതിമാസം 50 രൂപ അംശാദായം നൽകണമെന്ന് ബില്ലിൽ ഭേദഗതി ചെയ്യുന്നു. തൊഴിലുടമ ഓരോ തൊഴിലാളിക്കും 25 രൂപ നൽകണം. തൊഴിലാളി വിഹിതത്തിെൻറ പത്ത് ശതമാനം സർക്കാർ ഗ്രാൻറായി നൽകും.
കേരള തൊഴിലാളി ക്ഷേമനിധിയിൽ തൊഴിലുടമ വിഹിതം എട്ട് രൂപ എന്നത് 45 ആക്കി ഉയർത്തുന്നതാണ് പുതിയ ഭേദഗതി. നാല് ബില്ലിലെ വ്യവസ്ഥകൾ ഓർഡിനസിലൂടെ നിലവിൽ വന്നിരുന്നു. രാജ്യത്തെ പുതിയ സാഹചര്യത്തിൽ തൊഴിലാളികൾക്ക് കൂടുതൽ ക്ഷേമം ഉറപ്പാക്കുന്ന ഭേദഗതികളാണ് ബില്ലുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് ബിൽ അവതരിപ്പിച്ച തൊഴിൽ മന്ത്രി ശിവൻകുട്ടി പറഞ്ഞു. ക്ഷേമനിധി ബോർഡുകളിലേക്ക് ലഭിക്കേണ്ട കുടിശ്ശിക പിടിക്കാൻ നടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.