ഭൂപരിഷ്കരണ നിയമത്തിന്‍റെ അന്തസ്സത്തയിൽ മാറ്റം അനുവദിക്കില്ല തൊടുപുഴ: ഭൂപരിഷ്കരണ നിയമം അട്ടിമറിച്ച് തോട്ടഭൂമി മുറിച്ച് തരംമാറ്റിയാൽ മിച്ചഭൂമി കേസിൽ പ്രതിയാകുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. സർവേ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ (എസ്.എഫ്.എസ്.എ) 53ാം സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം തൊടുപുഴ റിവർ ബാങ്ക് ഓഡിറ്റോറിയത്തിലെ കാനം രാജേന്ദ്രൻ നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റവന്യൂ വകുപ്പിന്‍റെ തീരുമാനത്തെ മന്ത്രി കടുംവെട്ട് വെട്ടി എന്ന് കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. പാവപ്പെട്ടവർക്ക് ഭൂമി നൽകാൻ 1970ൽ അച്യുതമേനോൻ സർക്കാർ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമത്തിന്‍റെ അന്തസ്സത്തയിൽ ഒരു മാറ്റവും വരുത്താൻ അനുവദിക്കില്ല. ഒരാൾക്ക് പരമാവധി കൈവശം വെക്കാവുന്ന ഭൂമി 15 ഏക്കറായി നിജപ്പെടുത്തിയതാണ്. തോട്ടഭൂമിക്ക് പ്രത്യേകമായ ഇളവ് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. തോട്ടഭൂമി മുറിച്ചുകൊടുക്കുമ്പോഴും തോട്ടമായി നിലനിർത്തണമെന്നാണ് വ്യവസ്ഥ. തോട്ടംഭൂമി മുറിച്ച് കൊടുത്ത് തരംമാറ്റിയാൽ കിട്ടിയവരുടെ അക്കൗണ്ടിലായിരിക്കില്ല അത് വരവ് വെക്കുക, കൊടുത്തവരുടെ അക്കൗണ്ടിൽ തന്നെയായിരിക്കും. അപ്പോൾ 15 ഏക്കർ കൈവശമുള്ളയാൾ തോട്ടം മുറിച്ച് തരംമാറ്റിയാൽ തരംമാറ്റിയ ഭൂമി മിച്ചഭൂമിയായി മാറുകയും കേസിൽ പ്രതിയാവുകയും ചെയ്യും. താലൂക്ക് ലാൻഡ് ബോർഡിന് അയാൾക്കെതിരെ നടപടി എടുക്കുകയും ചെയ്യാമെന്ന കാര്യം ഭൂപരിഷ്കരണ നിയമത്തിലുള്ളതാണ്. അത് തെറ്റായി വായിച്ചവരെ ശരിയായി വായിപ്പിക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്ന് മന്ത്രി വ്യക്തമാക്കി.
ഡിജിറ്റൽ റീസർവേ പൂർത്തിയാകുന്നതിലൂടെ പുതിയൊരു കേരള മോഡലിന് തുടക്കമാവുകയാണെന്ന് മന്ത്രി പറഞ്ഞു. അസമും ആന്ധ്രയും പോലുള്ള സംസ്ഥാനങ്ങൾ കേരളം നടപ്പാക്കിയ ഡിജിറ്റൽ റീ സർവേയുടെ സാങ്കേതികവിദ്യയും മാതൃകയും ആവശ്യപ്പെട്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. എസ്.എഫ്.എസ്.എ സംസ്ഥാന പ്രസിഡൻറ് സി. സുധാകരൻപിള്ള അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.