മാധ്യമ’ത്തിൽനിന്ന് വിരമിച്ചവരുടെ ഒത്തുചേരൽ ‘ഓർമപ്പന്തൽ’ ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: ഓർമപ്പന്തലിൽ 'മാധ്യമക്കാലം' അയവിറക്കി അവരുടെ ഒത്തുചേരൽ. മാധ്യമം ദിനപത്രത്തിൽനിന്ന് വിരമിച്ചവരാണ് കുടുംബസമേതം ഒരുമിച്ചുകൂടി സുരഭിലമായ ഓർമകളുടെ കെട്ടഴിച്ചത്. പത്രത്തിന്റെ പിറവികാലം മുതൽ കൂടെ സഞ്ചരിച്ചവർക്ക് ഇത് അഭിമാനകരമായ പുനഃസമാഗമം കൂടിയായി. കാലം ഏറ്റെടുത്ത പത്രത്തിന്റെ ഭാഗമായവർക്ക്, തുടക്കത്തിന്റെ ഇല്ലായ്മകളിലും വല്ലായ്മകളിലും ഒരുമയോടെ നിന്നവർക്ക് പത്രത്തെ വളർത്തിയെടുക്കുന്നതിൽ പങ്കുവഹിക്കാനായതിന്റെ അഭിമാനം.
മാധ്യമത്തിൽനിന്ന് പിരിഞ്ഞുപോയവരും കുടുംബാംഗങ്ങളുമാണ് കോഴിക്കോട് ഐ.എം.എ ഹാളിൽ 'ഓർമപ്പന്തൽ' എന്നപേരിൽ ഒത്തുചേർന്നത്. മാധ്യമം കുടുംബത്തിൽനിന്ന് മരിച്ചുപോയ 43ഓളം അംഗങ്ങളെ അനുസ്മരിച്ചുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. ഒരു പത്രത്തിൽനിന്ന് പിരിഞ്ഞുപോയവർ ഇതുപോലെ സംഗമിക്കുന്നത് അപൂർവ അനുഭവമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പറഞ്ഞു.
മാധ്യമത്തിന്റെ വളർച്ചയെ കുറിച്ചുള്ള സ്വപ്നങ്ങളാണ് ഈ പ്രായത്തിലും തന്റെ ശക്തിയെന്ന് 'ഗൾഫ് മാധ്യമം' ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് പറഞ്ഞു. എല്ലാ അർഥത്തിലും മാധ്യമം ഒരു വികാരമായി കൊണ്ടുനടന്നവരുടെ ഓർമപ്പന്തലാണിതെന്ന് അധ്യക്ഷത വഹിച്ച എഴുത്തുകാരൻ പി.കെ. പാറക്കടവ് പറഞ്ഞു.
വിവിധ മേഖലകളിൽ അംഗീകാരം നേടിയവരെ ചടങ്ങിൽ ആദരിച്ചു. പി.കെ. പാറക്കടവ്, റസാഖ് താഴത്തങ്ങാടി, കെ. ഷൗക്കത്തലി, ജുഷ്ന ഷാഹിൻ, എ.പി. ഷിനാസ് ഹുസൈൻ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. ഒ. അബ്ദുറഹ്മാൻ, വി.കെ. ഹംസ അബ്ബാസ് എന്നിവരെ പൊന്നാടയണിയിച്ചു. സി.എം. നൗഷാദലി വിടപറഞ്ഞുപോയവരെ അനുസ്മരിച്ചു. വി.കെ. ഖാലിദ്, സി.കെ.എ. ജബ്ബാർ, ലത്തീഫ് ഒറ്റത്തെങ്ങിൽ, എം.ജെ. ബൽത്തസർ, കെ. ഉമറുൽ ഫാറൂഖ് തുടങ്ങിയവർ സംസാരിച്ചു. സർഗവിരുന്ന്, നിമിഷ മത്സരം, ഗാനമേള തുടങ്ങിയവ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.