തിരുവമ്പാടി (കോഴിക്കോട്): സംസ്ഥാനത്തെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലെ ഭിന്നശേഷികുട്ടികളുടെ എണ്ണം കണക്കാക്കാനുള്ള രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാെൻറ(ആർ.എം.എസ്.എ) വിവരശേഖരണം പാളി. ഇതോടെ വിവിധ ജില്ലകളിലെ റിസോഴ്സ് അധ്യാപകരുടെ പുനർവിന്യാസവും താളംതെറ്റി. ആർ.എം.എസ്.എ യുടെ കീഴിലുള്ള ഐ.ഇ.ഡി.എസ്.എസ് (ഇൻക്ലൂസീവ് എജുക്കേഷൻ ഫോർ ഡിസേബിൾഡ് അറ്റ് സെക്കൻഡറി സ്റ്റേജ് ) പദ്ധതിയിൽ കഴിഞ്ഞ ജൂണിൽ നടത്തിയ ഓൺലൈൻ വിവരശേഖരണമാണ് അബദ്ധപഞ്ചാംഗമായി മാറിയത്. ഒമ്പത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ ഭിന്നശേഷികുട്ടികളുടെ എണ്ണമാണ് റിസോഴ്സ് അധ്യാപകരുടെ പുനർവിന്യാസത്തിനായി ശേഖരിച്ചിരുന്നത്. കുട്ടികളുടെ പേര്, യു.ഐ.ഡി എന്നിവ ആർ.എം.എസ്.എ വിവരശേഖരണത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതുമൂലം പല വിദ്യാലയങ്ങളും ഭിന്നശേഷികുട്ടികളുടെ എണ്ണം പെരുപ്പിച്ച് നൽകിയതോടെ അധികൃതർ വെട്ടിലായി.
കോഴിക്കോട്, തൃശൂർ, കാസർകോട്, കൊല്ലം ജില്ലകളിൽ റിസോഴ്സ് അധ്യാപക പുനർവിന്യാസം താളംതെറ്റിയിരിക്കുകയാണ്. അബദ്ധം തിരിച്ചറിഞ്ഞ അധികൃതർ കഴിഞ്ഞദിവസം ഭിന്നശേഷികുട്ടികളുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ വിദ്യാലയങ്ങൾക്ക് നിർേദശം നൽകിയിരിക്കുകയാണ്. പൊതുവിദ്യാലയങ്ങളിൽ റിസോഴ്സ് അധ്യാപകരെ നിയമിക്കാനുള്ള അധ്യാപക -വിദ്യാർഥി അനുപാതം 1:5 ആണ്. എന്നാൽ, 1:5 അധ്യാപക -വിദ്യാർഥി അനുപാതം പാലിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം.
കൂടുതൽ ഭിന്നശേഷി കുട്ടികളുള്ള സ്കൂളുകളിലേക്ക് റിസോഴ്സ് അധ്യാപകരെ മാറ്റുന്നുവെന്നാണ് അധികൃതർ പറയുന്നത്. അതേസമയം, മതിയായ എണ്ണം കുട്ടികളുണ്ടായിട്ടും നിലവിെല സ്കൂളുകളിൽ നിന്ന് കുട്ടികൾ കുറഞ്ഞ സ്കൂളുകളിലേക്ക് അധ്യാപകരെ സ്ഥലംമാറ്റുന്നതിന് ന്യായീകരണമില്ലെന്ന് അധ്യാപകർ കുറ്റപ്പെടുത്തി. കൊല്ലം ജില്ലയിലെ ഒരധ്യാപകനെ 32 ഭിന്നശേഷി കുട്ടികളുള്ള സ്കൂളിൽ നിന്ന് 12 കുട്ടികൾ മാത്രമുള്ള സ്കൂളിലേക്കാണത്രെ മാറ്റിയത്. പുനർവിന്യാസം വികലമായി നടപ്പാക്കിയതോടെ നിരവധി സ്കൂളുകളിൽ റിസോഴ്സ് അധ്യാപകരില്ലാത്ത സാഹചര്യമാണുള്ളത്. ഭിന്നശേഷി കുട്ടികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച റിസോഴ്സ് റൂം, ഫിസിയോ തെറപ്പി സൗകര്യങ്ങളുള്ള വിദ്യാലയങ്ങൾക്കും തെറ്റായ വിവരശേഖരണത്തിനുശേഷം നടന്ന പുനർവിന്യാസത്തിൽ അധ്യാപകരെ നഷ്ടമായിരിക്കയാണ്.
ഈ സ്കൂളുകളിലെ കുട്ടികൾ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി. അഞ്ചിൽ താഴെ ഭിന്നശേഷി കുട്ടികളുള്ള സ്കൂളുകളിൽ അധ്യാപകരെ പാർട്ട് ടൈമായി നിയമിക്കാമെന്ന് ഐ.ഇ.ഡി.എസ്.എസ് പദ്ധതിക്ക് ഫണ്ട് നൽകുന്ന കേന്ദ്ര മാനവശേഷി മന്ത്രാലയത്തിെൻറ മാർഗനിർേദശമുണ്ട്. അതേസമയം, ഈ വർഷം 162 റിസോഴ്സ് അധ്യാപകരെ പുതുതായി നിയമിക്കാൻ കേന്ദ്ര മാനവശേഷി മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് 703 റിസോഴ്സ് അധ്യാപകരാണ് ഐ.ഇ.ഡി.എസ്.എസ് പദ്ധതിയിൽ നിലവിൽ കരാറടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നത്.
റിസോഴ്സ് അധ്യാപകർക്ക് വേതനം ലഭിച്ചിട്ട് നാലുമാസം തിരുവമ്പാടി (കോഴിക്കോട്): സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ റിസോഴ്സ് അധ്യാപകർ വേതനമില്ലാതെ ദുരിതത്തിൽ. കാഴ്ച, ചലന പരിമിതി ഉൾപ്പെടെയുള്ളവർ റിസോഴ്സ് അധ്യാപകരിലുണ്ട്. ഇവർക്ക് വേതനം ലഭിച്ചിട്ട് നാലുമാസമായി. ഏപ്രിൽ, േമയ്, ജൂൺ, ജൂലൈ മാസങ്ങളിലെ വേതനമാണ് അധ്യാപകർക്ക് ലഭിക്കാത്തത്. അധ്യാപകരുടെ പുനർവിന്യാസനടപടികൾ മന്ദഗതിയിലായതാണ് വേതനവിതരണവും വൈകിപ്പിക്കുന്നത്. അതേസമയം ജൂൺ, ജൂലൈ മാസങ്ങളിലെ ശമ്പളം അധ്യാപകർക്ക് ഉടൻ വിതരണംചെയ്യുമെന്ന് ആർ.എം.എസ്.എ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.