കോഴിക്കോട്: ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ഛത്തീസ്ഗഢ് സ്വദേശി പാലക്കാട് വാളയാറിൽ ആൾകൂട്ടക്കൊലക്കിരയായതിന്‍റെ പശ്ചാത്തലത്തിൽ വർഷങ്ങൾക്കുമുമ്പ് അസമിൽവെച്ച് ഇതേ ചോദ്യവുമായി തന്നെ ചിലർ ചോദ്യം ചെയ്തതിനെക്കുറിച്ച് ഓർത്തെടുത്ത് യുവാവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. ആദിൽ മഠത്തിൽ ആണ് നടക്കുന്ന അനുഭവം വിവരിച്ചിരിക്കുന്നത്.
നാലു വർഷം മുമ്പ് ലിറ്ററേച്ചർ ഫെസ്റ്റിന് അസമിൽ എത്തി നഗോണിലെ കടയിൽ ചായ കുടിക്കാൻ നിൽക്കുമ്പോഴായിരുന്നു സംഭവമെന്ന് ആദിൽ പറയുന്നു. കേരളത്തിൽ നിന്നാണെന്ന് പറഞ്ഞെങ്കിലും ‘തു ബംഗ്ലാദേശി ഹെ’ എന്ന് പറഞ്ഞ് പൗരത്വം ചോദ്യം ചെയ്ത് അയാൾ ഐ.ഡി ചോദിച്ചു. ഇവിടെയുള്ള ജീബോൺ നാര എന്ന കവിയുടെ വീട്ടിൽ അതിഥിയായി എത്തിയതാണെന്നും രാവിലെ നടക്കാൻ ഇറങ്ങിയതാണെന്നും ഇംഗ്ലീഷും ഹിന്ദിയും കൂട്ടിക്കെട്ടി നെഞ്ചുപിടച്ചു പറഞ്ഞൊപ്പിച്ചെന്നും ഓർത്തെടുക്കുന്നു. അസമിലെ തെരുവോരത്ത് നാലു വർഷങ്ങൾക്കു മുമ്പ് എനിക്കുനേരെ വന്ന അപരവിദ്വേഷത്തിന്റെ ആ ചോദ്യം കേരളത്തിൽ എത്തി ഒരു മനുഷ്യനെ തല്ലിക്കൊന്നിരിക്കുന്നു എന്നറിയുമ്പോൾ മേലാകെ മുറിഞ്ഞു നീറുന്നു -ആദിൽ എഴുതുന്നു.
നീയൊരു ബംഗ്ലാദേശിയാണോ ??
നാലുവർഷങ്ങൾക്കു മുമ്പ് ആസാമിലെ നഗോണിൽ പുലരിത്തണുപ്പിൽ ഒരു വഴിയോരക്കടയ്ക്ക് മുന്നിൽ ചായ കാത്തു നിൽക്കവെയാണ് ആ ചോദ്യം എനിക്കു നേരെയെത്തിയത്.
ഒറ്റമുറിക്കടയക്കടകത്ത് റൊട്ടി ചുട്ടുകൊണ്ടു നിന്ന കടക്കാരനോട് പിറുപിറുത്തുകൊണ്ടിരുന്ന ജാക്കറ്റും തൊപ്പിയുമിട്ട ഒരാൾ എന്നെ കണ്ടു പുറത്തിറങ്ങി വന്നു ചോദിച്ചു
"കോൻ ഹേ തു ? തു കഹാ സെ ഹെ ? ഇധർ ക്യാ കർ രഹാ ഹെ ?"
മറുപടിക്കു വേണ്ടി മുറവിളി കൂട്ടുന്ന ചോദ്യങ്ങളോടെ മുന്നിൽ വന്നുനിന്ന അയാളോട് കേരളത്തിൽ നിന്നാണ് ഞാൻ എന്ന് ഇംഗ്ലീഷിൽ പറഞ്ഞു.
ഹിന്ദി അറിയില്ലേ എന്നായി അടുത്ത ചോദ്യം.
നഹി മാലും എന്ന് അറിയാവുന്ന ഹിന്ദിയിൽ അയാളോട് പറഞ്ഞു.
ഥോഡാ.. ഥോഡാ മാലും ? ചിരിച്ചുകൊണ്ട് അയാൾ എന്റെ തോളത്തു കൈവെച്ചതും നഹി മാലും എന്ന് ഞാൻ അയാളുടെ ചോദ്യങ്ങളിൽ നിന്നു മാറി നിന്നു. ചിരിയിൽ നിന്നയാൾ പൊടുന്നനെ കുപിതനായി വിളിച്ചു പറഞ്ഞു.
യൂ ആർ ലയർ. യു ആർ ലയർ തു ബംഗ്ലാദേശി ഹെ !
ജീവിതത്തിൽ ആദ്യമായ് ഒരാൾ മുഖത്തു നോക്കി നുണയൻ എന്നു വിളിച്ചതിന്റെയും പൗരത്വം ചോദ്യം ചെയ്തതിന്റെയും പരിഭ്രമത്തിൽ ഞാൻ നിൽക്കെ
ഐ.ഡി കാണിക്കാൻ അയാൾ കൈനീട്ടി.
റൊട്ടി ചുട്ടുകൊണ്ടിരുന്ന കടക്കാരനും എന്നെ തുറിച്ചു നോക്കാൻ തുടങ്ങി.
ഐഡി ദിഖാവോ .. തു ബംഗ്ലാദേശി ഹെ.. എന്ന് അയാൾ അവർത്തിക്കെ കൈയിലെ ചരടുകൾ കണ്ട് ഞാൻ തിരിച്ചു ചോദിച്ചു
ആപ്പ് പൊലീസ് ഹെ ?
ആ മറുചോദ്യം അയാൾക്ക് സഹിക്കാനായില്ല.
യു ആർ ലയർ ! യൂ ആർ റോങ്ങ് !! റോങ്ങ് .. എനിക്കു നേരെ അയാൾ ആക്രോശിക്കാൻ തുടങ്ങിയതും കടക്കാരൻ പുറത്തിറങ്ങി വന്നു കാര്യം തിരക്കി.
കേരളത്തിൽ നിന്നും ഒരു ലിറ്ററേച്ചർ ഫെസ്റ്റിന് വന്നതാണ്. ഇവിടെയുള്ള ജീബോൺ നാര എന്ന കവിയുടെ വീട്ടിൽ അതിഥിയായി എത്തിയതാണ്. രാവിലെ നടക്കാൻ ഇറങ്ങിയതാണ് എന്നെല്ലാം ഇംഗ്ലീഷും ഹിന്ദിയും കൂട്ടിക്കെട്ടി നെഞ്ചുപിടച്ചു പറഞ്ഞൊപ്പിച്ചു.
എന്നെ പൂർണ്ണ വിശ്വാസത്തിലെടുക്കാൻ മടിച്ച കടക്കാരൻ ജീബോൺ നാരയുടെ വീട് എവിടെ എന്ന് ചോദിച്ചു. ഞാൻ അങ്ങോട്ടുള്ള വഴി ചുണ്ടി കാണിച്ചു എന്നോട് ചോദ്യങ്ങൾ ചോദിച്ചയാൾ അപ്പോഴും ഞാൻ പറഞ്ഞതൊന്നും വിശ്വസിച്ചില്ല.
തൂ ഝൂഠ് ബോൽ രഹാ ഹെ എന്ന് ആക്രോശിച്ച് എന്നോട് വീണ്ടും ഐഡി എടുക്കാൻ പറഞ്ഞു.
ഇനി എന്തു ചെയ്യും എന്നറിയാതെ ഞാൻ നിന്നു.
കടക്കാരൻ അയാളെ മാറ്റിനിർത്തി പിറുപിറുക്കവെ ഞാൻ ജീബന്റെ വീട്ടിലേക്ക് നടന്നു തുടങ്ങി.
ബംഗ്ലാദേശി ! യു ആർ ലയർ ! എന്ന് അയാൾ അപ്പോഴും വിളിച്ചു കൂവുന്നുണ്ടായിരുന്നു.
നാലു വർഷങ്ങൾക്കിപ്പുറം ആ ചോദ്യം വീണ്ടും കേട്ടു. വാളയാറിലെ അട്ടക്കുളത്തെ വഴിയോരത്ത് രാം നാരായൺ എന്ന അതിഥി തൊഴിലാളിയെ കള്ളൻ എന്ന് ആരോപിച്ച് പകൽ വെളിച്ചത്തിൽ തല്ലിച്ചതച്ച് കൊല്ലുന്നതിന് ഇടയിലാണ് 'നാട്ടുകാർ' ആ ചോദ്യം വീണ്ടും വീണ്ടും ചോദിക്കുന്നത് കേട്ടത്.
തുമാരാ ഗാവ് കിദർ ഹെ? തു ബംഗ്ലാദേശി??
നാൽപ്പതിലേറെ മുറിവുകളോടെ ആ മനുഷ്യൻ കൊല്ലപ്പെട്ടു. വ്യത്യസ്ത തലക്കെട്ടുകളോടെ ഇപ്പോൾ ആ വാർത്ത പ്രചരിച്ചുകൊണ്ടിരിക്കുന്നു.
മദ്യപാനിയായും മനോരോഗിയായും അപകടകാരിയായി തോന്നിക്കുന്നവനായും രാം നാരായണനെ ചിത്രീകരിക്കുന്ന പല വാർത്തകളും കൊലപാതകികൾ ആവർത്തിച്ചു ചോദിച്ച ആ ചോദ്യം മറച്ചുവെക്കുന്നു.
ചത്തീസ്ഗഡ് സ്വദേശിയായ രാം നാരായണനെ ബംഗ്ലാദേശി എന്ന് ആരോപിച്ച് ബി.ജെ.പിക്കാരായ ശാഖാപ്രവർത്തകർ ആൾക്കൂട്ട വിചാരണ നടത്തി കേരളത്തിലെ തെരുവോരത്ത് തല്ലിക്കൊന്നു എന്ന യാഥാർത്ഥ്യം പല മുഖ്യധാരാ മാധ്യമങ്ങളും പറയാൻ മടിക്കുന്നു.
ആസാമിലെ തെരുവോരത്ത് നാലു വർഷങ്ങൾക്കു മുമ്പ് എനിക്കുനേരെ വന്ന അപരവിദ്വേഷത്തിന്റെ ആ ചോദ്യം കേരളത്തിൽ എത്തി ഒരു മനുഷ്യനെ തല്ലിക്കൊന്നിരിക്കുന്നു എന്നറിയുമ്പോൾ മേലാകെ മുറിഞ്ഞു നീറുന്നു.
അന്ന് ആ കടക്കാരന് എന്നെ വെറുതെ വിടാൻ തോന്നിയില്ലായിരുന്നെങ്കിൽ ജീബോന്റെ വീടിനടുത്തെ വഴിയരികിൽ നിന്ന് എടുത്ത ഈ സെൽഫി എന്റെ അവസാന ചിത്രമായേനെ.
ഈ രാജ്യത്തെ ഏതൊരു തെരുവിൽ വെച്ചും എപ്പോൾ വേണമെങ്കിൽ കൊലപ്പെടുത്താൻ അപരത്വം കാത്ത് നിൽക്കുന്നു എന്ന് നടുക്കത്തോടെ തിരിച്ചറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.