സ്വര്‍ണപ്പാളിയില്‍നിന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ് വേര്‍തിരിച്ചെടുത്തത് ഒരുകിലോയോളം സ്വര്‍ണം; രേഖകള്‍ പിടിച്ചെടുത്ത് എസ്.ഐ.ടി

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളികളില്‍നിന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ് ഒരു കിലോയോളം സ്വര്‍ണം വേർതിരിച്ചെടുത്തെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കണ്ടെത്തി. 14 പാളികളില്‍ നിന്ന് 577 ഗ്രാമും വശങ്ങളിലെ പാളികളില്‍നിന്ന് 409 ഗ്രാം സ്വർണവും വേര്‍തിരിച്ചെടുത്തു. സ്മാര്‍ട്ട് ക്രിയേഷന്‍സ് പണിക്കൂലിയായി എടുത്തത് 96 ഗ്രാം സ്വര്‍ണമാണെന്നതും ജ്വല്ലറിയുടമയായ ഗോവര്‍ധനെ ഏല്‍പ്പിച്ചത് 474 ഗ്രാം സ്വര്‍ണമാണെന്നും എസ്.ഐ.ടി പിടിച്ചെടുത്ത രേഖകളിൽനിന്ന് വ്യക്തമായി. നേരത്തെ സ്വര്‍ണക്കൊള്ളയില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ പങ്കുമായി ബന്ധപ്പെട്ട പുറത്തുവന്ന വിവരങ്ങള്‍ പ്രാഥമിക ഘട്ടത്തില്‍ ഇവര്‍ നിഷേധിച്ചിരുന്നു.

തങ്ങള്‍ സ്വര്‍ണം വേര്‍തിരിച്ചെടുത്തില്ലെന്നും, സ്വര്‍ണം പൂശുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു അവരുടെ മൊഴി. എന്നാല്‍, ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ അന്നുതന്നെ എസ്.ഐ.ടി പിടിച്ചെടുത്തിരുന്നു. പിന്നാലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയെ കേസിന്റെ പ്രാഥമികഘട്ടത്തില്‍ ചോദ്യം ചെയ്തു. സ്വര്‍ണം വേര്‍തിരിച്ചിട്ടുണ്ടെന്ന് ചോദ്യംചെയ്യലിൽ ഭണ്ഡാരി സമ്മതിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ വെള്ളിയാഴ്ച പിടിച്ചെടുത്തതോടെയാണ് പങ്കജ് ഭണ്ഡാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു കിലോയ്ക്കടുത്ത് സ്വര്‍ണം വേര്‍തിരിച്ചെടുത്തിട്ടുണ്ടെന്നാണ് രേഖകളിലുള്ളത്.

അതേസമയം സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷണം നടത്തു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇതുവരെ അന്വേഷണം നടത്തിയ എസ്.ഐ.ടി ഇ.ഡിക്ക് കൈമാറണമെന്ന് കൊല്ലം വിജിലൻസ് കോടതി നിർദേശിച്ചു. സ്വർണക്കൊള്ളക്കേസിലെ എഫ്.ഐ.ആർ ഉൾപ്പെടെയുള്ള രേഖകൾ ആവശ്യപ്പെട്ട് ഇ.ഡി സമർപ്പിച്ച അപേക്ഷയിലാണ് വിജിലൻസ് കോടതിയുടെ വിധി.

കള്ളപ്പണ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാനാണ് രേഖകൾ വേണമെന്ന് ഇ.ഡി ആവശ്യപ്പെട്ടത്. എന്നാൽ, സമാന്തര അന്വേഷണം കേസിലെ കൂടുതൽ പ്രതികളിലേക്ക് എത്തുന്നതിന് തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടിയുള്ള എസ്.ഐ.ടി വാദം കോടതി തള്ളി. ഹൈകോടതിയുടെ അനുമതിയോടെയാണ് തങ്ങൾ രേഖകൾ ആവശ്യപ്പെടുന്നതെന്നാണ് ഇ.ഡി വ്യക്തമാക്കിയത്. രേഖകൾ കൈമാറുന്നത് അന്വേഷണത്തിന്റെ രഹസ്യസ്വഭാവത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദത്തെ കോടതി പരിഗണിച്ചില്ല.

ശബരിമല സ്വർണക്കൊള്ളയിൽ ഇ.ഡി അന്വേഷിക്കേണ്ടതില്ലെന്ന നിലപാടായിരുന്നു സർക്കാരും ദേവസ്വം ബോർഡും എസ്.ഐ.ടിയും സ്വീകരിച്ചത്. എന്നാൽ, വിജിലൻസ് കോടതി ഇത് തള്ളി. റിപ്പോർട്ടുകൾ അടക്കം എല്ലാ രേഖകളും അടിയന്തരമായി ഇഡിയ്ക്ക് കൈമാറണമെന്നാണ് കൊല്ലം വിജിലൻസ് കോടതിയുടെ ഉത്തരവ്. ഹൈകോടതിയെ ആയിരുന്നു ഇഡി ആദ്യം സമീപിച്ചത്. എന്നാൽ, വിജിലൻസ് കോടതിയെ സമീപിക്കാൻ ഹൈകോടതി നിർദേശിക്കുകയായിരുന്നു.

Tags:    
News Summary - Smart Creations extracted about a kilogram of gold from Sabarimala sculptures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.