ന്യൂനപക്ഷ കമീഷൻ സിറ്റിങിൽ മൂന്ന് പരാതികൾക്ക് പരിഹാരം

കൊച്ചി: സർക്കാർ ജോലികളിലെ സംവരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സംവരണാനുകൂല്യങ്ങൾ ഒന്നും നഷ്ടമാകില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് ന്യൂനപക്ഷ കമീഷൻ. മറിച്ചുള്ള പ്രചാരണം തെറ്റിദ്ധാരണ യുണ്ടാക്കുന്നതാണ്. തൃക്കാക്കര മുസ് ലീം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.എൻ. നിയാസ് സമർപ്പിച്ച പരാതി തീർപ്പാക്കിയാണ് കമീഷന്റെ പരാമർശം.

ന്യൂനപക്ഷ കമീഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങിൽ മൂന്ന് പരാതികൾക്ക് പരിഹാരമായി. മുസ് ലീം വിഭാഗങ്ങൾക്ക് സർക്കാർ ഉദ്യോഗത്തിൽ ഏർപ്പെടുത്തിയിട്ടുള്ള സംവരണത്തിൽ രണ്ട് ശതമാനം നഷ്ടമാകുമെന്ന് ഉത്തരവ് ഇറങ്ങിയതായാണ് പരാതിക്കാരൻ ഉന്നയിക്കുന്നത്. എന്നാൽ ഇത്തരമൊരു സർക്കാർ ഉത്തരവ് നിലവിലില്ലെന്ന് കമീഷൻ വ്യക്തമാക്കി.

നെട്ടൂർ സ്വദേശി അബ്ദുൾ അസീസ് സമർപ്പിച്ച പരാതിയിലും പരിഹാരം. വാട്ടർ അതോറിറ്റിയിൽ അസിസ്റ്റൻ്റ് എൻജിനീയറായി സ്ഥാനക്കയറ്റം ലഭിച്ച തനിക്ക് ഇൻക്രിമെൻറ് അനുവദിക്കണമെന്നതായിരുന്നു പരാതി. കേരള വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.എച്ച് ഡിവിഷൻ എന്നിവർ എതിർ കക്ഷികളായി സമർപ്പിച്ച പരാതിയിൽ രണ്ട് മാസത്തിനകം തീരുമാനമെടുത്ത് കമീഷനെയും പരാതിക്കാരനെയും അറിയിക്കാൻ ഉത്തരവിട്ടു.

പല്ലാരിമംഗലം സ്വദേശി കെ.വി. കുഞ്ഞുമുഹമ്മദ് സമർപ്പിച്ച പരാതിയിലും തീരുമാനമായി. കലക്ടറും കോതമംഗലം തഹസിൽദാറും എതിർ കക്ഷികളായി സമർപ്പിക്കപ്പെട്ട പരാതിയിൽ തന്റെ കൈവശമുള്ള ഭൂമിയുടെ അതിരുകൾ നഷ്ടമായെന്നും പുറമ്പോക്ക് ഭൂമി പതിച്ചു നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. പുറമ്പോക്ക് ഭൂമി പതിച്ചു നൽകാനാകില്ലെന്നും സർക്കാരിന്റെ ഉചിതമായ ക്ഷേമ പദ്ധതിയിലുൾപ്പെടുത്തി സ്ഥലവും ഭൂമിയും ലഭ്യമാക്കുന്നതിന് പഞ്ചായത്തുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാനും കക്ഷിക്ക് നിർദേശം നൽകിക്കൊണ്ടുള്ള കലക്ടറുടെ റിപ്പോർട്ട് പരിഗണിച്ച് പരാതിയിന്മേലുള്ള തുടർ നടപടികൾ കമ്മീഷൻ അവസാനിപ്പിച്ചു. ആകെ ഏഴ് പരാതികളാണ് പരിഗണിച്ചത്. മറ്റു പരാതികൾ അടുത്ത സിറ്റിങിൽ പരിഗണിക്കും.

Tags:    
News Summary - Resolution of three complaints in Minority Commission sitting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.