മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പുനഃസംഘടന നീട്ടി

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പുനഃസംഘടന മാർച്ച് 10നുശേഷം നടക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് പി.എം.എ സലാം അറിയിച്ചു. ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പുകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്തതിനാലാണ് പുനഃസംഘടന നീട്ടിയത്. പുതിയ തീയതി തീരുമാനിച്ചിട്ടില്ല. സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പിന് മാർച്ച് നാലിന് സംസ്ഥാന കൗൺസിൽ ചേരാനാണ് നേരത്തേ ധാരണയായിരുന്നത്.

മാർച്ച് ഒമ്പത്, 10 തീയതികളിൽ ചെന്നൈയിൽ നടക്കുന്ന ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കു ശേഷമാകും സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എറണാകുളം, പത്തനംതിട്ട, ഇടുക്കി, തൃശൂർ ജില്ല കമ്മിറ്റികൾ നേരത്തേ നിശ്ചയിച്ച തീയതിയിൽ പുനഃസംഘടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. നേതാക്കൾക്കിടയിലെ തർക്കമാണ് കാരണം.

എറണാകുളം ജില്ല കമ്മിറ്റി പുനഃസംഘടന ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിൽ കലാശിച്ചിരുന്നു. തുടർന്ന് നിലവിലെ ജില്ല ഭാരവാഹികളുടെ നേതൃത്വത്തിലുള്ള വിഭാഗത്തെയും മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്‍റെ മകനുൾപ്പെടെയുള്ളവരേയും സംസ്ഥാന നേതൃത്വം ബുധനാഴ്ച മലപ്പുറത്തേക്ക് വിളിപ്പിച്ചിരുന്നു. മലപ്പുറം ജില്ല കമ്മിറ്റി ഓഫിസിൽ ഇരുകൂട്ടരുമായി ചർച്ച നടത്തി സമവായത്തിലെത്താനുള്ള ശ്രമത്തിലാണ് നേതൃത്വം. വൈകാതെ തീരുമാനമാകുമെന്ന് പി.എം.എ സലാം അറിയിച്ചു.

പത്തനംതിട്ട ജില്ല കമ്മിറ്റി വ്യാഴാഴ്ച നിലവിൽവരുമെന്ന് അദ്ദേഹം അറിയിച്ചു. തൃശൂർ ജില്ല കമ്മിറ്റി ബുധനാഴ്ചയാണ് നിലവിൽവന്നത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് വനിത ലീഗിലും പ്രശ്നങ്ങളുണ്ട്. ഷെഡ്യൂൾ തെറ്റിയതോടെ സംസ്ഥാന പുനഃസംഘടനയും വൈകി. സംസ്ഥാന കൗൺസിലിൽ പങ്കെടുക്കേണ്ടവരെ അതത് ജില്ല കമ്മിറ്റികളാണ് തീരുമാനിക്കുക. പാർട്ടി ഭരണഘടന പ്രകാരം കൗൺസിൽ അംഗങ്ങൾക്ക് ഒരാഴ്ച മുമ്പെങ്കിലും യോഗം സംബന്ധിച്ച് സംസ്ഥാന കമ്മിറ്റി ഔദ്യോഗിക അറിയിപ്പ് നൽകണം.

പല ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പിലും തർക്കം വന്നതോടെ ഈ നടപടിക്രമങ്ങൾ മുൻ നിശ്ചയിച്ച പ്രകാരം പൂർത്തിയാക്കാനായിട്ടില്ല. ഇതോടെയാണ് സംസ്ഥാന കമ്മിറ്റി പുനഃസംഘടനയും നീട്ടിവെക്കാൻ ലീഗ് നിർബന്ധിതമായത്.

മുസ്‍ലിം ലീഗ് രൂപവത്കരണത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ഈ മാസം ഒമ്പത്, 10 തീയതികളിൽ ചെന്നൈയിൽ നടക്കുന്ന ദേശീയ സമ്മേളനത്തിന്റെ തിരക്കാണ് സംസ്ഥാന പുനഃസംഘടന നീളാൻ കാരണമായി നേതൃത്വം വിശദീകരിക്കുന്നത്.ദേശീയ സമ്മേളനം കഴിഞ്ഞാലുടൻ സംസ്ഥാന കമ്മിറ്റി പുനഃസംഘടന നടത്താനുമാണ് തീരുമാനം.

Tags:    
News Summary - Reorganization of Muslim League State Committee extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.