'നീ ചെയ്യുന്നത് ഞാൻ താങ്ങും, പക്ഷെ നീ താങ്ങില്ല' രാഹുൽ അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്ത്

പാലക്കാട്: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതയുമായി ടെലഗ്രാമിൽ നടത്തിയ ചാറ്റ് പുറത്ത്. പേടിപ്പിക്കാന്‍ നീ അല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട, പേടിക്കാന്‍ ഉദ്ദേശമില്ല, ഇനി അങ്ങോട്ട് ഓരോരുത്തര്‍ക്കും അവരുടെ കുടുംബത്തിനും തിരിച്ചുകൊടുക്കും. നാട്ടിൽ വന്നാൽ കുറെ ആളുകളുമായി ഞാൻ നിന്റെ വീട്ടിൽ വരും. എന്നെല്ലാം രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്ന ചാറ്റാണ് പൊലീസിന് ലഭിച്ചത്.

നീ എന്ത് ചെയ്താലും അതിന്റെ ബാക്കി താൻ ചെയ്യുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്. 'പലതും തുറന്നുപറയാന്‍ തന്നെയാണ് തീരുമാനം. ഞാന്‍ മാത്രം മോശവും ഇവര്‍ പുണ്യാളത്തികളുമായിട്ടുള്ള പരിപാടി ഇനി നടക്കില്ല. നീ ചെയ്യാന്‍ ഉള്ളത് ചെയ്. ബാക്കി ഞാന്‍ ചെയ്‌തോളാം', എന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് രാഹുൽ പറയുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യ പരാതികൾ വന്നതിന് പിറകെ അതേക്കുറിച്ച് മൂന്നാമത്തെ കേസിലെ അതിജീവിത രാഹുലിനോട് ചോദിക്കുന്നുണ്ട്. മറ്റുള്ളവരുടെ ജീവിതം തകർത്തിട്ട് രാഹുൽ സൂപ്പർ ഹീറോ ആകേണ്ടെന്നും യുവതി രാഹുലിനോട് പറയുന്നുണ്ട്. താഴാവുന്നതിൻ്റെ മാക്സിമം താൻ താഴ്ന്നു, ക്ഷമിക്കാവുന്നതിൻ്റെ ലിമിറ്റൊക്കെ പണ്ടേ കഴിഞ്ഞതാണെന്നും യുവതി ചാറ്റിൽ പറയുന്നു.

അങ്ങനെ താൻ മാത്രം മോശം ആകുന്ന പരിപാടി നടക്കില്ലെന്നാണ് രാഹുലിന്‍റഎ മറുപടി.'ഞാൻ എല്ലാത്തിന്റെയും എക്സ്ട്രീം കഴിഞ്ഞു നിൽക്കുകയാണ്. ഒരുമാസം മുന്നേ ആയിരുന്നു ഇതൊക്കെ എങ്കിൽ ഞാൻ മൈൻഡ് ചെയ്യുമായിരുന്നു. നീ എന്ത് ചെയ്താലും അതിന്റെ ബാക്കി ഞാൻ ചെയ്യും, നീ ചെയ്യുന്നത് ഞാൻ താങ്ങും പക്ഷേ നീ താങ്ങില്ല. നാട്ടിൽ വന്നാൽ കുറെ ആളുകളുമായി ഞാൻ നിന്റെ വീട്ടിൽ വരും. അല്ലാതെ ഇങ്ങോട്ടുള്ള ഭീഷണി വേണ്ട. എന്ത് പറഞ്ഞാലും എനിക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ല. ഈ കേസ് കോർട്ടിൽ വരുമ്പോ ഉള്ള അവസ്ഥ നിനക്ക് അറിയാമല്ലോ. അതിൽ പ്രത്യേകിച്ച് ഒന്നുമില്ല. ആരെയാ പേടിപ്പിക്കുന്നേ എല്ലാം തീർന്ന് നിൽക്കുന്ന ഒരാളെ നീ പേടിപ്പിക്കുന്നോ'?. നീ പ്രസ് മീറ്റ് നടത്ത് എന്നും രാഹുല്‍ ചാറ്റില്‍ ഭീഷണി മുഴക്കുന്നുണ്ട്.

നാട്ടിലുള്ള ഒരു സുഹൃത്തുവഴിയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നമ്പർ കിട്ടിയതെന്ന് 31കാരിയായ അതിജീവിത തിരുവനന്തപുരം സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അംഗമായ സബ് ഇൻസ്പെക്ടർ എ.എൽ. പ്രിയക്ക്‌ യുവതി നൽകിയ മൊഴിയിൽ പറയുന്നു.

'നാട്ടിലുള്ള ഒരു സുഹൃത്താണ് രാഹുലിന്റെ നമ്പർ നൽകിയത്. അത് ഫോണിൽ സേവുചെയ്തെങ്കിലും വിളിച്ചില്ല. 2019 മുതൽ കാനഡയിലാണ് ജോലിയും താമസവും. നാട്ടിലുള്ള പിതാവിന് മൊബൈൽഫോൺ ഓർഡർ ചെയ്യുന്നതിനായി 2023 സെപ്റ്റംബറിൽ നാട്ടിലെ ബാല്യകാല സുഹൃത്തായ മറ്റൊരു രാഹുലിന് വാട്സാപ്പുവഴി കൊറിയർ കമ്പനിയുടെ ലിങ്ക് അയച്ചുകൊടുത്തു. എന്നാൽ, സന്ദേശം മാറി രാഹുൽ മാങ്കൂട്ടത്തിലിന്റെ നമ്പറിലേക്കാണ് പോയത്. മനസിലായ ഉടനെ ഇത് ഡിലീറ്റ് ചെയ്തു. എന്നാൽ പിറ്റേദിവസംമുതൽ ഹായ്, ഹലോ എന്നീ മെസേജുകൾ രാഹുൽ അയക്കാൻ തുടങ്ങി. ക്രമേണ പരസ്പരം സംസാരിക്കാൻ തുടങ്ങി. കുടുംബകാര്യമൊക്കെ ചോദിച്ചറിഞ്ഞു. വർഷങ്ങളോളം പരിചയമുള്ളയാളെപ്പൊലെയാണ് സംസാരിച്ചത്.

വിവാഹിതയാണെന്ന് രാഹുലിനോട് വ്യക്തമാക്കിയിരുന്നു. ഭർത്താവിനെക്കുറിച്ചും കുട്ടികളുണ്ടോയെന്നും ചോദിക്കുമായിരുന്നു. കുട്ടികളില്ലാത്തതിന്‍റെ കാരണം ചോദിച്ചപ്പോൾ ദാമ്പത്യത്തിലെ ചില പ്രശ്നങ്ങൾ പറഞ്ഞു. പിന്നീട് ഭർത്താവിനെ ഉപേക്ഷിച്ച് ഇറങ്ങിവരാൻ നിർബന്ധിച്ചു. തനിക്ക് മൂന്നുകുട്ടികളെങ്കിലും വേണമെന്നും ‌പക്ഷേ, തിരക്കുകാരണം അവർക്കുവേണ്ടി സമയംചെലവഴിക്കാൻ സമയംകിട്ടില്ലെന്നും അവർക്ക് നല്ലൊരു അമ്മയെവേണമെന്നും രാഹുൽ പറഞ്ഞതായി യുവതി പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.

അതേസമയം, കേസില്‍ രാഹുലിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിച്ചേക്കും. ഇന്ന് തന്നെ ബലാത്സംഗ കേസിൽ റിമാൻഡിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം അപേക്ഷ നല്‍കും. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. രാഹുൽ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നും കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യണമെന്നും തെളിവെടുപ്പ് നടത്തണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്.

Tags:    
News Summary - Rahul's message threatening survival is out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.