കേരളത്തിൽ വർഗീയ കലാപങ്ങൾക്കും സാമുദായിക സംഘർഷങ്ങൾക്കും തിരികൊളുത്തി സമാധാനാന്തരീക്ഷം തകർക്കാനുള്ള സംഘപരിവാർ-കാസ വെള്ളാപ്പള്ളി കൂട്ടുകെട്ടിന് കടിഞ്ഞാണിടാൻ അടിയന്തിരമായി സർക്കാർ സ്പോൺസേർഡ് നവോത്ഥാന മൂല്യ സംരക്ഷണ സമിതി പിരിച്ചുവിടണമെന്ന് മെക്ക സംസ്ഥാന നേതാക്കൾ മുഖ്യമന്ത്രിയോടും ബന്ധപ്പെട്ട സമിതി ഭാരവാഹികളോടും ആവശ്യപ്പെട്ടു.
ഒരു കോടിയോളം വരുന്ന കേരള മുസ്‌ലിം സമൂഹത്തെയും നേതാക്കളെയും പണ്ഡിതന്മാരെയും ചെറുതും വലുതുമായ മുഴുവൻ സംഘടനകളെയും അടച്ചാക്ഷേപിക്കുന്നതിന് തിരിച്ചടി നേരിടേണ്ടിവരും.
ഇല്ലാത്ത പ്രീണനം എന്ന ഗീബൽസിയൻ നുണ പ്രചരണത്തിലൂടെ പീഢിപ്പിക്കുന്ന പ്രവർത്തനം വെള്ളാപ്പള്ളി അവസാനിപ്പിക്കണം.മഹിതമായ മൂല്യങ്ങൾക്കും സാഹോദര്യത്തിനും സഹവർത്തിത്വത്തിനും അപരിഹാര്യമായ സ്ഥിതിവിശേഷം സംജാതമാകുമെന്നതിനാൽ സത്വര നടപടി അനിവാര്യമാണ്. പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരമുണ്ടാക്കുന്നതിന് ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും ക്രിയാത്മക ഇടപെടൽ നടത്തി പ്രായോഗിക നടപടികൾ സ്വീകരിക്കണം.
അനർഹമായോ അന്യായമായോ കേരള മുസ്‌ലിംകൾ കൈവശം വച്ചിട്ടുള്ള എന്തും തിരിച്ചെടുത്ത് അവ ലഭിക്കാത്ത വിഭാഗങ്ങൾക്ക് നൽകുവാൻ സർക്കാരും ബന്ധപ്പെട്ട അധികാരികളും തയ്യാറാവണം. വിശ്വാസി സമൂഹമെന്ന നിലയിൽ അനർഹമായത് അനുഭവിക്കുവാൻ വിലക്കുള്ള വിഭാഗമാണ് മുസ്‌ലിംകൾ. അപ്രകാരം ഇതര വിഭാഗങ്ങൾ അർഹതക്കും അവകാശങ്ങൾക്കും പുറമെ അധികമായി കയ്യടക്കി വച്ചിട്ടുള്ള സകല വിധ വിഭവങ്ങളും സ്ഥാപനങ്ങളും അധികാര പങ്കാളിത്തവും ആനുപാതികമായി എല്ലാ വിഭാഗങ്ങൾക്കും ഉറപ്പു വരുത്തുവാനും സർക്കാരും മുന്നണികളും നീതിബോധവും സമൂഹ മനസ്സും ഉള്ള മുഴുവൻ ജനവിഭാഗങ്ങളും തയാറാവണമെന്നും മെക്ക സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് പ്രഫ. ഡോ. പി. നസീർ അധ്യക്ഷത വഹിച്ചു. എൻ.കെ. അലി, എം. അഖ് നിസ്, എം.എ ലത്തീഫ്, ടി. എസ്. അസീസ്, എ.എസ്. എ റസാഖ്, ജുനൈദ് കടയ്ക്കൽ, വി.കെ. അലി, എ. മഹ്മൂദ്, അബ്ദുൽ സലാം ക്ലാപ്പന, പി.എസ് അഷറഫ്, മൻസൂർ നെല്ലിക്കൽ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.