ജില്ല, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷാലിറ്റി സേവനം; ആറുമാസത്തിനകം നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്പെഷാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആറുമാസത്തിനകം ഇത് നടപ്പാക്കുമെന്നും ഗുണമേന്മയുള്ള ആരോഗ്യ സേവനം തടസമില്ലാതെ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യഘട്ടമായി എല്ലാ ജില്ലകളിലും ഓരോ ആശുപത്രിയിൽ സേവനം ഉറപ്പാക്കും. ഘട്ടംഘട്ടമായി വ്യാപിപ്പിക്കും. മെഡിസിൻ, സർജറി, ഓർത്തോ, പീഡിയാട്രിക്സ്, ഗൈനക്കോളജി തുടങ്ങിയ സ്പെഷലിറ്റി സേവനങ്ങളാണ് ഉറപ്പാക്കുന്നത്. ഇതോടെ ജനങ്ങൾക്ക് വീടിന് സമീപത്തെ സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭിക്കും. ശസ്ത്രക്രിയ ഉൾപ്പെടെ ജില്ല, ജനറൽ ആശുപത്രികളിൽ രാത്രിയിലും കാര്യക്ഷമമാകുന്നതോടെ മെഡിക്കൽ കോളജുകളിലെ അമിത തിരക്ക് നിയന്ത്രിക്കാനാകും.

രോഗികൾക്ക് ചികിത്സ, മരുന്ന്, കിടക്ക എന്നിവ അവകാശമായി പ്രഖ്യാപിച്ച് രോഗീസൗഹൃദ ആശുപത്രികൾ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് സ്‍പെഷാലിറ്റി സേവനങ്ങൾ 24 മണിക്കൂർ താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നത്. പദ്ധതിയുടെ ഏകോപനത്തിന് ആരോഗ്യവകുപ്പ് അഡ്മിനിസ്ട്രേഷൻ ആൻഡ് ട്രെയിനിങ് വിഭാഗം അഡീഷനൽ ഡയറക്ടർ ഡോ. കെ.എസ്. ഷിനുവിനെ സ്പെഷൽ ഓഫിസറായി നിയമിച്ചു. പദ്ധതി സമയബന്ധിതമായി നടപ്പാക്കാനും പുരോഗതി നിരീക്ഷിച്ച് റിപ്പോർട്ട് സമർപിക്കാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്.

സ്പെഷൽ ഓഫിസറുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ആശുപത്രികളിലെ നിലവിലെ സൗകര്യങ്ങൾ വിലയിരുത്തും. ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കിയാണ് 24 മണിക്കൂറും സ്‍പെഷാലിറ്റി സേവനം ലഭ്യമാക്കുന്നത്. ഇതിനായി ആവശ്യമായ മെഡിക്കൽ, നഴ്സിങ്, പാരാമെഡിക്കൽ ജീവനക്കാരുടെ കണക്കെടുപ്പ് നടത്തി കൃത്യമായി വിന്യസിക്കും. ആശുപത്രികളിൽ ഇതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കും.

Tags:    
News Summary - 24-hour specialty service in district and general hospitals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.