പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കരുത്; റെയിൽവേ മന്ത്രിക്ക് കത്തയച്ച് കേരള എം.പിമാർ

ന്യൂഡൽഹി: സതേൺ റെയിൽവേയിലെ പാലക്കാട് ഡിവിഷനെ വീണ്ടും വെട്ടിമുറിച്ച് ഉള്ളാൾ മുതൽ മംഗലാപുരം വരെയുള്ള ഭാഗം സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനത്തിനെതിരെ കേരളത്തിൽനിന്നുള്ള എം.പിമാരായ കെ. സുധാകരൻ, ഡോ. ജോൺ ബ്രിട്ടാസ്, എം.പി. അബ്ദുസ്സമദ് സമദാനി, ഡോ. വി. ശിവദാസൻ എം.പി എന്നിവർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു.

പാലക്കാട് ഡിവിഷനെ തന്നെ തകർക്കുന്നതും കേരളത്തിന്റെ റെയിൽവേ വികസനത്തിന് കനത്ത തിരിച്ചടിയാകുന്നതുമാണ് റെയിൽവേ ബോർഡിന്റെ നീക്കമെന്ന് ഇരുവരും കത്തിൽ ചൂണ്ടിക്കാട്ടി. ഉയർന്ന ചരക്കു വരുമാനം ലഭിക്കുന്ന മേഖല മാറ്റുന്നതോടു കുടി പാലക്കാട് ഡിവിഷന് നിലവിലുള്ള വരുമാനത്തിൽ 60 ശതമാനം കുറവുണ്ടാകുമെന്ന് സുധാകരൻ കത്തിൽ പറയുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ റെയിൽവേ ഡിവിഷനുകളിലൊന്നായ പാലക്കാട് ഡിവിഷൻ സംരക്ഷിക്കപ്പെടണമെന്ന് മന്ത്രിക്കയച്ച കത്തിൽ ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു. 1956ൽ രൂപവത്കരിക്കുമ്പോൾ 1,247.58 റൂട്ട് കിലോമീറ്റർ അധികാരപരിധിയുണ്ടായിരുന്ന പാലക്കാട് ഡിവിഷൻ, പലപ്പോഴായി വിഭജിക്കപ്പെട്ട് ഇപ്പോൾ വെറും ഏകദേശം 582.7 റൂട്ട് കിലോമീറ്ററായി ചുരുങ്ങിയിരിക്കുകയാണ്. 2007ൽ സേലം ഡിവിഷൻ രൂപീകരിച്ചപ്പോഴാണ് ഏറ്റവും വലിയ നഷ്ടം പാലക്കാട് ഡിവിഷന് ഉണ്ടായത് -ഏകദേശം 550 റൂട്ട് കിലോമീറ്റർ.

നിലവിൽ രാജ്യത്തെ ഏറ്റവും ചെറിയ പത്ത് റെയിൽവേ ഡിവിഷനുകളിലൊന്നായ പാലക്കാടിന്റെ നിലനിൽപ്പ് പുതിയ വിഭജനത്തോടെ കൂടുതൽ ദുർബലമാകും. ഇപ്പോൾ പാലക്കാട് ഡിവിഷന്റെ ചരക്ക് വരുമാനത്തിന്റെ 90 ശതമാനത്തിലധികവും ആകെ വരുമാനത്തിന്റെ പകുതിയിലധികവും ലഭിക്കുന്നത് മംഗലാപുരം മേഖലയിൽ നിന്നാണ്. ഈ ഭാഗം കൈമാറുന്നതോടെ ഡിവിഷന് പ്രതിവർഷം 1,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

റെയിൽവേയുടെ പാലക്കാട് ഡിവിഷനിൽനിന്ന് മംഗലാപുരം പ്രദേശത്തെ നീക്കാനുള്ള റെയിൽവേ ബോർഡിന്‍റെ തീരുമാനം കേരളത്തിനും റെയിൽവേയുടെ പൊതുതാൽപര്യത്തിനും ഏറെ ഹാനികരമാണെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി പ്രതികരിച്ചു. റെയിൽവേ സംബന്ധമായി ഇനിയും ഒട്ടേറെ ആവശ്യങ്ങളുള്ള സംസ്ഥാനത്തെ ജനങ്ങൾക്ക് വിവേചനപരമായ നീക്കമായി മാത്രമേ ഈ തീരുമാനത്തെ കാണാൻ കഴിയുകയുള്ളൂ. സംസ്ഥാനത്തെ റെയിൽവേ യാത്രക്കാരുടെയും ജീവനക്കാരുടെയും ക്ഷേമത്തെ പിറകോട്ടടിപ്പിക്കുന്ന ഈ തീരുമാനം അടിയന്തിരമായി പുന:പരിശോധിച്ച അത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും റെയിൽവേ ബോർഡ് ചെയർമാൻ സതീഷ് കുമാറിനും ഇ-മെയിൽ സന്ദേശമയച്ചു.

നിലവിൽ പാലക്കാട് ഡിവിഷന്‍റെ അഭിവാജ ഘടകമാണ് മംഗലാപുരം. അതിനാൽ തന്നെ ഈ തീരുമാനം കേരളത്തിന്‍റെ റെയിൽവേ സ്വപ്നങ്ങളെ തകർക്കും. ഈ മേഖലയിലെ റെയിൽവേ ജീവനക്കാർക്ക് അത് ഒട്ടേറെ പ്രയാസങ്ങൾ സൃഷ്ടിക്കും. ഏറെക്കാലമായി ക്ഷേമകരമായി നിലനിന്നുപോന്ന ഒരു പാരമ്പര്യം കൂടിയാണ് ഇതിലൂടെ അലങ്കോലമായിത്തീരുന്നത്. മലയാളികൾ ധാരാളമായി അധിവസിക്കുന്ന മംഗലാപുരം ആരോഗ്യ, വിദ്യാഭ്യാസ മേഖലകളടക്കമുള്ള വിവിധ കാര്യങ്ങൾക്ക് സംസ്ഥാനത്തെ ജനങ്ങൾ ആശ്രയിക്കുന്ന പ്രദേശം കൂടിയാണ്. വിശേഷിച്ചും ഉത്തര കേരളത്തിലെ ജനങ്ങൾ നിരന്തരം യാത്ര ചെയ്യുന്ന പ്രദേശം കൂടിയാണ് മംഗലാപുരം.

യാത്രക്കാർക്കും ജീവനക്കാർക്കും റെയിൽവേക്ക് തന്നെയും അനാരോഗ്യകമായ അനന്തരഫലങ്ങൾ സൃഷ്ടിക്കുന്ന ഈ തീരുമാനം പിൻവലിച്ച് പാലക്കാട് ഡിവിഷന്റെ സ്വാഭാവികമായ സ്ഥിതിവിശേഷം തുടരാൻ അനുവദിക്കണമെന്നും സമദാനി ആവശ്യപ്പെട്ടു.

Tags:    
News Summary - Palakkad division; Sudhakaran, Brittas and Samadani write to Railway Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.